സിപിഎം കമ്മിറ്റി ഏരിയാ സമ്മേളനത്തിന് റോഡ് കെട്ടിയടച്ചു, വന്‍ ഗതാഗതക്കുരുക്ക്, ഇനി '' നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' നാടകവും കളിക്കും

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആണ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്.

Update: 2024-12-05 12:21 GMT

തിരുവനന്തപുരം: സിപിഎം പാളയം ഏരിയാകമ്മിറ്റി സമ്മേളനത്തിന്റെ ഭാഗമായി വഞ്ചിയൂര്‍ ജങ്ഷനിലെ റോഡിലെ ഒരു വശം കെട്ടിയടച്ച് വേദി പണിതു. വഞ്ചിയൂര്‍ കോടതിയുടെയും പോലീസ് സ്‌റ്റേഷന്റെയും തൊട്ടു മുമ്പിലായാണ് പൊതുജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കുന്ന പ്രവൃത്തി. രാവിലെയും വൈകിട്ടും വന്‍ തിരക്കാണ് ഈ റോഡിലുള്ളതത്. റോഡിലെ ഗതാഗതം നിയന്ത്രിക്കാനായി വ്യാഴാഴ്ച രാവിലെ മുതല്‍ അമ്പതോളം പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. എന്നാല്‍, വൈകുന്നേരമായതോടെ വന്‍ ഗതാഗത കുരുക്കാണ് ഇവിടെ രൂപപ്പെട്ടിരിക്കുന്നത്. ആംബുലന്‍സുകള്‍ അടക്കം നൂറു കണക്കിനു വാഹനങ്ങള്‍ കുരുക്കില്‍പ്പെട്ടു. സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ വാഹനങ്ങളില്‍ കുടുങ്ങി.

തമ്പാനൂരില്‍ നിന്ന് വഞ്ചിയൂരിലെ ജനറല്‍ ആശുപത്രിയിലേക്ക് പോകുന്ന പ്രധാന പാത കൂടിയാണിത്. റോഡിന്റെ ഒരു വശത്തുകൂടിയാണ് ഇപ്പോള്‍ രണ്ട് ഭാഗത്തേക്കുമുള്ള വാഹനങ്ങള്‍ കടന്നുപോകുന്നത്. അതുകൊണ്ടാണ് പ്രധാനമായും ഗതാഗത കുരുക്ക് ഉണ്ടാകുന്നത്.

വൈകിട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആണ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. എല്ലാ അനുമതിയും വാങ്ങിയാണ് പന്തല്‍ കെട്ടിയിരിക്കുന്നതെന്നാണ് പാര്‍ടി പ്രവര്‍ത്തകര്‍ പറയുന്നത്. സമ്മേളനത്തിന് ശേഷം നടുറോഡില്‍ ഒരുക്കിയിട്ടുള്ള ഈ വേദിയില്‍ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന നാടകവും കളിക്കും.

Similar News