വോട്ട് ചോര്‍ച്ചയുടെ കാരണം പഠിക്കുമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ
ദേശീയ തലത്തില്‍ പാര്‍ട്ടി നേതൃത്വം കോണ്‍ഗ്രസിനോട് സ്വീകരിച്ച മൃദുസമീപനം തിരിച്ചടിക്ക് കാരണമായെന്ന് കേരള ഘടകം പിബിയില്‍ ആരോപിച്ചു. അക്കാര്യം കേന്ദ്ര കമ്മിറ്റി പരിശോധിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു.
ന്യൂഡല്‍ഹി: കേരളത്തില്‍ ഉള്‍പ്പെടെ സിപിഎം ശക്തികേന്ദ്രങ്ങളിലുണ്ടായ വോട്ടുചോര്‍ച്ച വിശദമായി പരിശോധിക്കാന്‍ പോളിറ്റ് ബ്യൂറോ തീരുമാനിച്ചു. ദേശീയ തലത്തില്‍ പാര്‍ട്ടി നേതൃത്വം കോണ്‍ഗ്രസിനോട് സ്വീകരിച്ച മൃദുസമീപനം തിരിച്ചടിക്ക് കാരണമായെന്ന് കേരള ഘടകം പിബിയില്‍ ആരോപിച്ചു. അക്കാര്യം കേന്ദ്ര കമ്മിറ്റി പരിശോധിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു.
ശബരിമല പരാജയകാരണമായോ എന്നും പരിശോധിക്കും. മെയ് 30, 31, ജൂണ്‍ 1 തിയ്യതികളില്‍ കേരള സംസ്ഥാന സമിതി യോഗം ചേരും. യോഗത്തില്‍ താനടക്കമുള്ള പിബി അംഗങ്ങള്‍ പങ്കെടുക്കുമെന്നും യെച്ചൂരി അറിയിച്ചു.
എല്ലാ കാര്യങ്ങളും വിശദമായി പരിശോധിക്കും. താഴെ തട്ടില്‍ നിന്നുള്ള പരിശോധനകള്‍ നടത്തും പിബി യോഗത്തിന് ശേഷം യെച്ചൂരി വ്യക്തമാക്കി. വിശ്വാസി സമൂഹവും മത ന്യൂനപക്ഷങ്ങളും പാര്‍ട്ടിക്ക് എതിരാകുന്നത് തിരിച്ചറിയാന്‍ കേരള ഘടകത്തിന് സാധിച്ചില്ലെന്ന വിമര്‍ശനം പോളിറ്റ് ബ്യൂറോയില്‍ ഉയര്‍ന്നു. ദേശീയ തലത്തില്‍ മതേതര സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന് മാത്രമെ സാധിക്കൂ എന്ന ചിന്തയും ഇതില്‍ പാര്‍ട്ടി ദേശീയ നേതൃത്വം എടുത്ത മൃദുനിലപാടും തിരിച്ചടിക്ക് കാരണമായെന്നായിരുന്നു ഇതിന് കേരള ഘടകത്തിന്റെ വിശദീകരണം.
തിരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ആത്മപരിശോധന നടത്തി മുന്നോട്ടുപോകുമെന്ന് രണ്ട് ദിവസത്തെ പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം യെച്ചൂരി പറഞ്ഞു. ജനകീയ സമരങ്ങളിലൂടെ സിപിഎം കരുത്തു വര്‍ധിപ്പിക്കും. കേരളത്തിലെ സംസ്ഥാന സമിതി യോഗത്തിന് ശേഷം പിബി അംഗങ്ങള്‍ ബംഗാളിലെയും ത്രിപുരയിലെയും യോഗങ്ങളിലും പങ്കെടുക്കും. സംസ്ഥാന സമിതികള്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ട് ജൂണ്‍ 7 മുതല്‍ 9 വരെ ചേരുന്ന കേന്ദ്ര കമ്മിറ്റിയും ചര്‍ച്ച ചെയ്യും.
സിപിഎമ്മിന് കേരളത്തില്‍ ഒരു സീറ്റ് മാത്രം കിട്ടിയപ്പോള്‍ പശ്ചിമബംഗാളില്‍ 15 ശതമാനത്തിലധികം പാര്‍ട്ടി വോട്ടുകള്‍ ബിജെപിയിലേക്ക് പോയിരുന്നു. ത്രിപുരയില്‍ മൂന്നാം സ്ഥാനത്തായി. തമിഴ്നാട്ടില്‍ കോണ്‍ഗ്രസിനൊപ്പം മല്‍സരിച്ച് നേടിയ സീറ്റുകളുടെ ബലത്തിലാണ് സിപിഎം ഇപ്പോള്‍ ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്തിയിരിക്കുന്നത്.