'നിങ്ങളുടെ സ്വഭാവം കൊണ്ടാണ് കിട്ടുന്നത്'; കോങ്ങാട് എംഎല്‍എയ്ക്കെതിരേ ഡോക്ടര്‍മാരുടെ പരാതി
പാലക്കാട്: ഭര്‍ത്താവിന് ചികില്‍സ തേടിയെത്തിയ എംഎല്‍എ ആരോഗ്യപ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറിയെന്ന് ഡോക്ടര്‍മാരുടെ പരാതി. കോങ്ങാട് എംഎല്‍എയും സിപിഎം നേതാവുമായ കെ ശാന്തകുമാരിക്കെതിരേയാണ് പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പരാതി നല്‍കിയത്. ഇന്നലെ കാഷ്വാലിറ്റിയില്‍ ഭര്‍ത്താവിന്റെ ചികില്‍സയ്ക്കു വേണ്ടി എത്തിയപ്പോഴാണ് സംഭവം. പനിക്ക് ചികില്‍സ തേടിയാണ് എംഎല്‍എ ഭര്‍ത്താവിനെ ആശുപത്രിയിലെത്തിച്ചത്. ഡ്യൂട്ടിയിലുള്ള ഡോക്ടര്‍ കൈകൊണ്ട് തൊട്ട് നോക്കി മരുന്ന് കുറിച്ചു. പിന്നാലെ എന്തുകൊണ്ട് തെര്‍മോ മീറ്റര്‍ ഉപയോഗിച്ചില്ലെന്ന് ചോദിച്ച് എംഎല്‍എ കയര്‍ക്കുകയായിരുന്നു. നിങ്ങളുടെ സ്വഭാവം കൊണ്ടാണ് ഇങ്ങനെയൊക്കെ കിട്ടുന്നതെന്ന് പറഞ്ഞ് അധിക്ഷേപിച്ചെന്നും ഡോക്ടര്‍മാര്‍ ആരോപിച്ചു. എന്നാല്‍ താന്‍ ഡോക്ടര്‍മാരെ ആക്ഷേപിച്ചിട്ടില്ലെന്നാണ് കോങ്ങാട് എംഎല്‍എ കെ ശാന്തകുമാരിയുടെ പ്രതികരണം. ഡോക്ടര്‍മാരോട് മോശമായി പെരുമാറിയിട്ടില്ല. അത്യാഹിത വിഭാഗത്തിലായാലും എല്ലാവരോടും ഒരുപോലെ പെരുമാറണമെന്നാണ് ഡോക്ടര്‍മാരോട് പറഞ്ഞത്. ഡിഎംഒയോട് കാര്യങ്ങള്‍ ബോധിപ്പിച്ചിട്ടുണ്ട്. ആരെയും ദുഖിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. ആവശ്യമെങ്കില്‍ ഖേദം പ്രകടിപ്പിക്കാമെന്നും അവര്‍ പറഞ്ഞു.