വോട്ടര്‍ ഐഡിയും ആധാറും ബന്ധിപ്പിക്കാനുള്ള സമയപരിധി ഒരുവര്‍ഷത്തേക്ക് നീട്ടി
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി കേന്ദ്ര സര്‍ക്കാര്‍ ഒരുവര്‍ഷത്തേക്ക് കൂടി നീട്ടി. നിയമ മന്ത്രാലയത്തിന്റെ പുതിയ വിജ്ഞാപനം അനുസരിച്ച് 2024 മാര്‍ച്ച് 31വരെ ആധാര്‍ കാര്‍ഡും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കാം. നേരത്തേ, 2023 ഏപ്രില്‍ ഒന്നു വരെയായിരുന്നു സമയപരിധി നല്‍കിയിരുന്നത്. വോട്ടര്‍പട്ടികയിലെ വിവരങ്ങളുടെ ആധികാരികത പരിശോധിക്കാനും ഒന്നിലധികം നിയോജക മണ്ഡലങ്ങളില്‍ ഒരേ വ്യക്തിയുടെ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്ന് തിരിച്ചറിയാനും വോട്ടര്‍ ഐഡിയും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതിലൂടെ സാധിക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതീക്ഷ.
വോട്ടര്‍ ഐഡിയും ആധാറും തമ്മില്‍ ഓണ്‍ലൈനായി ബന്ധിപ്പിക്കുന്നവിധം:
നാഷനല്‍ വോട്ടേഴ്‌സ് സര്‍വീസ് പോര്‍ട്ടലിന്റെ (NVSP) ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുക
'Search in Electoral Roll' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
വിവരങ്ങള്‍ നല്‍കിയ ശേഷം ആധാര്‍ നമ്പര്‍ നല്‍കുക
തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലോ ഇമെയിലിലോ ഒടിപി ലഭിക്കും
ഒടിപി നല്‍കിയ ശേഷം Submit ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇതോടെ രജിസ്ട്രഷന്‍ നടപടികള്‍ പൂര്‍ത്തിയാവും.