ന്യൂഡല്‍ഹി: ഭാര്യയും കുടുംബവും മാനസികമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് ബിസിനസുകാരന്‍ ആത്മഹത്യ ചെയ്തു. ഡല്‍ഹിയില്‍ 'ഫോര്‍ ഗോഡ്‌സ് കേക്ക്' എന്ന പേരിലുള്ള പ്രശസ്തമായ ബേക്കറി നടത്തുന്ന പുനീത് ഖുരാന(40)യാണ് മോഡല്‍ടൗണിലെ വീട്ടില്‍ ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ഭാര്യ മാനിക പഹ്‌വയേയും അമ്മയേയും പോലിസ് കസ്റ്റഡിയില്‍ എടുത്തു.
2016ലാണ് ഇരുവരും വിവാഹം കഴിച്ചിരുന്നതെന്ന് പോലിസ് പറഞ്ഞു. ബന്ധം മോശമായതിനാല്‍ വേര്‍പിരിഞ്ഞു ജീവിക്കുകയായിരുന്നു. ബേക്കറിയുടെ ഷെയര്‍ വേണമെന്ന് ഭാര്യ നിരന്തരം ആവശ്യപ്പെടുമായിരുന്നു. തന്നെ കൊണ്ട് കൊള്ളില്ലെന്നും പോയി മരിക്കൂയെന്നും നിരന്തരം അപമാനിക്കുമായിരുന്നു എന്നും പുനീതിന്റെ കുടുംബം പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്. പുനീത് വിവാഹത്തിന് മുമ്പുതന്നെ സ്വന്തമായി കെട്ടിപ്പടുത്ത ബിസിനസിന്റെ ഒരു ഭാഗം തന്നാലേ വിവാഹമോചനം അനുവദിക്കൂയെന്നും ഭാര്യയുടെ കുടുംബം ഭീഷണിപ്പെടുത്തിയിരുന്നു. മാനിക,പുനീതിനെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ സന്ദേശവും പോലിസ് പിടിച്ചെടുത്തിട്ടുണ്ട്.