'കട്ടിങ് സൗത്ത്-2023'നെതിരേ വ്യാജപ്രചാരണം; കര്‍മാ ന്യൂസിന് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്
മീഡിയ ഫെസ്റ്റിവലിന്റെ സംഘാടകര്‍ക്ക് വിഘടനവാദികളുമായും രാജ്യവിരുദ്ധ ശക്തികളുമായും ബന്ധമുണ്ടെന്നും വാര്‍ത്തയില്‍ ആരോപിച്ചിരുന്നു. ഇതിനെതിരേയാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നത്.
ന്യൂഡല്‍ഹി: മാധ്യമ സ്ഥാപനങ്ങള്‍ സംഘടിപ്പിച്ച മീഡിയാ ഫെസ്റ്റിവലിനെതിരേ വ്യാജ പ്രചാരണം നടത്തിയതിന് മലയാളം ഓണ്‍ലൈന്‍ ചാനലായ കര്‍മാ ന്യൂസിനു ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. വാര്‍ത്താ പോര്‍ട്ടലായ ന്യൂസ് ലോണ്‍ട്രിയും മറ്റൊരു വാര്‍ത്താ സ്ഥാപനവും നല്‍കിയ മാനനഷ്ടക്കേസിലാണ് കോടതി നടപടി. 'കട്ടിങ് സൗത്ത് 2023' എന്ന പേരില്‍ മാര്‍ച്ചില്‍ കൊച്ചിയില്‍ നടന്ന മാധ്യമ പരിപാടിക്കെതിരേ വ്യാജ പ്രചാരണം നടത്തിയെന്നതാണ് കേസ്. ന്യൂസ് ലോണ്‍ട്രി, കണ്‍ഫ്‌ലൂവന്‍സ് മീഡിയാ ഓണ്‍ലൈന്‍ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡുമാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. നിര്‍ബന്ധിത വിലക്ക് കൂടാതെ കര്‍മാ ന്യൂസില്‍ നിന്ന് മാപ്പപേക്ഷയും നഷ്ടപരിഹാരമായി രണ്ടു കോടി രൂപയും നല്‍കണമെന്നാണ് പരാതിക്കാരുടെ ആവശ്യം. ഹരജി പരിഗണിച്ച ജസ്റ്റിസ് മനോജ് കുമാര്‍ ഓഹ്‌രിയാണ് നോട്ടീസ് അയച്ചത്. 30 ദിവസത്തിനകം വിശദീകരണമെന്നാണ് നോട്ടീസില്‍ പറയുന്നത്. കേസില്‍ ആഗസ്തില്‍ വീണ്ടും വാദം കേള്‍ക്കും. വാദം നടക്കുന്നതു വരെ കേസുമായി ബന്ധപ്പെട്ട അഭിപ്രായമോ വീഡിയോകളോ ലേഖനമോ പ്രസിദ്ധീകരിക്കില്ലെന്ന് കര്‍മാ ന്യൂസിന്റെ അഭിഭാഷകന്‍ അറിയിച്ചു.
ഇക്കഴിഞ്ഞ മാര്‍ച്ച് 25ന് ന്യൂസ് ലോണ്‍ട്രി, കണ്‍ഫ്‌ലൂവന്‍സ് മീഡിയ എന്നിവര്‍ ന്യൂസ് മിനിറ്റിനൊപ്പം കൊച്ചിയിലെ കേരളാ മീഡിയ അക്കാദമിയില്‍ കട്ടിങ് സൗത്ത് 2023 എന്ന പേരില്‍ മാധ്യമ പരിപാടി സംഘടിപ്പിച്ചിരുന്നു. എന്നാല്‍, 'കട്ടിങ് സൗത്ത്' എന്ന പേരിനെ തെറ്റായി വ്യാഖ്യാനിക്കുകയും രാജ്യത്തെ ദക്ഷിണേന്ത്യയെന്നും ഉത്തരേന്ത്യയെന്നും വിഭജിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും പറഞ്ഞ് കര്‍മാ ന്യൂസ് ലേഖനങ്ങളും വീഡിയോകളും ചെയ്തിരുന്നു. മീഡിയ ഫെസ്റ്റിവലിന്റെ സംഘാടകര്‍ക്ക് വിഘടനവാദികളുമായും രാജ്യവിരുദ്ധ ശക്തികളുമായും ബന്ധമുണ്ടെന്നും വാര്‍ത്തയില്‍ ആരോപിച്ചിരുന്നു. ഇതിനെതിരേയാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നത്.