ജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന്‍ ബിജെപിയില്‍ പോവാന്‍ സമ്മതിച്ചിരുന്നുവെന്നും ദല്ലാള്‍ നന്ദകുമാര്‍
തിരുവനന്തപുരം: ബിജെപിയുമായി ചര്‍ച്ച നടത്തിയ മുതിര്‍ന്ന സിപിഎം നേതാവ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനാണെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ആരോപണത്തില്‍ വെളിപ്പെടുത്തലുമായി ദല്ലാള്‍ നന്ദകുമാര്‍. ബിജെപിയില്‍ പോവാനല്ല, ഇപി ജയരാജന്‍ പ്രകാശ് ജാവ്‌ദേക്കറുമായി ചര്‍ച്ച നടത്തിയതെന്നും ഉറ്റസുഹൃത്തായ പിണറായി വിജയനു വേണ്ടിയാണെന്നും ദല്ലാള്‍ നന്ദകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇ പി ജയരാജനേയും തന്നേയും മുതിര്‍ന്ന പ്രകാശ് ജാവദേക്കര്‍ വന്നുകാണുകയായിരുന്നു. ഇടതിന്റെ സഹായമുണ്ടെങ്കില്‍ ബിജെപിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാമെന്ന് അദ്ദേഹം ഇ പിയോട് പറഞ്ഞു. എന്നാല്‍, രക്ഷയില്ലെന്നായിരുന്നു ഇപിയുടെ മറുപടി നല്‍കി. ബിജെപിയെ സഹായിച്ചാല്‍ പകരമായി എസ്എന്‍സി ലാവ്‌ലിന്‍ കേസ് ഞങ്ങള്‍ ഇല്ലാതാക്കുമെന്നും സ്വര്‍ണക്കള്ളക്കടത്ത് കേസ് അവസാനിപ്പിക്കുമെന്നും ജാവദേക്കര്‍ ജയരാജന് ഉറപ്പുകൊടുത്തു. അഡ്ജസ്റ്റ്‌മെന്റിന് വിധേയമാവാമോയെന്നും അമിത് ഷാ വന്ന് ഇക്കാര്യങ്ങളില്‍ ഉറപ്പുതരുമെന്നും ജാവദേക്കര്‍ ഇപിയോട് പറഞ്ഞെങ്കിലും ഇ പി ജയരാജന്‍ എല്ലാം തള്ളിയെന്നും അദ്ദേഹം പറഞ്ഞു. 'വൈദേകം' റിസോര്‍ട്ടിനേക്കുറിച്ചു ചോദിച്ചപ്പോള്‍ അതില്‍ തനിക്ക് ഒന്നും പേടിക്കാനില്ലെന്നും അക്കാര്യം പറഞ്ഞ് വിലപേശല്‍ വേണ്ടെന്നുമായിരുന്നു ഇപിയുടെ മറുപടി. തൃശൂരില്‍ സുരേഷ് ഗോപിയെ എങ്ങനെയെങ്കിലും ജയിപ്പിച്ചെടുക്കണമെന്ന് ജയരാജനോട് ജാവദേക്കര്‍ ആവശ്യപ്പെട്ടു. എന്നാല്‍, അത് കേരളത്തില്‍ നടക്കില്ലെന്ന് ഇ പി മറുപടി നല്‍കി. സിപിഎം അല്ല, ഘടകകക്ഷിയായ സിപിഐ ആണ് അവിടെ മല്‍സരിക്കുന്നതെന്നും അഡ്ജസ്റ്റ്‌മെന്റ് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപിയെ മാറ്റാമോയെന്ന് ഇ പി ചോദിച്ചപ്പോള്‍ പറ്റില്ലെന്നായിരുന്നു ജാവദേക്കറുടെ മറുപടി. ഇതോടെ ചര്‍ച്ച പരാജയപ്പെട്ടു. പിന്നീട് നാലുതവണ ജാവദേക്കറുമായി താന്‍ ചര്‍ച്ചനടത്തിയെന്നും പിണറായി വിജയന്റെ സംരക്ഷകനായാണ് ഇ പി വന്നതെന്നും നന്ദകുമാര്‍ പറഞ്ഞു.
കെപിസിസി പ്രസിഡന്റായിരുന്നില്ലെങ്കില്‍ കെ സുധാകരന്‍ ബിജെപി സംസ്ഥാന അധ്യക്ഷനാവുമായിരുന്നുവെന്ന് നന്ദകുമാര്‍ പറഞ്ഞു. സുധാകരന്‍ ബിജെപിയുടെ ചൂണ്ടയില്‍ വീണതായിരുന്നു. കെപിസിസി അധ്യക്ഷസ്ഥാനം കിട്ടിയതോടെയാണ് അദ്ദേഹം ചാടിപ്പോയത്. പ്രകാശ് ജാവ്‌ദേക്കര്‍ അദ്ദേഹവുമായി സംസാരിച്ചിരുന്നു. കെ മുരളീധരനുമായും രമേശ് ചെന്നിത്തലയുമായുമൊക്കെ സംസാരിച്ചിരുന്നു. പി കെ കുഞ്ഞാലിക്കുട്ടിക്കുട്ടിയുമായി പ്രധാനമന്ത്രിയുടെ നിര്‍ദേശത്തില്‍ ശോഭാ സുരേന്ദ്രനാണ് സംസാരിച്ചതെന്നും ദല്ലാള്‍ നന്ദകുമാര്‍ പറഞ്ഞു.