ബെംഗളൂരു: കൊറോണ വൈറസ് മുന്‍കരുതലുകളുടെ ഭാഗമായുള്ള മാസ്‌ക്(മുഖാവരണം) ധരിച്ചില്ലെന്ന് ആരോപിച്ച് സിആര്‍പിഎഫ് സേനാംഗത്തെ പോലിസ് സ്‌റ്റേഷനില്‍ ചങ്ങലയ്ക്കിട്ടു. കര്‍ണാടകയിലെ ഒരു പോലിസ് സ്‌റ്റേഷനിലാണ് മാവോയിസ്റ്റ് വിരുദ്ധ കോബ്രാ യൂനിറ്റ് കമാന്‍ഡോയെ ചങ്ങലയ്ക്കിട്ടത്. അവധിയിലായതിനാല്‍ സാധാരണ വസ്ത്രം ധരിച്ച് ജന്മനാടായ ബെലഗവിയില്‍ നില്‍ക്കുന്നതിനിടെയാണ് കമാന്‍ഡോയായ സച്ചിന്‍ സാവന്തിനെ പോലിസ് പിടികൂടിയത്. സെന്‍ട്രല്‍ റിസര്‍വ് പോലിസ് സേന(സിആര്‍പിഎഫ്)യുടെ കോബ്ര യൂനിറ്റില്‍ അംഗമായ ഇദ്ദേഹം ഗറില്ലാ യുദ്ധത്തില്‍ നിപുണനാണ്. കമാന്‍ഡോ അംഗത്തെ ചങ്ങലയിട്ട് പോലിസ് സ്‌റ്റേഷനിലിരിക്കുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
ഏപ്രില്‍ 23ന് കമാന്‍ഡോ സച്ചിന്‍ സാവന്തിനെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് സംസ്ഥാന പോലിസ് സിആര്‍പിഎഫുകാരെ വിശ്വാസത്തിലെടുത്തിരുന്നെങ്കില്‍ ഇത്തരം നടപടികള്‍ ഒഴിവാക്കാമായിരുന്നുവെന്നു സിആര്‍പിഎഫ് കര്‍ണാടക പോലിസ് മേധാവി പ്രവീണ്‍ സൂദിനെഴുതിയ കത്തില്‍ ചൂണ്ടിക്കാട്ടി. പോലിസിന്റെ ക്രൂരമായ നടപടിക്കെതിരേ എഫ്‌ഐആര്‍ പരിഗണനയിലാണെന്ന് സിആര്‍പിഎഫിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപോര്‍ട്ട് ചെയ്തു. പോലിസുകാര്‍ കമാന്‍ഡോയോട് മോശമായി പെരുമാറിയെന്നും നഗ്‌നപാദനായി പോലിസ് സ്‌റ്റേഷനിലേക്ക് നടത്തിച്ചെന്നും ചങ്ങലയ്ക്കിട്ടതായും സിആര്‍പിഎഫ് കത്തില്‍ ആരോപിച്ചു.
അതേസമയം, സച്ചിന്‍ സാവന്ത് മുഖംമൂടിയില്ലാതെ റോഡിലായിരുന്നുവെന്ന് പോലിസ് മറുപടി നല്‍കി. സച്ചിന്‍ സാവന്ത് കോണ്‍സ്റ്റബിള്‍മാരുമായി മോശമായി തര്‍ക്കിച്ചു. സിആര്‍പിഎഫ് പോലിസുകാരനായ ഞാന്‍ നിങ്ങളുടെ നിയമങ്ങള്‍ പാലിക്കില്ലെന്ന് പറഞ്ഞതായും മാത്രമല്ല, ഡ്യൂട്ടി തടസ്സപ്പെടുത്തിയതായും പോലിസ് പറഞ്ഞു. തന്റെ വീടിന് പുറത്തായതിനാല്‍ മാസ്‌ക് ധരിക്കില്ലെന്ന് ജവാന്‍ പോലിസുകാരോട് പറഞ്ഞതായി സിആര്‍പിഎഫ് പറയുന്നു. അറസ്റ്റിലായ സിആര്‍പിഎഫ് കമ്മാന്‍ഡോ അംഗം ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.