പാപിക്കൊപ്പം ശിവന്‍ ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍ ജാഗ്രത വേണം; ജാവദേക്കര്‍-ദല്ലാള്‍ നന്ദകുമാര്‍ ചര്‍ച്ചയില്‍ ഇ പി ജയരാജനെ തിരുത്തി പിണറായി

Update: 2024-04-26 04:28 GMT
കണ്ണൂര്‍: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി ചര്‍ച്ച നടത്തിയെന്ന ദല്ലാള്‍ നന്ദകുമാറിന്റെയും ശോഭാസുരേന്ദ്രന്റെയും വെളിപ്പെടുത്തലില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശിവന്‍ പാപിക്കൊപ്പം ചേര്‍ന്നാല്‍ ശിവനും പാപിയാവുമെന്നും സൗഹൃദങ്ങളില്‍ ജാഗ്രത വേണമെന്നും പിണറായി പറഞ്ഞു. പിണറായി ആര്‍സി അമല സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ പി ജയരാജന്‍ ബിജെപിയിലേക്ക് പോകാന്‍ ചര്‍ച്ച നടത്തിയെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. എന്നാല്‍, തന്റെ കൂട്ടുകെട്ടില്‍ ജാഗ്രത പുലര്‍ത്താന്‍ ജയരാജന്‍ ശ്രദ്ധിക്കണം. ഒരുപാട് സുഹൃദ് ബന്ധമുള്ളയാളാണ് ജയരാജന്‍. ഇത്തരം സൗഹൃദങ്ങളില്‍ ജാഗ്രത പുലര്‍ത്തണം. ഇന്നാരെയാണ് വഞ്ചിക്കേണ്ടത് എന്ന് ആലോചിച്ച് നടക്കുന്നവരുമായി സൗഹൃദം ഉപേക്ഷിക്കേണ്ടതാണ്. ജയരാജന്‍ ഇക്കാര്യങ്ങളില്‍ ജാഗ്രത പാലിക്കാറില്ലെന്ന് നേരത്തേ തന്നെയുള്ള അനുഭവമാണ്. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറെ കാണുന്നതില്‍ തെറ്റില്ല. ഒരു രാഷ്ട്രീയ നേതാവിനെ കാണുന്നതില്‍ തെറ്റ് പറയാന്‍ സാധിക്കില്ല. ഇ പിക്കെതിരേ ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന ആരോപണം പാര്‍ട്ടിയെ ലക്ഷ്യംവച്ചാണ്. ജയാരനെതിരേ ശക്തമായ ഗൂഡാലോചന നടന്നിട്ടുണ്ട്. ഗൂഡാലോചനയ്ക്കു പിന്നില്‍ പ്രത്യേക ശക്തികളുണ്ട്. ജയരാജന്‍ പാര്‍ട്ടിയുടെ സമുന്നതനായ നേതാവാണ്. ഒരുപാട് പരീക്ഷണങ്ങള്‍ നേരിട്ട നേതാവാണ് അദ്ദേഹം. ഇപ്പോള്‍ ജയരാജനെതിരേ നടക്കുന്നത് തിരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള തെറ്റായ പ്രചാരണമാണ്. അതിനെ അങ്ങനെയേ കാണാനാവൂ എന്നും പിണറായി പറഞ്ഞു.
Tags:    

Similar News