കെജ്‌രിവാളിനെതിരേ വ്യാജ വീഡിയോ; ബിജെപി വക്താവ് സാംബിത് പത്രക്കെതിരേ കേസെടുക്കാന്‍ ഡല്‍ഹി കോടതിയുടെ നിര്‍ദേശം
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരേ സാമൂഹിക മാധ്യമത്തില്‍ വ്യാജ വീഡിയോ പോസ്റ്റ് ചെയ്തതിന് ബിജെപി നേതാവും ദേശീയ വക്താവുമായ സാംബിത് പത്രയ്‌ക്കെതിരേ കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചു. ഡല്‍ഹി തീസ് ഹസാരി കോടതിയിലെ മെട്രോപ്പൊളിറ്റന്‍ മജിസ്‌ട്രേറ്റ് ഋഷഭ് കപൂറാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി പോലിസിന് ഉത്തരവ് നല്‍കിയത്. അഭിഭാഷകരായ ഋഷികേശ്, മുഹമ്മദ് ഇര്‍ഷാദ് എന്നിവര്‍ മുഖേന ആം ആദ് മി പാര്‍ട്ടി എംഎല്‍എ അതീഷി നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുക്കാനുള്ള നിര്‍ദേശം.
കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ എഡിറ്റ് ചെയ്ത വീഡിയോ ജനുവരിയിലാണ് ബിജെപി വക്താവ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. പൊതുസമൂഹത്തിലുള്ളവരെ ഡല്‍ഹി മുഖ്യമന്ത്രിക്കെതിരേ തിരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതി യഥാര്‍ഥ വീഡിയോ ബോധപൂര്‍വവും കൃത്രിമവുമായി ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതെന്ന് ഹരജിക്കാരന് വേണ്ടി ഹാജരായ അഡ്വ. ഇര്‍ഷാദ് പറഞ്ഞു.
വ്യാജ വീഡിയോ പോസ്റ്റ് ചെയ്ത ബിജെപി വക്താവിനെതിരേ നടപടിയാവശ്യപ്പെട്ട് പരാതി നല്‍കിയെങ്കിലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലിസ് തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്. പരാതിയില്‍ പറയുന്ന കുറ്റങ്ങള്‍ ചെയ്തുവെന്ന് വ്യക്തമാണ്. അതുകൊണ്ടുതന്നെ ബന്ധപ്പെട്ട നിയമവ്യവസ്ഥകള്‍ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് പോലിസ് ഉദ്യോഗസ്ഥരുടെ പരമമായ കടമയാണെന്ന് ഹരജിയില്‍ പറയുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 156 (3) പ്രകാരം കോടതി കേസെടുക്കാന്‍ പോലിസിനോട് നിര്‍ദേശിച്ചതായി ആം ആദ്മി പാര്‍ട്ടിയുടെ ഋഷികേശ് കുമാര്‍ ട്വിറ്ററില്‍ കുറിച്ചു.