ഉന്നാവോ അപകടം: പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി; ഡല്‍ഹിയിലേക്ക് മാറ്റുന്നതില്‍ തീരുമാനം ഇന്ന്
തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന പെണ്‍കുട്ടിയുടെയും അഭിഭാഷകന്റെയും ആരോഗ്യനിലയില്‍ മാറ്റമുണ്ടെന്ന് ട്രോമാ കെയര്‍ മേധാവി ഡോ.വി സന്ദീപ് തിവാരി ദേശീയമാധ്യമങ്ങളോട് പറഞ്ഞു. പെണ്‍കുട്ടിയുടെ സിടി സ്‌കാനില്‍ തലയ്ക്ക് കാര്യമായ ക്ഷതം കണ്ടെത്താനായില്ല. എങ്കിലും വെന്റിലേറ്ററിന്റെ സഹായത്താലാണ് ജീവന്‍ നിലനിര്‍ത്തുന്നത്.
ലഖ്‌നോ: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഉന്നാവോ പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് പെണ്‍കുട്ടി ചികില്‍സയില്‍ കഴിയുന്ന കിങ് ജോര്‍ജ് മെഡിക്കല്‍ യൂനിവേഴ്‌സിറ്റി ആശുപത്രിയിലെ ഡോക്ടര്‍മാര്‍. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന പെണ്‍കുട്ടിയുടെയും അഭിഭാഷകന്റെയും ആരോഗ്യനിലയില്‍ മാറ്റമുണ്ടെന്ന് ട്രോമാ കെയര്‍ മേധാവി ഡോ.വി സന്ദീപ് തിവാരി ദേശീയമാധ്യമങ്ങളോട് പറഞ്ഞു. പെണ്‍കുട്ടിയുടെ സിടി സ്‌കാനില്‍ തലയ്ക്ക് കാര്യമായ ക്ഷതം കണ്ടെത്താനായില്ല. എങ്കിലും വെന്റിലേറ്ററിന്റെ സഹായത്താലാണ് ജീവന്‍ നിലനിര്‍ത്തുന്നത്. വിദഗ്ധഡോക്ടര്‍മാരുടെ പ്രത്യേകസംഘമാണ് പെണ്‍കുട്ടിയുടെ ചികില്‍സ ഏകോപിപ്പിക്കുന്നത്. പെണ്‍കുട്ടിയെ ഉത്തര്‍പ്രദേശിന് പുറത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. ഇതുസംബന്ധിച്ച് പുതിയ നിര്‍ദേശങ്ങളൊന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ല.
പെണ്‍കുട്ടിക്ക് ലക്‌നൗവില്‍തന്നെ വിദഗ്ധചികില്‍സ നല്‍കാനാവുമെന്നും സന്ദീപ് തിവാരി വ്യക്തമാക്കി. പരീക്ഷണാടിസ്ഥാനത്തില്‍ അഭിഭാഷകന്റെ വെന്റിലേറ്റര്‍ ഒരുതവണ മാറ്റിനോക്കിയിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സാധാരണനിലയിലേക്ക് എത്തിയിട്ടുണ്ട്. ഇപ്പോള്‍ വീണ്ടും വെന്റിലേറ്റര്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ടെന്നും തിവാരി കൂട്ടിച്ചേര്‍ത്തു. അതേസമയം, പെണ്‍കുട്ടിയെ വിദഗ്ധചികില്‍സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റുന്ന കാര്യത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രിംകോടതിയെ ഇന്ന് തീരുമാനം അറിയിക്കും. ഡോക്ടര്‍മാരുടെ നിര്‍ദേശത്തിനൊപ്പം പെണ്‍കുട്ടിയുടെ കുടുംബത്തോടുകൂടി ആലോചിച്ച് തീരുമാനമെടുക്കണമെന്നായിരുന്നു സുപ്രിംകോടതിയുടെ ഉത്തരവ്.
ഡല്‍ഹിയിലേക്ക് ചികില്‍സ മാറ്റാമെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളില്‍ ഒരുവിഭാഗം സമ്മതിക്കുമ്പോള്‍ ലഖ്‌നൗവില്‍ ചികില്‍സ തുടരാമെന്നാണ് അമ്മയടക്കമുള്ളവരുടെ നിലപാട്. അതിനിടെ, കേസ് അന്വേഷിക്കുന്ന സിബിഐ സംഘം ആശുപത്രിയിലെത്തി പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ശുപാര്‍ശപ്രകാരം കേന്ദ്രസര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. വ്യാഴാഴ്ച ഉന്നാവോ കേസില്‍ സിബിഐ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രിംകോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സംഘം ആശുപത്രിയിലെത്തി മൊഴിയെടുക്കല്‍ നടത്തിയത്.