എഎപി നേതാവിന് നേരെ വെടിവയ്പ്പ്: കൊല്ലപ്പെട്ടത് ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവ് -വ്യക്തി വൈരാഗ്യമെന്ന് പോലിസ്
ഇന്നലെ രാത്രിയാണ് എഎപി എംഎല്‍എ നരേഷ് യാദവിന് നേരെ വെടിയുതിര്‍ക്കുകയും പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും ചെയ്തത്. വിജയത്തിന് ശേഷം എഎപി എംഎല്‍എ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് വെടിവെപ്പുണ്ടായത്.
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് നരേഷ് യാദവിനും സംഘത്തിനുമെതിരെ ഇന്നലെ രാത്രി നടന്ന വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത് ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവ്. കൊല്ലപ്പെട്ട അശോക് മന്‍ എന്നയാളെയാണ് അക്രമികള്‍ ലക്ഷ്യമിട്ടത്. ഇദ്ദേഹത്തിന്റെ മകളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും പോലിസ് പറഞ്ഞു.
സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നരേഷ് യാദവായിരുന്നില്ല അക്രമികളുടെ ലക്ഷ്യമെന്നും അശോക് മന്‍ തന്നെയായിരുന്നുവെന്നും പറഞ്ഞത് ഡിസിപി ഇങ്കിത് പ്രതാപാണ്. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെയുള്ള രാഷ്ട്രീയ പകപോക്കലാണെന്ന വാദവും പോലിസ് തള്ളി. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
ആറ് മാസം മുന്‍പാണ് അശോക് മന്നിന്റെ മകളെ ബലാത്സംഗം ചെയ്തത്. സംഭവത്തില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അശോക് കഴിഞ്ഞ വര്‍ഷം വെടിവച്ചിരുന്നു. ബലാത്സംഗം ചെയ്ത പ്രതിയുടെ ബന്ധുവിനെയാണ് ആക്രമിച്ചത്. രണ്ടാഴ്ച മുന്‍പ് പ്രതിയെ അശോക് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പോലിസ് പറഞ്ഞു. ഇതിന്റെ പകപോക്കലാവാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലിസ് നല്‍കുന്ന വിശദീകരണം.
പെണ്‍കുട്ടിക്കും കുടുംബത്തിനും സുരക്ഷ ഉറപ്പാക്കുമെന്ന് പോലിസ് അറിയിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയാണ് എഎപി എംഎല്‍എ നരേഷ് യാദവിന് നേരെ വെടിയുതിര്‍ക്കുകയും പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും ചെയ്തത്. വിജയത്തിന് ശേഷം എഎപി എംഎല്‍എ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് വെടിവെപ്പുണ്ടായത്. നരേഷ് യാദവ് സഞ്ചരിച്ച തുറന്ന കാറിന് നേരെ അക്രമികള്‍ നാല് റൗണ്ട് വെടിയുതിര്‍ത്തു.