ഡിസംബര്‍ ഏഴ്; അന്താരാഷ്ട്ര ഏവിയേഷന്‍ ദിനം: ബീഗം ഹിജാബ് ഇംതിയാസ് അലി-വൈമാനികയായ ആദ്യ ഇന്ത്യന്‍ മുസ്‌ലിം വനിത
റസാഖ് മഞ്ചേരി
1939 ല്‍ അഥവാ ഇന്ത്യാ മഹാരാജ്യം സ്വാതന്ത്ര്യം നേടുന്നതിന് എട്ടു വര്‍ഷം മുമ്പ് ഒരു മുസ്‌ലിം വനിത വിമാനം പറത്താനുള്ള 'എ' ലെവല്‍ ലൈസന്‍സ് നേടിയിരുന്നു. ബ്രിട്ടീഷ് ഇന്ത്യയില്‍ പൈലറ്റായ ആദ്യ മുസ്‌ലിം വനിതയായ അവരുടെ പേരാണ് ബീഗം ഹിജാബ് ഇംതിയാസ് അലി. വൈമാനികയായ ആദ്യ ഇന്ത്യന്‍ മുസ്‌ലിം വനിത എന്ന ഖ്യാതി മാത്രമായിരുന്നില്ല ബീഗം ഹിജാബിനെ ശ്രദ്ധേയയാക്കിയത്. വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായിരുന്ന അവരെ ഉറുദു സാഹിത്യത്തെ കുറിച്ച് അല്‍പ്പെങ്കിലും അറിയുന്നവര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കേണ്ടിവരില്ല. ഉറുദു സാഹിത്യത്തിന് അത്രയേറെ സംഭാവനകള്‍ അര്‍പ്പിച്ച മഹതിയായിരുന്നു ബീഗം ഹിജാബ്. ഇന്ത്യയിലെ ആദ്യകാല വനിതാ പൈലറ്റുമാരും ജെആര്‍ഡി ടാറ്റയുടെ സഹോദരികളുമായ സാലി ടാറ്റ്, റോദാബേ ടാറ്റ, ഊര്‍മിള പരീക് എന്നിവരുടെ കാലത്ത് ലൈസന്‍സ് കരസ്ഥമാക്കിയ ആദ്യ മുസ്‌ലിം വനിതാ പൈലറ്റാണ് ബീഗം ഹിജാബ്. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ വനിതാ പൈലറ്റായി അറിയപ്പെടുന്ന സരള തക്രാലും ബീഗം ഹിജാബും 1936 ല്‍ ഒരേ സമയത്താണ് പൈലറ്റ് ലൈസന്‍സ് നേടുന്നത് എന്നതാണ് പ്രത്യേകത. സരളയും ബീഗം ഹിജാബും ലാഹോറിലെ ഫ്‌ലൈയിങ് സ്‌കൂളില്‍ നിന്നാണ് വിമാനം പറത്താന്‍ പരിശീലനം നേടിയത്. ടാറ്റ സഹോദരികള്‍ മുംബൈയില്‍ നിന്നാണ് പഠിച്ചത്. ഹൈദരാബാദിലെ കുലീന കുടുംബത്തില്‍ ജനിച്ച ബീഗം ഹിജാബ് വിവാഹം കഴിച്ചത് പ്രമുഖ ഉറുദു എഴുത്തു കാരനായ ഇംതിയാസ് അലിയെയായിരുന്നു.
അനാര്‍ക്കലി എന്ന അദ്ദേഹത്തിന്റെ നാടകം പിന്നീട് ഒട്ടേറെ സിനിമകള്‍ക്ക് തിരക്കഥയായിട്ടുണ്ട്. ബീഗം ഹിജാബിന്റെ ഭര്‍തൃമാതാവും പിതാവുമായിരുന്നു അവരുടെ പ്രചോദനമെന്നു പറയാം. ഭര്‍ത്താവിന്റെ ഉമ്മ മുഹമ്മദി ബീഗം അക്കാലത്തെ ഫെമിനിസ്റ്റുകളില്‍ പ്രമുഖയായാണ് അറിയപ്പെടുന്നത്. തഹ്‌സീബെ നിസ്‌വാന്‍, ഹുഖൂഖേ നിസ്‌വാന്‍ എന്നീ വനിതാ മാഗസിനുകളുടെ എഡിറ്റര്‍ കൂടിയായിരുന്നു അവര്‍. ലിംഗസമത്വത്തിനുവേണ്ടി വാദിച്ച അവരുടെ മാഗസിനിലാണ് ഒമ്പതാം വയസില്‍ ബീഗം ഹിജാബിന്റെ ആദ്യ കഥ പ്രസിദ്ധീകരിച്ചുവന്നത്. 'മേരി നാക്കാം മുഹബത്ത്' (എന്റെ പരാജിത പ്രണയം ) എന്ന കഥ അക്കാലത്ത് ഉറുദുവില്‍ രചിക്കപ്പെട്ട ഏറ്റവും നല്ല പ്രണയ കഥകളില്‍ ഒന്നായിരുന്നു. തഹ്‌സീബെ നിസ് വാനില്‍ പ്രസിദ്ധീകരിച്ച പ്രസ്തുത കഥയ്ക്ക് നിരവധി വായനക്കാരെയാണ് ലഭിച്ചത്. 12 ാം വയസിലാണ് ഈ കഥ ബീഗം ഹിജാബ് എഴുതുന്നത്. ഫൂല്‍(പുഷ്പം), പാഗല്‍ ഖാന(ഭ്രാന്താലയം) തുടങ്ങിയ നോവലുകള്‍ ഭാവിയിലെ ആണവ യുദ്ധങ്ങളെപോലും പ്രവചിക്കുന്നവയായിരുന്നു. വിവാഹ ശേഷമാണ് അവര്‍ പൈലറ്റ് പരിശീലനത്തിന് ചേര്‍ന്നത്. വൈമാനികയായ ബീഗം ഹിജാബിന്റെ കഥ 1939ല്‍ ഇന്റര്‍ നാഷനല്‍ വുമന്‍സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മുസ്‌ലിം സ്ത്രീകളെന്നല്ല സ്ത്രീകള്‍ പൊതുവില്‍ കടന്നു ചെല്ലാന്‍ മടിച്ചിരുന്ന ഒരു കാലഘട്ടത്തിലാണ് ഏറെ സാഹസികത നിറഞ്ഞ തോഴില്‍ രംഗം ബീഗം ഹിജാബ് തിരഞ്ഞെടുത്തത്. പൈലറ്റുമാരായി ലൈസന്‍സ് നേടിയ ഇന്ത്യയിലെ ആദ്യത്തെ രണ്ടു വനിതകള്‍ എന്ന ബഹുമതി യഥാര്‍ഥത്തില്‍ സരള തക്രാലും ബീഗം ഹിജാബിനും കൂടി അവകാശപ്പെട്ടതാണ്.