പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ജൂലൈ 31നകം പ്രസിദ്ധീകരിക്കണം: സംസ്ഥാന പരീക്ഷാ ബോര്‍ഡുകളോട് സുപ്രിംകോടതി

സിബിഎസ്ഇയ്ക്ക് സമാനമായി വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയത്തിന് ഫോര്‍മുല തയ്യാറാക്കി പത്തുദിവസത്തിനകം സമര്‍പ്പിക്കണമെന്നും സുപ്രിംകോടതി ആവശ്യപ്പെട്ടു.

Update: 2021-06-24 08:49 GMT

ന്യൂഡല്‍ഹി: പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ജൂലൈ 31നകം പ്രസിദ്ധീകരിക്കണമെന്ന് സംസ്ഥാന പരീക്ഷാ ബോര്‍ഡുകളോട് നിര്‍ദേശിച്ച് സുപ്രിംകോടതി. സിബിഎസ്ഇയ്ക്ക് സമാനമായി വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയത്തിന് ഫോര്‍മുല തയ്യാറാക്കി പത്തുദിവസത്തിനകം സമര്‍പ്പിക്കണമെന്നും സുപ്രിംകോടതി ആവശ്യപ്പെട്ടു.

പന്ത്രണ്ടാം ക്ലാസ് പരീക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് സുപ്രിംകോടതി ഈ നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചത്. കഴിഞ്ഞ ആഴ്ച കുട്ടികളുടെ മൂല്യനിര്‍ണയം നടത്തുന്നതിന് സിബിഎസ്ഇയും സിഐഎസ്‌സിഇയും സമര്‍പ്പിച്ച ഫോര്‍മുല സുപ്രിംകോടതി അംഗീകരിച്ചിരുന്നു. സമാനമായ നിലയില്‍ കുട്ടികളുടെ നിലവാരം നിര്‍ണയിക്കുന്നതിന് ഫോര്‍മുലയ്ക്ക് രൂപം നല്‍കാനാണ് സംസ്ഥാന ബോര്‍ഡുകളോട് കോടതി നിര്‍ദേശിച്ചത്. പത്തുദിവസത്തിനകം ഫോര്‍മുല തയ്യാറാക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂലൈ 31നകം ഫലം പ്രസിദ്ധീകരിക്കണമെന്ന് സംസ്ഥാന ബോര്‍ഡുകളോട് സുപ്രീംകോടതി നിര്‍ദേശിച്ചു.

സമാനമായ നിലയില്‍ സിബിഎസ്ഇ, സിഐഎസ്‌സിഇ ബോര്‍ഡുകളും ജൂലൈ 31നകം ഫലം പ്രസിദ്ധീകരിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. ഈ മാസത്തിന്റെ തുടക്കത്തിലാണ് വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയത്തിന് ഫോര്‍മുല തയ്യാറാക്കാന്‍ സിബിഎസ്ഇയോട് കോടതി നിര്‍ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞയാഴ്ചയാണ് സിബിഎസ്ഇ മൂല്യനിര്‍ണയ ഫോര്‍മുല സമര്‍പ്പിച്ചത്. സിബിഎസ്ഇ പദ്ധതിയില്‍ ഇടപെടാന്‍ ഒരു കാരണവുമില്ല എന്ന് ചൂണ്ടിക്കാട്ടി വിവിധ ഹര്‍ജികള്‍ തള്ളി കൊണ്ടാണ് വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയത്തിനുള്ള ഫോര്‍മുല സുപ്രീംകോടതി അംഗീകരിച്ചത്.നിലവില്‍ രാജ്യത്ത് 21 സംസ്ഥാനങ്ങള്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കുകയും ആറു സംസ്ഥാനങ്ങള്‍ പരീക്ഷ നടത്തുകയും ചെയ്തിട്ടുണ്ട്.

Tags:    

Similar News