വികസന രേഖയെക്കുറിച്ച് തെറ്റായ പ്രചരണം; പിന്നില്‍ തുടര്‍ഭരണം ലഭിച്ചത് ഇഷ്ടപ്പെടാത്തവര്‍: കൊടിയേരി ബാലകൃഷ്ണന്‍

പാര്‍ടി അംഗീകരിക്കുന്ന കാഴ്ചപ്പാട് പാര്‍ട്ടി പരിപാടിക്ക് അനുസൃതമായിരിക്കും.ഇത് എന്താണെന്ന് മനസിലാക്കാത്ത ആളുകളാണ് തെറ്റായ പ്രചരണം നടത്തുന്നത്.ആധുനിക സാങ്കേതിക വിദ്യ സ്വായത്തമാക്കുന്നതിനും ഉല്‍പ്പാദന ക്ഷമത വര്‍ധിപ്പിക്കുന്നതിനും വേണ്ടി തിരഞ്ഞെടുക്കപ്പെട്ട ചില മേഖലകളില്‍ വിദേശ പ്രത്യക്ഷ നിക്ഷേപം അനുവദിക്കും എന്ന് പാര്‍ട്ടി പരിപാടിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു

Update: 2022-03-02 10:50 GMT

കൊച്ചി: കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് സിപിഎം മുന്നോട്ടു വെച്ചിരിക്കുന്ന നയരേഖയെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തുകയാണെന്നും എല്‍ഡിഎഫിന് തുടര്‍ ഭരണം ലഭിച്ചത് ഇഷ്ടപ്പെടാത്തവരാണ് ഇതിന് പിന്നിലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ മൂലമാണ് തുടര്‍ ഭരണം ലഭിച്ചത്.ഇത് അവര്‍ തിരിച്ചറിയുന്നുമുണ്ട്.അതുകൊണ്ട് തന്നെ യുഡിഎഫും ബിജെപിയും വിപ്ലവകാരികളെന്ന് സ്വയം വിശേഷിപ്പിക്കുന്ന വര്‍ഗ്ഗീയ ശക്തികളും സംഘടിതമായ ആക്രമണങ്ങള്‍ നടത്തുകയാണ്.ഇവരാണ് തെറ്റായ പ്രചരണത്തിന് പിന്നിലുള്ളതെന്നും പുകമറ സൃഷ്ടിക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും കൊടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

പാര്‍ടി അംഗീകരിക്കുന്ന കാഴ്ചപ്പാട് പാര്‍ട്ടി പരിപാടിക്ക് അനുസൃതമായിരിക്കും.ഇത് എന്താണെന്ന് മനസിലാക്കാത്ത ആളുകളാണ് തെറ്റായ പ്രചാരണം നടത്തുന്നത്.ജനകീയ ജനാധിപത്യ വിപ്ലവമാണ് പാര്‍ട്ടി പരിപാടി വ്യക്തമാക്കിയിട്ടുള്ളത്.ഇത് പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ നടപ്പിലാക്കുന്ന പരിപാടി സംബന്ധിച്ചാണ് പാര്‍ടി പരിപാടി വിശദീകരിക്കുന്നതെന്നും കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.ആധുനിക സാങ്കേതിക വിദ്യ സ്വായത്തമാക്കുന്നതിനും ഉല്‍പ്പാദന ക്ഷമത വര്‍ധിപ്പിക്കുന്നതിനും തിരഞ്ഞെടുക്കപ്പെട്ട ചില മേഖലകളില്‍ വിദേശ പ്രത്യക്ഷ നിക്ഷേപം അനുവദിക്കും എന്ന് പാര്‍ട്ടി പരിപാടിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.സമ്പദ് ഘടനയുടെ മൊത്തത്തിലുളള താല്‍പ്പര്യത്തിനെതിരെ വരുന്ന മൂലധനങ്ങളെ സ്വീകരിക്കില്ല എന്നതാണ് കാഴ്ചപ്പാട്.പുതിയ രേഖയിലെ കാഴ്ചപ്പാട് സംസ്ഥാനത്തിന്റെ താല്‍പ്പര്യം ഹനിക്കാത്ത വിധത്തിലുള്ള വായ്പകള്‍ സ്വീകരിക്കാമെന്നാണെന്നും കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ജനങ്ങള്‍ ഏല്‍പ്പിച്ച ഉത്തരവാദിത്വം ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്നതിനാണ് സര്‍ക്കാര്‍ ചെയ്യുന്നത്.നവകേരളത്തിനായുള്ള പാര്‍ട്ടി കാഴ്ചപ്പാടാണ് വികസന നയരേഖ.സിപിഎം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച വികസന നയരേഖ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ചു.ഇതിന്മേലുള്ള വിശദമായ ചര്‍ച്ച നാളെ സമ്മേളനത്തില്‍ നടക്കും. ഇതില്‍ നിന്നും ഉരുത്തിരിയുന്ന ഭേദഗതികള്‍ കൂടി കണക്കിലെടുത്ത് പുതിയ സംസ്ഥാന കമ്മിറ്റി രേഖയ്ക്ക് അന്തിമ രൂപം നല്‍കും.വിവിധ മേഖലകളിലെ വിദഗ്ദരുമായി അഭിപ്രായം പങ്കുവെയ്ക്കും.എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യും.പൊതുവായ ധാരണ രൂപപ്പെടുത്തിയതിനു ശേഷം സര്‍ക്കാരിന്റെ പ്രവര്‍ത്തന പദ്ധതികളില്‍ ഇക്കാര്യം ഉള്‍പ്പെടുത്തി മുന്നോട്ടു പോകണമെന്നാണ് പാര്‍ട്ടി നിര്‍ദ്ദേശിക്കുന്നതെന്നും കൊടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.കേരള വികസനത്തിനായി പൊതുവായ പരിപാടി രൂപപ്പെടുത്തി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.ഇതില്‍ പാവപ്പെട്ടവര്‍ക്ക് പ്രത്യേക പരിഗണന ഉള്ള സമീപനമായിരിക്കും.ഇത് എല്ലാ ഘട്ടത്തിലും പാര്‍ട്ടി ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. അതില്‍ ഒരു വ്യതിയാനവും ഈ രേഖ വഴി വരുത്തില്ലെന്നും കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

നയരേഖ പാര്‍ട്ടിയുടെ പൊതുവായ സമീപനത്തിനെതിരാണെന്നാണ് പ്രചരിപ്പിക്കുന്നത്.പാര്‍ട്ടി കേന്ദ്രനയത്തിനെതിരാണ് വികസന രേഖയെന്ന പ്രചരണം അടിസ്ഥാന രഹിതമാണ്.രണ്ടും തമ്മില്‍ ഒരു വൈരുധ്യവുമില്ല.നാലു ഭാഗങ്ങളുള്ള രേഖയാണ് അവതരിപ്പിച്ചിരിക്കുന്നത്.സര്‍ക്കാരുകളെ നയിക്കുന്നതില്‍ പാര്‍ട്ടി നടത്തിയിട്ടുള്ള ഇടപെടലുകളാണ് ആദ്യഭാഗത്തുള്ളത്.യുഡിഎഫിന്റെ കാലഘട്ടം ഇവിടെ ഒന്നും നടക്കില്ലെന്ന മനോഭാവമായിരുന്നു.എന്നാല്‍ അത് മാറ്റാന്‍ എല്‍ഡിഎഫിന് കഴിഞ്ഞു.കേരളത്തിന്റെ അടിസ്ഥാന ജനവിഭാഗത്തിന്റെ താല്‍പര്യം സംരക്ഷിച്ചുകൊണ്ട് കേരളത്തിന്റെ പൊതുവായ വികസനം എങ്ങനെ മുന്നോട്ടു കൊണ്ടുപോയി എന്നതാണ് രണ്ടാം ഭാഗം വിശദീകരിക്കുന്നത്.മൂന്നാം ഭാഗത്ത് നവകേരള സൃഷ്ടിക്കായി പാര്‍ട്ടി മുന്നോട്ടുവെയ്ക്കുന്ന നിര്‍ദ്ദേശങ്ങളാണ് പൊതുവായി അവതരിപ്പിച്ചിട്ടുള്ളത്.

അടുത്ത 25 വര്‍ഷം കൊണ്ട് കേരളത്തിലെ ജീവിത നിലവാരം രാജ്യാന്തര തലത്തില്‍ തന്നെ വികസിത രാജ്യങ്ങള്‍ക്കൊപ്പം ഉയര്‍ത്തണം എന്നതാണ് രേഖ ലക്ഷ്യമിടുന്നത്.അടിസ്ഥാന ജനവിഭാഗത്തിന്റെ ജീവിതം മുന്നോട്ടു നയിക്കാന്‍ സവിശേഷമായ ഇടപെടല്‍ വേണം.ശാസ്ത്ര സാങ്കേതിക വിദ്യയുടെ വികസനത്തെ ഉപയോഗപ്പെടുത്തി ഉല്‍പ്പാദനം വര്‍ധിപ്പിച്ച് നീതിയുക്തമായി വിതരണം ചെയ്യുന്ന പൊതു സമീപനമാണ് മുന്നോട്ടുവെയ്ക്കുന്നതെന്നും കൊടിയേരി ബാലൃഷ്ണന്‍ വ്യക്തമാക്കി.ഇതിനായി പുതിയ യന്ത്രങ്ങള്‍ സാങ്കേതിക വിദ്യ,തൊഴില്‍ പ്രാവീണ്യമുള്ള തൊഴിലാളികള്‍ ഇവരെയെല്ലാം രൂപപ്പെടുത്തണമെന്നതാണ് കാഴ്ചപ്പാട്.നാടിന് ചേര്‍ന്ന സാങ്കേതി വിദ്യ രൂപപ്പെടുത്തി ലോകത്തെമ്പാടുമുള്ള വിജ്ഞാനത്തെയും പുതിയ വൈജ്ഞാനിക സാധ്യതകളെയും ഉപയോഗപ്പെടുത്തി മുന്നോട്ടു പോകണം.എങ്കില്‍ മാത്രമെ ഇപ്പോള്‍ നടപ്പിലാക്കിയ ക്ഷേമപദ്ധതികള്‍ ഉള്‍പ്പെടെ നിലനിര്‍ത്താന്‍ കഴിയുവെന്നും കൊടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

വൈജ്ഞാനിക രംഗത്ത് വമ്പിച്ച കുതിച്ചു ചാട്ടം ഉണ്ടാകണം.ഇതിന് ഉന്നത വിദ്യാഭ്യാസ മേഖല കൂടുതല്‍ ശക്തിപ്പെടുത്തണം.സര്‍വ്വകലാശാലയുടെ വിജ്ഞാനത്തെ ഉല്‍പ്പാദന മേഖലയുമായി ബന്ധപ്പെടുത്തണം.അറിവുകളെ പ്രയോഗവല്‍ക്കരിക്കണം. ജനതയുടെ സാമൂഹ്യ ബോധവും ചരിത്ര ബോധവും മാനവിക മൂല്യവും വികസിപ്പിക്കണം. ഭരണ സംവിധാനത്തെ ജനസൗഹൃദമായി മാറ്റുന്ന അവസ്ഥയുണ്ടാകണം.പരമ്പരാഗതവ്യവസായങ്ങളെ ആധുനിക വല്‍ക്കരിക്കണം.ഇന്നത്തെ നിലയില്‍ പോയാല്‍ പരമ്പരാഗത വ്യവസായങ്ങള്‍ ഒന്നും തന്നെ ഇവിടെയുണ്ടാകില്ല.എല്ലാം ഇതര സംസ്ഥാനങ്ങളിലേക്ക് പോകും.ഇതില്‍ തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തണം.വികസനത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സഹകരണ സ്ഥാപനങ്ങള്‍ക്കും വലിയ പങ്കാളിത്തമുണ്ട്.ഇന്നത്തെ പ്രദേശിക സ്വയം ഭരണ സ്ഥാപനങ്ങളും സഹകരണ മേഖലയും ഒന്നിച്ചു പ്രവര്‍ത്തിക്കണം.

കേരളത്തിലെ സാമ്പത്തിക അവസ്ഥ കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയം മൂലം പ്രതിസന്ധിയിലാണ്.ഇത് കേരളത്തിന്റെ വികസനത്തിന് തടസമാണ്. ഈ സാഹചര്യത്തില്‍ കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ദുര്‍ബ്ബലപ്പെടാതിരിക്കാന്‍ കേരളത്തിന്റെ താല്‍പര്യങ്ങള്‍ക്ക് ഹാനികരമല്ലാത്ത മറ്റു വായ്പകള്‍ സ്വീകരിക്കണം.ഇതിന് വ്യക്തമായ കാഴ്ചപ്പാടുണ്ടാകണം.രേഖയുടെ നാലാംഭാഗത്ത് പാര്‍ട്ടി എങ്ങനെ ഇടപെടണമെന്നാണ് വ്യക്തമാക്കുന്നതെന്നും കൊടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.പൊതുമേഖല സ്ഥാപനങ്ങളെ വില്‍ക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ തുടരുന്നത്.കേരളത്തില്‍ ഇത്തരത്തില്‍ ഒരു പൊതുമേഖല സ്ഥാപനവും വില്‍ക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല.

കശുവണ്ടി,കയര്‍ അടക്കമുള്ള കേരളത്തില്‍ പരമ്പരാഗത വ്യവസായ മേഖകള്‍ ചില പ്രശ്‌നങ്ങള്‍ നേരിടുന്നുന്നുണ്ട്.തൊഴിലാളി സംഘടനുകളുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കും.സഹകരണ മേഖലയ്ക്ക് വലിയ സാധ്യതയാണ് കേരളത്തില്‍ ഉള്ളത്.ഇത് പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തിയിട്ടില്ല. കേരളത്തിന്റെ അടിസ്ഥാന മേഖലയില്‍ പശ്ചാത്തല സൗകര്യ വികസനത്തിന്റെ ദൗര്‍ബല്യങ്ങള്‍ തിരുത്തിക്കൊണ്ട് മുന്നോട്ടു പോകുന്നതിന് കഴിഞ്ഞ സര്‍ക്കാര്‍ അടിസ്ഥാനമിട്ടിരുന്നു.ഈ അനുഭവം കൂടി സാംശീകരിച്ചാണ് കേരള വികസനം സംബന്ധിച്ച പുതിയ കാഴ്ചപ്പാട് പാര്‍ട്ടി മുന്നോട്ടു വെയ്ക്കുന്നതെന്നും കൊടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.നാടിന്റെ താല്‍പര്യങ്ങളെ ഹനിച്ചുകൊണ്ടുള്ള സ്ഥാപനങ്ങളല്ല ഇവിടെ തുടങ്ങേണ്ടത്.സ്വകാര്യ മേഖല ഉള്‍പ്പെടെ പൊതുനയത്തിന് കീഴില്‍ കൊണ്ടുവരികയെന്നതാണ് രേഖ മുന്നോട്ടുവെയ്ക്കുന്ന കാഴ്ചപ്പാടെന്നും കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Tags:    

Similar News