സിപിഎം സാധ്യതാപട്ടികയായി; ചാലക്കുടിയില്‍ വീണ്ടും ഇന്നസെന്റ്, പി കരുണാകരനെ ഒഴിവാക്കും
തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഇതുസംബന്ധിച്ച ധാരണയായത്. അഞ്ചുവര്‍ഷം മണ്ഡലത്തില്‍ താന്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണസംതൃപ്തിയുണ്ടെങ്കിലും ഇനിയൊരങ്കത്തിന് തയ്യാറല്ലെന്ന് നേരത്തെ ഇന്നസെന്റ് തുറന്നുപറഞ്ഞിരുന്നു. എന്നാല്‍, പാര്‍ട്ടി തീരുമാനങ്ങള്‍ക്ക് വിധേയമാവുമെന്നും ഇന്നസെന്റ് വ്യക്തമാക്കിയിരുന്നു. ജെഡിഎസില്‍നിന്ന് കോട്ടയം സീറ്റ് കൂടി ഏറ്റെടുത്ത് 16 സീറ്റുകളില്‍ മല്‍സരിക്കാനാണ് സിപിഎമ്മിന്റെ നീക്കം.
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ സിപിഎം സ്ഥാനാര്‍ഥിയായി ഇന്നസെന്റ് വീണ്ടും മല്‍സരിക്കും. തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഇതുസംബന്ധിച്ച ധാരണയായത്. അഞ്ചുവര്‍ഷം മണ്ഡലത്തില്‍ താന്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണസംതൃപ്തിയുണ്ടെങ്കിലും ഇനിയൊരങ്കത്തിന് തയ്യാറല്ലെന്ന് നേരത്തെ ഇന്നസെന്റ് തുറന്നുപറഞ്ഞിരുന്നു. എന്നാല്‍, പാര്‍ട്ടി തീരുമാനങ്ങള്‍ക്ക് വിധേയമാവുമെന്നും ഇന്നസെന്റ് വ്യക്തമാക്കിയിരുന്നു. ജെഡിഎസില്‍നിന്ന് കോട്ടയം സീറ്റ് കൂടി ഏറ്റെടുത്ത് 16 സീറ്റുകളില്‍ മല്‍സരിക്കാനാണ് സിപിഎമ്മിന്റെ നീക്കം.
കഴിഞ്ഞ തവണ കോട്ടയത്ത് മല്‍സരിച്ച ജെഡിഎസിന് ഇത്തവണ സീറ്റ് നല്‍കേണ്ടതില്ലെന്നാണ് സിപിഎമ്മിന്റെ തീരുമാനം. ഇതില്‍ ജെഡിഎസിന് കടുത്ത ഭിന്നതയുണ്ടെന്നാണ് വിലയിരുത്തല്‍. സീറ്റ് കിട്ടിയില്ലെങ്കില്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നാണ് ജെഡിഎസ് നിലപാട്. ജെഡിഎസുമായി സിപിഎം നടത്തിയ ഉഭയകക്ഷി ചര്‍ച്ചയും തീരുമാനമാവാതെ പിരിഞ്ഞു. സിപിഎം തീരുമാനം വന്നതിന് പിന്നാലെ ജെഡിഎസ് അടിയന്തര നേതൃയോഗം വിളിച്ചിരിക്കുകയാണ്. ആലപ്പുഴയില്‍ അരൂരിലെ സിറ്റിങ് എംഎല്‍എ എ എം ആരിഫിനെയാണ് പരിഗണിക്കുന്നത്. പി കരുണാകരന്‍ ഒഴികെയുള്ള എല്ലാ എംപിമാരും വീണ്ടും മല്‍സരിക്കാനാണ് സാധ്യത. കാസര്‍കോഡ് പി കരുണാകരന് പകരം സതീശ് ചന്ദ്രനാണ് സാധ്യത കല്‍പ്പിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ പട്ടിക സംസ്ഥാന സമിതിയില്‍ അവതരിപ്പിക്കും. ചര്‍ച്ചകള്‍ക്കുശേഷമാണ് ഇന്നസെന്റിന്റെ പേര് സ്ഥിരീകരിക്കുന്നത്. ലോക് താന്ത്രിക് ജനതാദളിനും സീറ്റുണ്ടാവില്ല. പുതുതായി മുന്നണിയിലേക്ക് വന്ന ലോക് താന്ത്രിക് ജനതാദള്‍ വടകരയാണ് ആവശ്യപ്പെട്ടത്.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ സ്ഥാനാര്‍ഥി സാധ്യതാ പട്ടിക സംസ്ഥാനസമിതിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കും. പാര്‍ലമെന്റ്, മണ്ഡലം കമ്മിറ്റികളുടെ കൂടി അഭിപ്രായമറിഞ്ഞശേഷമാവും സംസ്ഥാന സമിതിയുടെ അന്തിമതീരുമാനം. ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജ്, പാലക്കാട് എം ബി രാജേഷ്, കണ്ണൂരില്‍ പി കെ ശ്രീമതി, കോട്ടയത്ത് ഡോ. സിന്ധുമോള്‍ ജേക്കബ് അല്ലെങ്കില്‍ സുരേഷ് കുറുപ്പ് എന്നിവരാണ് പരിഗണനയിലുള്ളത്. എറണാകുളത്ത് പി രാജീവ്, ആറ്റിങ്ങലില്‍ എ സമ്പത്ത്, മലപ്പുറത്ത് വി പി സാനു, ആലത്തൂരില്‍ പി കെ ബിജു, കൊല്ലത്ത് കെ എന്‍ ബാലഗോപാല്‍, പത്തനംതിട്ടയില്‍ രാജു എബ്രഹാം, വടകരയില്‍ കെ ടി കുഞ്ഞിക്കണ്ണന്‍ അല്ലെങ്കില്‍ മുഹമ്മദ് റിയാസ്, കോഴിക്കോട് എ പ്രദീപ് കുമാര്‍ അല്ലെങ്കില്‍ മുഹമ്മദ് റിയാസിനെയുമാണ് പരിഗണിക്കുന്നത്. വടകരയില്‍ പി ജയരാജന്റെ പേരും ഉയര്‍ന്നുവരുന്നുണ്ട്.