കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മികച്ച വിപണി ഒരുക്കും: മുഖ്യമന്ത്രി

'സുഭിക്ഷ കേരള'ത്തിന്റെ ഭാഗമായി ഒരു കോടി ഫലവൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തുന്ന പദ്ധതിക്ക് പരിസ്ഥിതി ദിനത്തിലാണ് തുടക്കം കുറിച്ചത്

Update: 2020-06-22 07:30 GMT

തിരുവനന്തപുരം: കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മികച്ച വിപണി ഒരുക്കാനും അതിലൂടെ കര്‍ഷകര്‍ക്ക് നല്ല വില ലഭ്യമാക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നാളികേര വികസന പദ്ധതിയുടെ ഭാഗമായുള്ള തെങ്ങിന്‍തൈ വിതരണം, ഈ വര്‍ഷത്തെ ഞാറ്റുവേലച്ചന്ത, കര്‍ഷകസഭ, ഒരു കോടി ഫലവൃക്ഷത്തൈകളുടെ രണ്ടാംഘട്ട വിതരണം എന്നീ പരിപാടികള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതുകൊണ്ടു മാത്രം ഈ രംഗത്തെ കാതലായ പ്രശ്‌നം പരിഹരിക്കപ്പെടില്ല. ഉല്‍പ്പാദനത്തിനനുസരിച്ച് വിപണിയുണ്ടാവണം. വിലകിട്ടണം. 'സുഭിക്ഷ കേരളം' പദ്ധതിയിലൂടെ മികച്ച വിപണി സാധ്യത കണ്ടെത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കാര്‍ഷിക മൊത്ത വിപണികള്‍, ജില്ലാതല സംഭരണ കേന്ദ്രങ്ങള്‍, ബ്ലോക്ക്തല വിപണികള്‍, ആഴ്ചച്ചന്തകള്‍ എന്നിവയെല്ലാം ഇതിന്റെ ഭാഗമായി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

    കൊവിഡ് സൃഷ്ടിക്കുന്ന പുതിയ വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും കാര്‍ഷിക മേഖലയില്‍ പുത്തന്‍ ഉണര്‍വ് സൃഷ്ടിക്കാനും ആവിഷ്‌കരിച്ച ബൃഹത്തായ പദ്ധതിയാണ് 'സുഭിക്ഷ കേരളം'. കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, മല്‍സ്യബന്ധനം എന്നീ മേഖലകള്‍ അഭിവൃദ്ധിപ്പെടുത്താനാണ് ലക്ഷ്യം. തരിശുനിലങ്ങളില്‍ കൃഷിയിറക്കുന്നതിന് തുടക്കം കുറിച്ചു കഴിഞ്ഞു. കേരളമൊന്നടങ്കം പദ്ധതി ഏറ്റെടുത്തുവെന്നത് അഭിമാനകരമാണ്. 'സുഭിക്ഷ കേരള'ത്തിന്റെ ഭാഗമായി ഒരു കോടി ഫലവൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തുന്ന പദ്ധതിക്ക് പരിസ്ഥിതി ദിനത്തിലാണ് തുടക്കം കുറിച്ചത്. അതിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് ജൂണ്‍ 22 മുതല്‍ ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്നത്. അനുയോജ്യമായ ഭൂമി കണ്ടെത്താനും കൃഷി ചെയ്യാനും വൃക്ഷത്തൈ നടാനും തുടര്‍ പരിപാലനം നടത്താനും ഓരോരുത്തരും മുന്‍കൈയെടുക്കണം.

    നാളികേര കൃഷി വികസിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് കര്‍ഷകര്‍ക്ക് കൃഷി ഭവനുകളിലൂടെ അത്യുല്‍പ്പാദന ശേഷിയുള്ള തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്യുന്നത്. സംസ്ഥാനത്ത് ഇപ്പോള്‍ 7.81 ഹെക്ടറിലായാണ് കേരകൃഷിയുള്ളത്. എന്നാല്‍, ഉല്‍പ്പാദനക്ഷമത കുറവാണ്. അതുകൊണ്ടാണ് അത്യുല്‍പ്പാദന ശേഷിയുള്ള തെങ്ങിന്‍തൈകള്‍ വിതരണം ചെയ്തും അതിന്റെ പരിപാലനത്തിനുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കിയും ഉല്‍പ്പാദന ക്ഷമത വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചത്. തിരുവാതിര ഞാറ്റുവേലയുടെ സവിശേഷത കൂടി കണക്കിലെടുത്താണ് സംസ്ഥാന വ്യാപകമായി കര്‍ഷക സഭകളും ഞാറ്റുവേലച്ചന്തകളും സംഘടിപ്പിച്ചത്. കര്‍ഷകര്‍ക്ക് തങ്ങളുടെ കൈവശമുള്ള നടീല്‍ വസ്തുക്കളും വിത്തുകളും പരസ്പരം കൈമാറുന്നതിന് ഓരോ കൃഷി ഭവന്‍ വഴിയും അവസരം ഉണ്ടാകും. നിരവധി നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന ഈ മഹാമാരിയുടെ കാലത്ത് ഞാറ്റുവേല ചന്തകളും കര്‍ഷകസഭകളും കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വേകും എന്നു തന്നെയാണ് സര്‍ക്കാര്‍ കരുതുന്നത്.

    വിവിധ പദ്ധതികളിലൂടെ കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിച്ച് കര്‍ഷകരുടെ ജീവിതനിലവാരവും ആത്മവിശ്വാസവും ഉയര്‍ത്താന്‍ ഇക്കാലയളവില്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. പ്രളയാനന്തരം നെല്ലുല്‍പ്പാദനത്തില്‍ റെക്കോര്‍ഡ് കൈവരിച്ചതും പാല്‍, മുട്ട എന്നിവയുടെ ഉല്‍പ്പാദനം ഗണ്യമായ വര്‍ധിച്ചതും അതിന് ഉദാഹരണങ്ങളാണ്. ഈ സര്‍ക്കാര്‍ വന്നപ്പോള്‍ 1.96 ലക്ഷം ഹെക്ടറിലായിരുന്നു നെല്‍ക്കൃഷി ഉണ്ടായിരുന്നത്. ഇപ്പോഴത് രണ്ടേകാല്‍ ലക്ഷത്തിലധികം ഹെക്ടറായി വര്‍ധിച്ചു. വര്‍ഷങ്ങളായി തരിശായി കിടന്നിരുന്ന ഒട്ടേറെ പ്രദേശങ്ങളില്‍ കൃഷിയിറക്കാന്‍ സാധിച്ചു. 5000 ഹെക്ടറില്‍ കൂടി നെല്‍ക്കൃഷി വ്യാപിപ്പിക്കാനാണ് 'സുഭിക്ഷ കേരളം' പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നാലുവര്‍ഷം കൊണ്ട് ആഭ്യന്തര പച്ചക്കറി ഉല്‍പാദനം ഇരട്ടിയാക്കാനും സര്‍ക്കാരിന് സാധിച്ചു. ഏഴു ലക്ഷം മെട്രിക് ടണ്ണായിരുന്ന പച്ചക്കറി ഉല്‍പാദനം ഇപ്പോള്‍ 14.72 ലക്ഷം മെട്രിക് ടണ്ണായി. സ്‌കൂള്‍ കുട്ടികള്‍ മുതല്‍ വീട്ടമ്മമാര്‍ വരെ പച്ചക്കറി കൃഷി ചെയ്യുന്നു. സംസ്ഥാനത്ത് കൃഷി ഒരു സംസ്‌കാരമായി മാറുന്നു എന്നതാണ് ഇത് സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Create better market for agriculture products: Chief Minister


Tags:    

Similar News