ഡല്‍ഹി കലാപം: പ്രതിചേര്‍ക്കപ്പെട്ട ഉമര്‍ ഖാലിദിന് ഒരു കേസില്‍ ഉപാധികളോടെ ജാമ്യം
20,000 രൂപ ബോണ്ടും ഒരു ആള്‍ ജാമ്യം വ്യവസ്ഥയിലുമാണ് ജാമ്യം അനുവദിച്ചത്. എന്നാല്‍, കലാപവുമായി ബന്ധപ്പെട്ട മറ്റ് കേസുകളില്‍ യുഎപിഎ ചുമത്തിയതിനാല്‍ ഉമര്‍ ഖാലിദിന് പുറത്തിറങ്ങാനാവില്ലെന്ന് ലൈവ് ലോ റിപോര്‍ട്ട് ചെയ്യുന്നു.
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ മുസ്‌ലിം വിരുദ്ധ കലാപത്തില്‍ പങ്കുണ്ടെന്നാരോപിച്ച് അറസ്റ്റുചെയ്ത ജെഎന്‍യു മുന്‍ വിദ്യാര്‍ഥി നേതാവും ആക്ടിവിസ്റ്റുമായ ഉമര്‍ ഖാലിദിന് ഒരു കേസില്‍ ജാമ്യം ലഭിച്ചു. 20,000 രൂപ ബോണ്ടും ഒരു ആള്‍ ജാമ്യം വ്യവസ്ഥയിലുമാണ് ജാമ്യം അനുവദിച്ചത്. എന്നാല്‍, കലാപവുമായി ബന്ധപ്പെട്ട മറ്റ് കേസുകളില്‍ യുഎപിഎ ചുമത്തിയതിനാല്‍ ഉമര്‍ ഖാലിദിന് പുറത്തിറങ്ങാനാവില്ലെന്ന് ലൈവ് ലോ റിപോര്‍ട്ട് ചെയ്യുന്നു. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഖാജുരി ഖാസ് പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്. ആം ആദ്മി കൗണ്‍സിലറായിരുന്ന താഹിര്‍ ഹുസൈന്‍ അടക്കം പതിനഞ്ചോളം പേര്‍ ഉള്‍പ്പെട്ട കേസിലാണ് ഉമര്‍ ഖാലിദിന് ജാമ്യം ലഭിച്ചത്.
'കലാപകാരികളായ ജനക്കൂട്ടത്തിന്റെ ഭാഗമായ മറ്റ് വ്യക്തികളെ തിരിച്ചറിഞ്ഞ് അറസ്റ്റുചെയ്യണമെന്ന കാരണം പറഞ്ഞ് പ്രതിയെ അനന്തമായി ജയിലില്‍ അടയ്ക്കാന്‍ കഴിയില്ല,' ഖാലിദിന് ജാമ്യം നല്‍കിക്കൊണ്ട് ജഡ്ജി വിനോദ് യാദവ് നിരീക്ഷിച്ചു. അടുത്തിടെ മറ്റൊരു കലാപക്കുറ്റത്തിന് ജാമ്യം അനുവദിക്കുന്നതിനിടെ ജഡ്ജി സമാനമായ നിരീക്ഷണം നടത്തിയിരുന്നു. കൂടുതല്‍ ജാമ്യവ്യവസ്ഥയെന്ന നിലയില്‍ ആരോഗ്യസേതു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ജഡ്ജി ഖാലിദിനോട് ആവശ്യപ്പെട്ടു. ഡല്‍ഹി കലാപക്കേസില്‍ ഒക്ടോബര്‍ ഒന്നിനാണ് ഉമര്‍ ഖാലിദ് അറസ്റ്റിലാവുന്നത്.
കലാപത്തിന് പദ്ധതിയിട്ടെന്ന പേരില്‍ സപ്തംബറില്‍ ഉമറിന് മേല്‍ യുഎപിഎ ചുമത്തിയിരുന്നു. നവംബര്‍ 22 നാണ് ഉമര്‍ ഖാലിദ്, വിദ്യാര്‍ഥി നേതാക്കളായ ഷര്‍ജീല്‍ ഇമാം, ഫൈസാന്‍ ഖാന്‍ എന്നിവര്‍ക്കെതിരേ ഡല്‍ഹി പോലിസ് 200 പേജുള്ള കുറ്റപത്രം ഫയല്‍ ചെയ്യുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഡല്‍ഹി സന്ദര്‍ശന വേളയില്‍ ഉമര്‍ ഖാലിദ് ആക്രമണം ആസൂത്രണം ചെയ്തുവെന്നും കുറ്റപത്രത്തില്‍ പോലിസ് ആരോപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധം സംഘടിപ്പിച്ചവരാണ് ആസൂത്രണം ചെയ്തതെന്നും ഡല്‍ഹി പോലിസ് അവകാശപ്പെടുന്നു. കലാപത്തില്‍ ഗൂഢാലോചന ആരോപിച്ച് നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരെയും വിദ്യാര്‍ഥികളെയും പോലിസ് അറസ്റ്റുചെയ്തിട്ടുണ്ട്.