ജിഫ്‌രി മുത്തുക്കോയ തങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നത് നോക്കിനില്‍ക്കില്ല: എസ്‌കെഎസ്എസ്എഫ്

സാമുദായിക വിഷയങ്ങളില്‍ സത്യസന്ധമായി ഇടപെടുന്നവര്‍ക്കെതിരേ വിദ്വേഷ പ്രചാരണവും ഭീഷണിയും ഉയര്‍ത്തുന്നത് സമുദായം തിരിച്ചറിയണമെന്നും എസ്‌കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു

Update: 2021-12-28 09:47 GMT

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്‌രി മുത്തുക്കോയ തങ്ങളെ ഫോണില്‍ വിളിച്ചും സാമൂഹിക മാധ്യങ്ങളിലൂടെയും അപകീര്‍ത്തിപ്പെടുത്തുന്നത് നോക്കിനില്‍ക്കാനാവില്ലെന്ന് സമസ്തയുടെ വിദ്യാര്‍ഥി വിഭാഗമായ എസ്‌കെഎസ്എസ്എഫ്. സാമുദായിക വിഷയങ്ങളില്‍ സത്യസന്ധമായി ഇടപെടുന്നവര്‍ക്കെതിരേ വിദ്വേഷ പ്രചാരണവും ഭീഷണിയും ഉയര്‍ത്തുന്നത് സമുദായം തിരിച്ചറിയണമെന്നും എസ്‌കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സമസ്തയും കീഴ്ഘടകങ്ങളും ഓരോ വിഷയങ്ങളിലും ഒറ്റക്കെട്ടായി എടുക്കുന്ന നയപരിപാടികളും തീരുമാനങ്ങളും അനുസരിച്ചും അംഗീകിച്ചുമാണ് സംഘടനാ പ്രവര്‍ത്തകര്‍ മുന്നോട്ട് പോവുന്നത്.

 അതില്‍ അനാവശ്യ വിവാദമുണ്ടാക്കി സാമൂഹിക മാധ്യമങ്ങളെ ദുരുപയോഗം ചെയ്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനുള്ള നീക്കം വിലപ്പോവില്ലെന്നും യോഗം ചൂണ്ടിക്കാട്ടി. തനിക്ക് വധഭീഷണിയുണ്ടെന്ന ജിഫ്‌രി തങ്ങളുടെ വെളിപ്പെടുത്തലിന് ശേഷം സമസ്തയുടെ ഭാഗത്ത് നിന്ന് വരുന്ന ആദ്യത്തെ പ്രതികരണമാണ് എസ്‌കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റിയുടെ പ്രസ്താവന. കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണയില്‍ ഒരു പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു ജിഫ്‌രി തങ്ങളുടെ വെളിപ്പെടുത്തല്‍. സിഎമ്മിന്റെ ഗതിയുണ്ടാവുമെന്ന് അടക്കം തനിക്ക് ഭീഷണി വരുന്നുണ്ടെന്നായിരുന്നു ജിഫ്‌രി തങ്ങളുടെ വെളിപ്പെടുത്തല്‍.

ചെമ്പരിക്ക ഖാസിയായിരുന്ന സിഎം അബ്ദുല്ല മൗലവിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. അതേസമയം ജിഫ്‌രി തങ്ങള്‍ക്കെതിരായ ഭീഷണിക്ക് പിന്നില്‍ ലീഗാണെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. തങ്ങള്‍ക്ക് ആവശ്യമെങ്കില്‍ പോലിസ് സുരക്ഷ ഏര്‍പ്പാടാക്കുമെന്ന് മന്ത്രി വി അബ്ദുറഹ്മാനും വ്യക്തമാക്കി. എന്നാല്‍ ലീഗിനെ വിഷയത്തിലേക്ക് വലിച്ചിഴക്കാനും കുതിരകയറാനും ആരും മുതിരേണ്ട എന്ന് മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചു. 

Tags:    

Similar News