സിപിഎം നേതാവും എഴുത്തുകാരനുമായ സുനീത് ചോപ്ര അന്തരിച്ചു

Update: 2023-04-04 13:56 GMT

ന്യൂഡല്‍ഹി: സിപിഎം മുന്‍ കേന്ദ്രകമ്മിറ്റിയംഗവും അഖിലേന്ത്യാ കര്‍ഷക തൊഴിലാളി യൂനിയന്‍ നേതാവും എഴുത്തുകാരനുമായ സുനീത് ചോപ്ര അന്തരിച്ചു. 81 വയസ്സായിരുന്നു. കലാ നിരൂപകനും കവിയുമായിരുന്ന അദ്ദേഹം ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണപ്പെട്ടത്. 1941 ഡിസംബര്‍ 24ന് ലാഹോറിലാണ് ചോപ്രയുടെ ജനനം. ഡല്‍ഹിയിലെ മോഡേണ്‍ സ്‌കൂള്‍, സെന്റ് കൊളംബസ് സ്‌കൂള്‍, കല്‍ക്കട്ട സെന്റ് സേവ്യേഴ്‌സ് കോളജ് എന്നിവിടങ്ങളിലെ പഠനശേഷം ലണ്ടന്‍ സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഓറിയന്റല്‍ ആന്റ് ആഫ്രിക്കന്‍ സ്റ്റഡീസില്‍ വിദ്യാര്‍ഥിയായിരിക്കെയാണ് രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയത്. പഠനം പൂര്‍ത്തിയാക്കിയശേഷം ഫലസതീനിലേക്ക് പോയി ഫലസ്തീന്‍ വിമോചന പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു. പിന്നീട് ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ പ്രാദേശിക വികസന പഠനം തുടങ്ങുകയും സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമാവുകയും ചെയ്തു. ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂനിയന്റെ ഭരണഘടന എഴുതിയുണ്ടാക്കിയതില്‍ ഒരാളാണ്. 1980ല്‍ ഡിവൈഎഫ്‌ഐ രൂപീകരിച്ചപ്പോള്‍ ആദ്യ ഖജാഞ്ചിയായിരുന്നു. 1995ല്‍ സിപിഎം കേന്ദ്ര കമ്മിറ്റിയംഗമായി. 1991മുതല്‍ 2023വരെ അഖിലേന്ത്യാ കര്‍ഷക ത്തൊഴിലാളി യൂനിയന്റെ ജോയിന്റെ സെക്രട്ടറിയായിരുന്നു. ഇന്ത്യയിലെ പ്രമുഖ കലാനിരൂപകരിലൊരാളായിരുന്ന സുനീത് ചോപ്രയുടെ പംക്തി മിക്ക ദേശീയ പത്രങ്ങളിലും പ്രസിദ്ധീകരിച്ചിരുന്നു. സുനീത് ചോപ്രയുടെ നിര്യാണത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ളവര്‍ അനുശോചിച്ചു.

Tags:    

Similar News