സിപിഎം പാലക്കാട് ജില്ലസമ്മേളനം: വനിതാ നേതാവിന്റെ പരാതിയില്‍ നടപടി നേരിട്ട പി കെ ശശിയെ പെട്ടന്ന് തിരിച്ചെടുത്തത് വിമര്‍ശിക്കപ്പെട്ടു
സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന സമീപനങ്ങള്‍ പോലിസില്‍ നിന്നുണ്ടാവുന്നു. നിയന്ത്രണമില്ലാത്ത വിധത്തിലാണ് ചിലയിടങ്ങളില്‍ പോലിസ് ഇടപെടുന്നത്. ഇത് തിരുത്തപ്പെടണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു
പാലക്കാട്: വനിതാ നേതാവിന്റെ പീഡന പരാതിയില്‍ നടപടി നേരിട്ട ശശിയെ പെട്ടന്നുതന്നെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തത് സിപിഎം പാലക്കാട് ജില്ലസമ്മേളനത്തില്‍ വിമര്‍ശിക്കപ്പെട്ടു. പി കെ ശശിക്കെതിരേ രൂക്ഷ വിമര്‍ശനമാണ് സമ്മേളനത്തല്‍ ഉണ്ടായത്. ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയില്‍ നടപടി നേരിട്ട ശശിയെ വേഗത്തില്‍ തിരിച്ചെടുത്തതാണ് ഒരു വിഭാഗം ജില്ലാ കമ്മിറ്റി അംഗങ്ങളുടെ വിമര്‍ശനത്തിന് കാരണമായത്. കെടിഡിസി ചെയര്‍മാന്‍ ആയതിന് പത്രത്തില്‍ പരസ്യം നല്‍കിയതിനെതിരെയും വിമര്‍ശനമുണ്ടായി. പുതുശ്ശേരി, പട്ടാമ്പി ഏരിയാ കമ്മറ്റി പ്രതിനിധികളാണ് വിമര്‍ശനമുന്നയിച്ചത്. കണ്ണമ്പ്ര ഭൂമിയിടപാടില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നും വിമര്‍ശിക്കപ്പെട്ടു. ജില്ലാ സെക്രട്ടറിയേറ്റംഗം സി കെ ചാമുണ്ണി മാത്രമല്ല കുറ്റക്കാരന്‍. ചാമുണ്ണിക്ക് മുകളിലുള്ള ആളുകള്‍ക്കും ഇടപാടില്‍ പങ്കുണ്ട്.
ഒറ്റപ്പാലത്ത് സഹകരണ ബാങ്ക് അഴിമതിയില്‍ കൂടുതല്‍ നടപടിയില്ലെന്നും വിമര്‍ശനമുയര്‍ന്നു.പോലിസിന്റെ സമീപനത്തിനെതിരെയും പ്രതിനിധികള്‍ വിമര്‍ശനമുന്നയിച്ചു. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന സമീപനങ്ങള്‍ പോലിസില്‍ നിന്നുണ്ടാവുന്നു. നിയന്ത്രണമില്ലാത്ത വിധത്തിലാണ് ചിലയിടങ്ങളില്‍ പോലിസ് ഇടപെടുന്നത്. ഇത് തിരുത്തപ്പെടണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.