കൊല്‍ക്കത്തയിലെ ബലാല്‍സംഗക്കൊല: ഡോക്ടര്‍മാരടക്കം പലരെയും സംശയമുണ്ടെന്ന് മാതാപിതാക്കള്‍; പേരുകള്‍ സിബിഐക്ക് കൈമാറി
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ട്രെയിനി ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവരുടെ പേരുകള്‍ മാതാപിതാക്കള്‍ സിബിഐക്ക് കൈമാറി. കൊല്‍ക്കത്ത ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് സിബിഐ കേസ് അന്വേഷിക്കുന്നത്. ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ രാത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു ഹൗസ് സ്റ്റാഫിനെയും രണ്ട് ബിരുദാനന്തര ട്രെയിനികളെയും സിബിഐ ഇന്ന് വിളിച്ചുവരുത്തി. ആശുപത്രി മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സന്ദീപ് ഘോഷിനെ സിബിഐ ചോദ്യം ചെയ്യലിനായി കൊണ്ടുപോയി.
യുവതിയുടെ മൃതദേഹം കണ്ടെത്തി രണ്ട് ദിവസത്തിന് ശേഷം ഡോ. ഘോഷ് രാജിവച്ചിരുന്നു. ആക്രമിക്കപ്പെടുമെന്ന് ഭയമുണ്ടെന്നും കല്‍ക്കട്ട ഹൈക്കോടതിയില്‍ നിന്ന് സംരക്ഷണം തേടിയെന്നും സിംഗിള്‍ ബെഞ്ചിനെ സമീപിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് പിന്നിലെ സത്യം വളച്ചൊടിക്കാന്‍ പ്രതിപക്ഷമായ സിപിഎമ്മും ബിജെപിയും ആര്‍ജി കര്‍ ആശുപത്രിയില്‍ നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു. മെഡിക്കല്‍ പ്രൊഫഷണലുകളുടെ ആശുപത്രികളിലും ജോലിസ്ഥലങ്ങളിലും സുരക്ഷ ഉറപ്പാക്കാന്‍ നിയമം വേണമെന്ന് ആവശ്യപ്പെട്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ഡോക്ടര്‍മാരും രാജ്യത്തുടനീളം പ്രതിഷേധം നടത്തുകയാണ്.