തിരഞ്ഞെടുപ്പിലെ തിരിച്ചടി: സിപിഎം പിബി യോഗം ഇന്ന് ഡല്‍ഹിയില്‍
പശ്ചിമ ബംഗാളില്‍ സീറ്റുകള്‍ ലഭിച്ചില്ലെന്നു മാത്രമല്ല, സിറ്റിങ് സീറ്റുകളിലടക്കം കോണ്‍ഗ്രസ്സിനും പിന്നില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും യോഗം ചര്‍ച്ച ചെയ്യും
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി വിലയിരുത്താന്‍ സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. രാജ്യത്ത് സിപിഎം ഭരിക്കുന്ന ഏക സംസ്ഥാനമായ കേരളത്തില്‍ കനത്ത മല്‍സരം പോലും കാഴ്ചവയ്ക്കാനാവാതെ ഒറ്റ സീറ്റില്‍ ഒതുങ്ങിയതും പതിറ്റാണ്ടുകളോളം ഭരിച്ച പശ്ചിമബംഗാളില്‍ പാര്‍ട്ടി വോട്ടുകള്‍ ഏതാണ്ട് പൂര്‍ണമായി ചോര്‍ന്നതും യോഗം വിശദമായി ചര്‍ച്ച ചെയ്യും. പശ്ചിമ ബംഗാളില്‍ സീറ്റുകള്‍ ലഭിച്ചില്ലെന്നു മാത്രമല്ല, സിറ്റിങ് സീറ്റുകളിലടക്കം കോണ്‍ഗ്രസ്സിനും പിന്നില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും യോഗം ചര്‍ച്ച ചെയ്യും. ഇക്കുറി ബംഗാളില്‍ സിപിഎമ്മിന് ഒരു സീറ്റ് പോലും ലഭിച്ചിട്ടില്ല. കേരളത്തിലാവട്ടെ സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് വോട്ട് പിടിച്ചത്. എന്നിട്ടും ഒരു സീറ്റില്‍ മാത്രമാണ് കഷ്ടിച്ചു ജയിച്ചുകയറാനായത്. ഇതുസംബന്ധിച്ച് ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പരമ്പരാഗത വോട്ടുകള്‍ ചോര്‍ന്നതായി കണ്ടെത്തിയിരുന്നു. മോദിഭരണത്തിനെതിരായ വിധിയെഴുത്തായതിനാലാണ് ഇത്രയും വലിയ വോട്ടുചോര്‍ച്ചയെന്നാണ് വിലയിരുത്തിയത്. കേരളത്തിലെ ഒരു സീറ്റും തമിഴ്‌നാട്ടില്‍ ഡിഎംകെ മുന്നണിക്കൊപ്പം നിന്നു ലഭിച്ച രണ്ട് സീറ്റും മാത്രമാണ് സിപിഎം ജയിച്ചത്. ഇത്തരത്തിലുണ്ടായ തിരിച്ചടികളുടെ കാരണങ്ങള്‍ പരിശോധിക്കും. തിരഞ്ഞെടുപ്പില്‍ സ്വീകരിച്ച നയം പാര്‍ട്ടി വിശദമായി പരിശോധിക്കും. ജൂണ്‍ ആദ്യവാരത്തില്‍ സിപിഎം കേന്ദ്ര കമ്മിറ്റി യോഗവും ചേരുന്നുണ്ട്.