തുടർഭരണം സിപിഎം ഹൈജാക്ക് ചെയ്തു; കൃഷി, റവന്യൂ വകുപ്പിനെതിരേയും സിപിഐ പ്രവർത്തന റിപോർട്ട്
രാജ്യത്ത് ആദ്യമായി കർഷകരുടെ ക്ഷേമത്തിനായി ക്ഷേമബോർഡ് രൂപീകരിച്ചെങ്കിലും പ്രവർത്തനം തുടങ്ങാൻ കഴിയാത്തതിൽ കർഷകർ അതൃപ്തിയിലാണെന്ന വിഷയം ഉന്നയിച്ചാണ് പ്രസാദിനെതിരേ തൃശൂർ ജില്ലാ ഘടകം ഒളിയമ്പെയ്തത്.
തൃശൂർ: സിപിഎമ്മിനെതിരേയും സിപിഐ കൈകാര്യം ചെയ്യുന്ന റവന്യൂ, കൃഷി വകുപ്പുകൾക്കെതിരേയും സിപിഐ തൃശൂർ ജില്ലാ സമ്മേളന റിപോർട്ട്. ഇത് ആദ്യമായാണ് സ്വന്തം മന്ത്രിമാർക്കെതിരേ സിപിഐയിൽ നിന്ന് തന്നെ ഔദ്യോഗിക വിമർശനം ഒരു സമ്മേളന റിപോർട്ടിൽ ഇടംപിടിക്കുന്നത്. സംസ്ഥാനത്തെ സിപിഐയുടെ ശക്തി കേന്ദ്രത്തിൽ നിന്നുതന്നെയുള്ള ഈ വിമർശനം റവന്യൂ മന്ത്രിക്കും കൃഷി മന്ത്രിക്കും ഏറെ ദോഷം ചെയ്തേക്കുമെന്നാണ് റിപോർട്ട്.
രണ്ടാം പിണറായി സർക്കാരിനെതിരേയും സിപിഎമ്മിനെതിരേയും അടിമുടി വിമർശനമാണ് പ്രവർത്തന റിപോർട്ടിലൂടെ ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നത്. ഒന്നാമൂഴത്തിന്റെ സദ്ഫലങ്ങളെ ശക്തിപ്പെടുത്തി അതിന്റെ അടിത്തറയിൽ ഒരു നവകേരളം പടുത്തുകർത്തുകയെന്നതാണ് രണ്ടാം ജനകീയ സർക്കാറിന്റെ ലക്ഷ്യം. എന്നാൽ, രണ്ടാമൂഴം ലഭിച്ച് ഒരു വർഷം കഴിഞ്ഞിട്ടും ജനങ്ങളുടെ പ്രതീക്ഷക്കൊത്തുയരാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് സമ്മേളന റിപോർട്ടിൽ കുറ്റപ്പെടുത്തുന്നു.
കൃഷി മന്ത്രി പി പ്രസാദിനെതിരേ പരോക്ഷമായി പ്രവർത്തന റിപോർട്ടിലൂടെ വിമർശനം ഉയർന്നത് സംസ്ഥാന നേതൃത്വം ഗൗരവതരമായാണ് കാണുന്നത്. രാജ്യത്ത് ആദ്യമായി കർഷകരുടെ ക്ഷേമത്തിനായി ക്ഷേമബോർഡ് രൂപീകരിച്ചെങ്കിലും പ്രവർത്തനം തുടങ്ങാൻ കഴിയാത്തതിൽ കർഷകർ അതൃപ്തിയിലാണെന്ന വിഷയം ഉന്നയിച്ചാണ് പ്രസാദിനെതിരേ തൃശൂർ ജില്ലാ ഘടകം ഒളിയമ്പെയ്തത്.
റവന്യൂ വകുപ്പിലെ ഡിജിറ്റലൈസേഷനെ അംഗീകരിക്കുമ്പോഴും വൻകിടക്കാർ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചു പിടിക്കാൻ ചില ശ്രമങ്ങൾ നടത്തിയെങ്കിലും കാര്യമായൊന്നും നടന്നില്ലെന്ന വിമർശനം കെ രാജന് പ്രവർത്തന റിപോർട്ടിലൂടെ ഏൽക്കേണ്ടി വന്നുവെന്നത് യാദൃശ്ചികമല്ല. കാനം പക്ഷത്തെ ഏറ്റവും വിശ്വസ്തനാണ് കെ രാജൻ, അതുകൊണ്ട് തന്നെ കെ ഇ ഇസ്മായിൽ പക്ഷത്തിന് കീഴിലുള്ള തൃശൂർ ജില്ലാ ഘടകം റവന്യൂ വകുപ്പിലെ കെടുകാര്യസ്തതയെ ആയുധമാക്കുകയായിരുന്നു.
കരുവന്നൂർ പോലുള്ള ലജ്ജാകരമായ സംഭവങ്ങൾ കേരളത്തിന്റെയും സഹകരണ പ്രസ്ഥാനങ്ങളുടേയും യശസ്സിന് തീരാകളങ്കമായി മാറി. ബിജെപി സർക്കാർ സഹകരണ സ്ഥാപനങ്ങളെ കോർപറേറ്റ് താൽപര്യങ്ങൾക്ക് വേണ്ടി കടന്നാക്രമിക്കുന്ന കാലത്താണ് ഇത് നടക്കുന്നത്. സിപിഎം ഭരിക്കുന്ന ഭൂരിഭാഗം സഹകരണ സ്ഥാപനങ്ങളിലും പ്രവർത്തനങ്ങൾ സുതാര്യമല്ല. ഭരണസമിതികളിലെ ജനാധിപത്യം നാമമാത്രമായെന്നുമുള്ള കടന്നാക്രമണവും സിപിഎമ്മിനെതിരേ ഉണ്ടായി.
ഭരണ നേതൃത്വം കെ റെയിൽ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിച്ചു. കെ റെയിലിനെതിരായി നടന്ന പ്രക്ഷോഭത്തെ നേരിടുന്നതിൽ പോലിസ് എടുത്ത സമീപനവും രീതിയും മഞ്ഞക്കുറ്റി കുഴിച്ചിടാൻ കാണിച്ച അനാവശ്യ ധൃതിയും എരിതീയിൽ എണ്ണയൊഴിക്കുന്നതായിരുന്നു. സിപിഐ പ്രവർത്തന റിപോർട്ടിലെ ഈ നിലപാടിന് വിരുദ്ധമായാണ് നേരത്തേ കെ റെയിൽ വിഷയത്തിൽ റവന്യൂ മന്ത്രി കെ രാജൻ പ്രതികരിച്ചിരുന്നത്.
ലോകശ്രദ്ധ നേടിയ സ്ത്രീശാക്തീകരണ പ്രസ്ഥാനമാണ് കുടുംബശ്രി. പങ്കാളിത്ത ജനാധിപത്യത്തിന്റെ കടമപോലും നിർവഹിക്കാൻ കഴിയാത്ത വിധമുള്ള ഇടപെടലാണ് സിപിഎം നടത്തുന്നത്. കള്ള് ചെത്ത് വ്യവസായത്തെ സംരക്ഷിക്കാൻ സർക്കാർ ടോഡി ബോർഡ് രൂപീകരിക്കാൻ നിയമം പാസാക്കിയെങ്കിലും ഇതുവരേയും നടപ്പാക്കിയിട്ടില്ല. അതേസമയം വിദേശമദ്യത്തിന് പ്രാധാന്യം നൽകുന്നു തുടങ്ങിയ സർക്കാർ വിമർശനവും പ്രവർത്തന റിപോർട്ടിൽ ഇടംപിടിച്ചിട്ടുണ്ട്.
പ്രവർത്തന റിപോർട്ടിൻമേലുള്ള ഗ്രൂപ്പ് ചർച്ചകളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇതിന് പിന്നാലെ വിവിധ മണ്ഡലങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പ്രവർത്തന റിപോർട്ടിൻമേലുള്ള ചർച്ചയിൽ പങ്കെടുക്കും. ഇതുവരെ സമ്മേളനം നടന്ന ഒമ്പതിടങ്ങളിലും കൃഷി, റവന്യൂ മന്ത്രിമാർ രൂക്ഷ വിമർശനത്തിന് വിധേയമായിരുന്നു.