ഹിജാബിന് ഐക്യദാര്‍ഢ്യവുമായി ദലിത് വിദ്യാര്‍ഥികള്‍; നീല ഷാളണിഞ്ഞ് പ്രകടനം (വീഡിയോ)
മംഗളൂരു: ഹിജാബിനെതിരായ സംഘപരിവാര്‍ നീക്കത്തെ തുടര്‍ന്ന് കര്‍ണാടകയിലെ ചില കോളജുകളില്‍ ഹിജാബ് നിരോധനം ഏര്‍പ്പെടുത്തിയത് വിവാദമാവുന്നതിനിടെ ആശ്വാസകരമായി മറ്റൊരു വാര്‍ത്ത. ഹിജാബ് ധരിക്കാനുള്ള അവകാശത്തിന് വേണ്ടി മുസ് ലിം വിദ്യാര്‍ഥിനികള്‍ നടത്തുന്ന പോരാട്ടത്തിന് ഐക്യദാര്‍ഢ്യമറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ദലിത് വിദ്യാര്‍ഥികള്‍. ബജ്റംഗ്ദള്‍ ഭീഷണിക്കും നിര്‍ബന്ധത്തിനും വഴങ്ങി നിരവധി വിദ്യാര്‍ഥികള്‍ ഹിജാബിനെതിരേ കാവി ഷാള്‍ അണിഞ്ഞ് പ്രകടനം നടത്തുന്നതിനിടേയാണ് ഹിജാബിന് ഐക്യദാര്ഢ്വവുമായി ദളിത് വിദ്യാര്‍ഥികള്‍ രംഗത്തെത്തിയത്. ചിക്മംഗ്ലൂര് ഐഡിഎസ്ജി കോളജിലെ വിദ്യാര്‍ഥികളാണ് നീല ഷാളണിഞ്ഞ ജയ് ഭീം മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയത്.
കഴിഞ്ഞ ഒരുമാസമായി കര്‍ണാടകയില്‍ ഹിജാബ് വിവാദം കത്തി നില്‍ക്കുകയാണ്. ഹിജാബ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വര്‍ രംഗത്തെത്തിയതാണ് പ്രശ്നങ്ങളുടെ തുടക്കം. ഹിജാബ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാര വിദ്യാര്‍ഥി സംഘടനയിലെ പ്രവര്‍ത്തകര്‍ കോളജ് അധികൃതര്‍ക്ക് കത്ത് നല്കി. വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള പ്രചാരണം സംഘപരിവാര്‍ സംഘടനകള്‍ ഏറ്റെടുത്തു. ഇതോടെ ഉഡുപ്പിയിലെ ഗവ. കോളജില്‍ ഹിജാബിന് നിരോധനം ഏര്‍പ്പെടുത്തി. ഹിജാബ് ധരിച്ച് വരുന്ന വിദ്യാര്‍ഥിനികളെ ക്ലാസില്‍ നിന്ന് പുറത്താക്കി. ഉഡുപ്പി ഗവ. കോളജില്‍ തുടങ്ങിയ ഹിന്ദുത്വ നീക്കം മറ്റു കോളജുകളിലേക്കും വ്യാപിച്ചു. ഇതോടെ ഉഡുപ്പിയിലെ മറ്റുകോളജുകളിലും ഹിജാബിന് നിരോധനം ഏര്‍പ്പെടുത്തുകയും ഹിജാബ് ധരിച്ച് വരുന്ന വിദ്യാര്‍ഥിനികളെ ബലം പ്രയോഗിച്ച് കോളജില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.