ആര്‍എസ്എസ് സ്വാധീനം മനസ്സിലാക്കുന്നതില്‍ പാര്‍ട്ടി പരാജയം; ബിജെപിക്ക് പകരം മറ്റ് പാര്‍ട്ടികളെ എതിര്‍ക്കുന്നുവെന്നും സിപിഎം സംഘടന റിപ്പോര്‍ട്ട്

ആര്‍എസ്എസ്സിനെക്കുറിച്ചുള്ള പഠനം പാര്‍ട്ടി ക്ലാസില്‍ നിര്‍ബന്ധമാക്കണം. പുതിയ സിസി തെറ്റുതിരുത്തല്‍ രേഖ നടപ്പാക്കണം. ഛത്തീസ്ഗഡിലും മഹാരാഷ്ട്രയിലും വിഭാഗീയത തുടരുന്നുണ്ട്. കര്‍ണാടകത്തില്‍ സംസ്ഥാന സെക്രട്ടറിയെ മാറ്റി. ചില സംസ്ഥാനങ്ങളില്‍ പാര്‍ട്ടി ഫണ്ടില്‍ തിരിമറിയുണ്ടായി.

Update: 2022-04-05 17:46 GMT

കണ്ണൂര്‍: ആര്‍എസ്എസ് സ്വാധീനം മനസ്സിലാക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടെന്ന് സിപിഎം സംഘടന റിപ്പോര്‍ട്ട്. പല സംസ്ഥാനങ്ങളിലും ബിജെപിക്ക് പകരം മറ്റ് പാര്‍ട്ടികളെ എതിര്‍ക്കുന്നുവെന്നും പശ്ചിമബംഗാളിലും ത്രിപുരയിലും ബിജെപിയുടെ വളര്‍ച്ച തിരിച്ചറിഞ്ഞില്ലെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു.

ആര്‍എസ്എസ്സിനെക്കുറിച്ചുള്ള പഠനം പാര്‍ട്ടി ക്ലാസില്‍ നിര്‍ബന്ധമാക്കണം. പുതിയ സിസി തെറ്റുതിരുത്തല്‍ രേഖ നടപ്പാക്കണം. ഛത്തീസ്ഗഡിലും മഹാരാഷ്ട്രയിലും വിഭാഗീയത തുടരുന്നുണ്ട്. കര്‍ണാടകത്തില്‍ സംസ്ഥാന സെക്രട്ടറിയെ മാറ്റി. ചില സംസ്ഥാനങ്ങളില്‍ പാര്‍ട്ടി ഫണ്ടില്‍ തിരിമറിയുണ്ടായി.

പാര്‍ട്ടി അംഗത്വത്തില്‍ ഇടിവെന്നും സിപിഎം സംഘടന റിപോര്‍ട്ട് പറയുന്നു. കേരളത്തില്‍ പശ്ചിമ ബംഗാളിന്റെ മൂന്നിരട്ടി അംഗങ്ങള്‍ ഉണ്ട്. സിപിഎം അംഗങ്ങളുടെ ആകെ എണ്ണം 9,85,757 ആണ്. ഇതില്‍ 5, 27, 174 പേര്‍ കേരളത്തില്‍ നിന്നാണ്. പശ്ചിമ ബംഗാളിലെ അംഗസംഖ്യ 1,60,827 ആയി ഇടിഞ്ഞു. 31 വയസിനു താഴെയുള്ളവരുടെ എണ്ണത്തില്‍ കേരളത്തില്‍ നേരിയ വര്‍ധനയുണ്ട്. കേരളത്തില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ ശരാശരി പ്രായം 63 ആയി. പ്രായപരിധി കാരണം ഒഴിയേണ്ടി വന്നാലും ചിലര്‍ക്ക് ചുമതലകള്‍ നല്കണമെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു.

പാര്‍ട്ടി സെന്ററിനും പൊളിറ്റ് ബ്യൂറോയ്ക്കും രൂക്ഷ വിമര്‍ശനമാണ് റിപ്പോര്‍ട്ടിലുള്ളത്. സംഘടന ചുമതലകള്‍ നിര്‍വ്വഹിക്കുന്നതില്‍ പിബി പരാജയപ്പെട്ടെന്ന് റിപോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. പ്രാദേശിക പ്രക്ഷോഭങ്ങള്‍ വളര്‍ത്താനായില്ല. ഇടതുജനാധിപത്യ കൂട്ടായ്മകള്‍ ഉണ്ടാക്കുന്നതിനുമായില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ദൈനം ദിന സംഭവങ്ങളോട് പ്രതികരിക്കുന്നതിലാണ് പാര്‍ട്ടിക്ക് കൂടുതല്‍ ശ്രദ്ധയെന്ന് വിമര്‍ശനമുണ്ട്. പാര്‍ലമെന്ററി പ്രവണതയും പിന്തിരിപ്പന്‍ രീതികളും പ്രകടമാകുന്നു. അടുത്ത കേന്ദ്രകമ്മിറ്റി ശക്തമായ തിരുത്തല്‍ നടപ്പാക്കണം. പിബി അംഗങ്ങളുടെ പ്രവര്‍ത്തനം രണ്ടു വര്‍ഷത്തിലൊരിക്കല്‍ വിലയിരുത്തുന്നില്ല. വര്‍ഗ്ഗബഹുജന സംഘടനകളുടെ വിലയിരുത്തല്‍ നടക്കുന്നില്ല. ഒറ്റ സംഘടനയുടെ പോലും വിലയിരുത്തല്‍ നടത്താനായില്ലെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സെക്രട്ടറിയേറ്റ് രൂപീകരിക്കാത്തത് പിഴവെന്ന് സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മേധാവിത്വ ഗ്രൂപ്പുകളെയോ സമുദായങ്ങളെയോ പിണക്കാതിരിക്കാന്‍ സമരം ഒഴിവാക്കുന്നു. പാര്‍ലമെന്ററി വ്യാമോഹവും ഇതിന് കാരണമാകുന്നു.

ശബരിമല വിഷയം പാര്‍ട്ടിയുടെ അടിസ്ഥാന വോട്ടര്‍മാരെ അകറ്റിയെന്ന് സിപിഎം റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു. വിഷയം ലോക്‌സഭ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കിടയാക്കിയെന്ന് സിപിഎം വിമര്‍ശിക്കുന്നു. കേരളത്തിലെ ബദല്‍ നയങ്ങള്‍ക്കാണ് ജനങ്ങള്‍ 2021ല്‍ അംഗീകാരം നല്കിയത്. വിജയം പാര്‍ട്ടിക്ക് നല്കിയിരിക്കുന്നത് വലിയ ഉത്തരവാദിത്തമാണ്. ധാര്‍ഷ്ട്യവും അഴിമതിക്കുള്ള പ്രവണതയും ചെറുത്തു തോല്പിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പാര്‍ട്ടിയും ബഹുജന സംഘടനകളും ഭരണത്തിന്റെ അനുബന്ധങ്ങളാകരുതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ജനങ്ങള്‍ക്ക് സ്വീകാര്യമായ വിനയത്തോടെയുള്ള പെരുമാറ്റം വേണം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത ന്യൂനപക്ഷം പാര്‍ട്ടിക്ക് ദേശീയ തലത്തില്‍ ബിജെപിയെ നേരിടാനാവില്ലെന്ന് വിലയിരുത്തി.

പശ്ചിമബംഗാളില്‍ പാര്‍ട്ടി തകര്‍ന്നടിഞ്ഞു. ആത്മ പരിശോധനയ്ക്ക് പശ്ചിമബംഗാള്‍ കമ്മിറ്റിക്ക് കുറിപ്പ് നല്‍കി. തൃണമൂലിനും ബിജെപിക്കുമിടയില്‍ ഒത്തുകളിയെന്ന വിലയിരുത്തല്‍ പിഴവായിരുന്നു. കേന്ദ്രകമ്മിറ്റി നിര്‍ദ്ദേശം ലംഘിച്ചാണ് കോണ്‍ഗ്രസും ഐ എസ് എഫും ഉള്‍പ്പെട്ട സംയുക്ത മുന്നണി ഉണ്ടാക്കിയത്.

Tags:    

Similar News