ലോക്ക് ഡൗണ്‍ ലംഘിച്ച് ബംഗാളിലെ ക്ഷേത്രങ്ങളില്‍ രാമനവമി ആഘോഷം

അതിനിടെ, കൊവിഡ് നിയന്ത്രണം ലംഘിച്ച് തടിച്ചുകൂടിയവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച പോലിസുകാര്‍ക്കെതിരേ ബംഗാളില്‍ ആക്രമണവുമുണ്ടായി.

Update: 2020-04-02 19:44 GMT

കൊല്‍ക്കത്ത: കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ പശ്ചിമ ബംഗാളിലെ ക്ഷേത്രങ്ങളില്‍ തീര്‍ത്ഥാടകര്‍ ഒത്തുകൂടി രാമനവമി ആഘോഷിച്ചു. വിവിധ ക്ഷേത്രങ്ങളിലാണ് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തി തീര്‍ത്ഥാടകര്‍ ഒഴുകിയെത്തിയത്. 'ജയ് ശ്രീരാം' മുഴക്കി പല ക്ഷേത്രങ്ങള്‍ക്കു മുന്നിലും തീര്‍ത്ഥാടകരുടെ നീണ്ട നിരയാണുണ്ടായത്. ചിലയിടത്ത് പോലിസെത്തി ആളുകളെ പിരിച്ചുവിടാന്‍ ശ്രമിച്ചു. ക്ഷേത്രങ്ങളില്‍ രാമനവമി പ്രമാണിച്ച് പൂജ നടക്കുന്നുണ്ടെങ്കിലും തീര്‍ത്ഥാടകര്‍ക്കായി തുറന്നുകൊടുത്തിട്ടില്ല. ഇതേത്തുടര്‍ന്ന് ക്ഷേത്ര കവാടത്തിനു പുറത്താണ് തീര്‍ത്ഥാടകര്‍ തടിച്ചുകൂടിയത്. വിഎച്ച്പി ഉള്‍പ്പെടെയുള്ള വിവിധ ഹിന്ദുത്വ സംഘടനകള്‍ ആഘോഷപരിപാടികള്‍ നിര്‍ത്തിവച്ചതിനാല്‍ വാര്‍ഷിക രാമ നവാമി റാലികള്‍ ഇത്തവണ നടത്തിയിരുന്നില്ല. കിഴക്കന്‍ മെട്രോപോളിസിലെ ബെലിയഘട്ട, മാനിക് താല പ്രദേശങ്ങളിലെ നിരവധി ക്ഷേത്രങ്ങള്‍ക്കു മുന്നിലാണ് വന്‍തോതില്‍ തീര്‍ത്ഥാടതര്‍ തടിച്ചുകൂടിയത്. പൂജകള്‍ അര്‍പ്പിച്ചയുടന്‍ നാട്ടിലേക്ക് മടങ്ങാന്‍ പോലിസ് ആവശ്യപ്പെട്ടിരുന്നു. ഒത്തുചേരലുകള്‍ ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കാന്‍ കര്‍ശനമായി പാലിക്കാനും പോലിസ് നിര്‍ദേശിച്ചിരുന്നു.

    അതിനിടെ, കൊവിഡ് നിയന്ത്രണം ലംഘിച്ച് തടിച്ചുകൂടിയവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച പോലിസുകാര്‍ക്കെതിരേ ബംഗാളില്‍ ആക്രമണവുമുണ്ടായി. ആക്രമണത്തില്‍ രണ്ട് പോലിസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി 'ദി ഹിന്ദു' റിപോര്‍ട്ട് ചെയ്തു. ഒരു ചായക്കടയില്‍ ഒത്തുകൂടുന്നത് തടഞ്ഞതിനാണ് വെസ്റ്റ് മിഡ്പൂരിലെ ഗോള്‍ടോറില്‍ പോലിസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തതെന്ന് ജില്ലാ പോലിസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. രണ്ട് പോലിസ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഔട്ട് ലെറ്റില്‍ ഭക്ഷ്യധാന്യങ്ങളുടെ ശേഖരം തീര്‍ന്നതിനാല്‍ ബിര്‍ബം ജില്ലയിലെ ഒരു റേഷന്‍ ഷോപ്പ് ഉടമയെയും ആളുകള്‍ മര്‍ദ്ദിച്ചു. 'ഞങ്ങള്‍ രാവിലെ മുതല്‍ ഇവിടെ നില്‍ക്കുന്നു, ഇപ്പോള്‍ റേഷന്‍ ഷോപ്പ് ഉടമ സ്‌റ്റോക്കില്ലെന്നാണ് പറയുന്നത്. അയാള്‍ നുണ പറയുകയാണ്. ഗോഡൗണില്‍ സാധനങ്ങളുണ്ടെന്നും പ്രദേശവാസി ആരോപിച്ചു.


21 ദിവസത്തെ രാജ്യവ്യാപകമായ ലോക്ക്ഡൗണ്‍ വ്യാഴാഴ്ച ഒന്‍പതാം ദിവസത്തിലേക്ക് കടന്നപ്പോള്‍, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആളുകള്‍ മാര്‍ക്കറ്റുകളിലും റേഷന്‍ ഷോപ്പുകളിലും അവശ്യവസ്തുക്കള്‍ വാങ്ങാനായി നിയന്ത്രണ ഉത്തരവ് ലംഘിച്ചെത്തി. ബര്‍ദ്വാന്‍, പുരുലിയ, ബന്‍കുര, വെസ്റ്റ് മിഡ്‌നാപൂര്‍, ബിര്‍ഭം തുടങ്ങിയ ജില്ലകളിലാണ് സാമൂഹിക അകലം പാലിക്കണമെന്ന പ്രാദേശിക ഭരണകൂടത്തിന്റെ അഭ്യര്‍ത്ഥനകളെല്ലാം അവഗണിച്ച് ആളുകള്‍ കടകള്‍ക്ക് മു്ന്നില്‍ തടിച്ചുകൂടിയത്.


കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം സപ്തംബര്‍ വരെ 7.5 കോടിയിലേറെ ആളുകള്‍ക്ക് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സൗജന്യ റേഷന്‍ പ്രഖ്യാപിച്ചിരുന്നു.




Tags:    

Similar News