തോട്ടത്തില്‍ നിന്ന് പേരക്ക പറിച്ചതിന് യുപിയില്‍ ദലിത് യുവാവിനെ തല്ലിക്കൊന്നു
ലഖ്‌നോ: തോട്ടത്തില്‍നിന്ന് പേരക്ക പറിച്ചതിന് ദലിത് യുവാവിനെ തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ അലിഗഢ് ജില്ലയിലാണ് ക്രൂരത അരങ്ങേറിയത്. 25 വയസുകാരനായ ഓംപ്രകാശ് ആണ് ക്രൂരമര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് തോട്ടത്തിന്റെ ഉടമസ്ഥരായ ഭീംസെന്‍, ബന്‍വാരിലാല്‍ എന്നിവരെ യുപി പോലിസ് അറസ്റ്റുചെയ്തു. പ്രദേശത്തെ തോട്ടത്തില്‍നിന്നും പേരക്ക പറിച്ചതിനാണ് ഓംപ്രകാശിനെ തല്ലിക്കൊന്നതെന്നും സംഭവം ഒരു കുട്ടിയാണ് തങ്ങളെ അറിയിച്ചതെന്നും ഓംപ്രകാശിന്റെ സഹോദരന്‍ സത്യപ്രകാശ് പറഞ്ഞു.
സംഭവമറിഞ്ഞ് പോലിസ് സ്ഥലത്തെത്തി ഓംപ്രകാശിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. വടികളുമായെത്തിയാണ് ഓംപ്രകാശിനെ പ്രതികള്‍ ക്രൂരമായി മര്‍ദ്ദിച്ചതെന്നും തുടര്‍ന്ന് കൊല്ലപ്പെടുകയായിരുന്നുവെന്നുമാണ് റിപോര്‍ട്ട്. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് സര്‍ക്കിള്‍ ഓഫിസര്‍ അഭയ് കുമാര്‍ അറിയിച്ചു. 'തന്റെ സഹോദരന്‍ പുറത്തുപോയതായിരുന്നു. വീട്ടിലേക്ക് മടങ്ങിവരുന്ന വഴി അവന്‍ തോട്ടത്തില്‍ നിന്നും ഒരു പേരക്ക പറിച്ച് കഴിച്ചു.
അവന്റെ കൈയില്‍ പേരക്ക കണ്ട ചില പ്രദേശവാസികള്‍, തോട്ടത്തിന്റെ ഉടമസ്ഥരായ ഭീംസെന്നിനും ബന്‍വാരിലാലിനുമൊപ്പം വന്ന് അവനെ ക്രൂരമായി തല്ലുകയായിരുന്നു. വടികളും മറ്റ് കനമേറിയ വസ്തുക്കളുമുപയോഗിച്ച് ബോധം പോവുന്നത് വരെ അവനെ തല്ലി. അവന്റെ ശരീരത്തില്‍ കുറേ പാടുകളുണ്ടായിരുന്നു. ഒരു കുട്ടി വന്ന് പറഞ്ഞപ്പോഴാണ് ഞങ്ങള്‍ കാര്യങ്ങളറിയുന്നത്' ഓംപ്രകാശിന്റെ സഹോദരന്‍ സത്യപ്രകാശ് പറയുന്നു. ഐപിസി സെക്ഷന്‍ 302 (കൊലപാതകം), എസ്‌സി എസ്ടി ആക്ടിലെ സെക്ഷന്‍ 3(2)(v) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്.