കണ്ണൂരില്‍ വീണ്ടും സിപിഎം ആക്രമണം; കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റിന്റെ വീട് അടിച്ചു തകര്‍ത്തു

സിപിഎം നേതൃത്വത്തില്‍ പ്ലാന്‍ ചെയ്ത് നടപ്പിലാക്കുന്ന ക്രൂരതകള്‍ ആരെയും ഞെട്ടിപ്പിക്കുന്നതാണെന്നും ജയാനന്ദിന്റെ വീട് തകര്‍ക്കുകയും വീട്ട് വളപ്പിലെ മുഴുവന്‍ ഫലവൃക്ഷങ്ങളും നശിപ്പിക്കുകയും ചെയ്ത നടപടി സമാനതകളില്ലാത്ത ക്രൂരതയാണെന്നും ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു.

Update: 2021-04-08 13:29 GMT

കണ്ണൂര്‍: മുസ് ലിംലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതിന് പിന്നാലെ കണ്ണൂരില്‍ വീണ്ടും സിപിഎം ആക്രമണം. കോണ്‍ഗ്രസ്സ് പ്രദേശിക നേതാവിന്റെ വീടിന് നേരെയാണ് സിപിഎം ആക്രമണം അഴിച്ചുവിട്ടത്.

താഴെ ചൊവ്വയില്‍ എഴുത്തി മൂന്നാം നമ്പര്‍ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി പ്രസിഡന്റ് പി ജയാനന്ദിന്റെ താഴെ ചൊവ്വയിലെ 'ഗോകുലം' വീടിന് നേരെ സംഘടിച്ചെത്തിയ സിപിഎം പ്രവര്‍ത്തകര്‍ ആക്രമണം നടത്തി.

വീടിന്റെ ജനല്‍ ചില്ലുകള്‍ മുഴുവന്‍ അടിച്ചുതകര്‍ക്കുകയും വീട്ട് വളപ്പിലെ തെങ്ങിന്‍ തൈകളും വാഴകളും പ്ലാവും മറ്റ് എല്ലാ ഫലവൃക്ഷങ്ങളും വ്യാപകമായി വെട്ടി നശിപ്പിക്കുകയും ചെയ്തു.

റിട്ടയേഡ് ബാങ്ക് മാനേജരായ ജയാനന്ദ് കോണ്‍ഗ്രസ് സംഘടനാ രംഗത്ത് സജീവമാവുന്നതിന്റെയും തിരഞ്ഞടുപ്പ് ദിവസം ബൂത്ത് ഏജന്റായി പ്രവര്‍ത്തിച്ചതിന്റെയും വിരോധത്തില്‍ ആണ് സിപിഎം ആക്രമണം നടത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പന്നേന്‍ പാറയില്‍ താമസിക്കുന്ന അദ്ദേഹം ഇന്ന് ഉച്ചയോടെ താഴെ ചൊവ്വയിലെ വീട്ടില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ആണ് വീട് പൂര്‍ണ്ണമായും അടിച്ച് തകര്‍ത്തതും മറ്റ് നാശനഷ്ടങ്ങളും ശ്രദ്ധയില്‍പ്പെട്ടത്.

സിപിഎം നേതൃത്വത്തില്‍ പ്ലാന്‍ ചെയ്ത് നടപ്പിലാക്കുന്ന ക്രൂരതകള്‍ ആരെയും ഞെട്ടിപ്പിക്കുന്നതാണെന്നും ജയാനന്ദിന്റെ വീട് തകര്‍ക്കുകയും വീട്ട് വളപ്പിലെ മുഴുവന്‍ ഫലവൃക്ഷങ്ങളും നശിപ്പിക്കുകയും ചെയ്ത നടപടി സമാനതകളില്ലാത്ത ക്രൂരതയാണെന്നും ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു.

ഭരണത്തിന്റെ തണലില്‍ പേ പിടിച്ച തെരുവ് പട്ടികളെപ്പോലെ ക്രിമിനല്‍ സംഘം നാട്ടിലാകെ ഭീതി പരത്തി അക്രമം നടത്തി മുന്നോട്ട് പോകുന്നത് നിയമപാലകര്‍ കൈയ്യും കെട്ടി നോക്കി നില്ക്കരുതെന്നും ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും,പോലിസ് അനങ്ങാപാറ നയം സ്വീകരിച്ചാല്‍ ശക്തമായ പ്രക്ഷോഭ പരിപാടിയുമായി മുന്നോട്ട് പോകുമെന്നും തകര്‍ക്കപ്പെട്ട വീട് സന്ദര്‍ശിച്ചതിന് ശേഷം സതീശന്‍ പാച്ചേനി പ്രസ്താവനയില്‍ പറഞ്ഞു.

Tags:    

Similar News