ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആം ആദ്മിക്ക് മുന്‍തൂക്കം

Update: 2022-12-07 05:27 GMT

ന്യൂഡല്‍ഹി: മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് മല്‍സരം കാഴ്ചവച്ച് ആം ആദ്മി പാര്‍ട്ടിയും ബിജെപിയും. ലീഡ് നില മാറിമറിയുകയാണ്. ഒടുവിലത്തെ റിപോര്‍ട്ട് അനുസരിച്ച് ആം ആദ്മിക്കാണ് മുന്‍തൂക്കമുള്ളത്. 126 സീറ്റിലാണ് എഎപി ലീഡ് ചെയ്യുന്നത്. തൊട്ടുപിന്നില്‍ 106 സീറ്റുകളില്‍ ബിജെപിയും ലീഡ് ചെയ്യുന്നു. അതേസമയം, കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. 11 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. മറ്റുള്ള പാര്‍ട്ടികള്‍ ഏഴ് സീറ്റില്‍ ലീഡ് ചെയ്യുന്നു. ആദ്യമണിക്കൂറുകളിലെ ഫലം പുറത്തുവരുമ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ബിജെപിയും ആം ആദ്മിയും തമ്മില്‍ നടക്കുന്നത്.

ആദ്യഘട്ടത്തില്‍ പോസ്റ്റല്‍ വോട്ടുകളുടെ ഫലം പുറത്തുവന്നപ്പോള്‍ ആം ആദ്മി ആയിരുന്നു മുന്നില്‍. എന്നാല്‍, വോട്ടിങ് മെഷീനിലെ വോട്ട് എണ്ണിത്തുടങ്ങിയപ്പോള്‍ ബിജെപി മുന്നിലിലെത്തി. പിന്നീട് ആം ആദ്മി വീണ്ടും ലീഡ് തിരിച്ചുപിടിച്ചു. കോര്‍പറേഷനിലെ 250 വാര്‍ഡുകളിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. 126 ആണ് കേവലഭൂരിപക്ഷത്തിനു വേണ്ട സീറ്റുകളുടെ എണ്ണം. ആരും വ്യക്തമായ ഭൂരിപക്ഷം ഉറപ്പിക്കാത്ത സാഹചര്യത്തില്‍ ആം ആദ്മി- കോണ്‍ഗ്രസ് സഖ്യം അധികാരത്തില്‍ വരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഡല്‍ഹിയിലെ സര്‍ക്കാര്‍ ഭരണം കൈയാളുന്നത് ആം ആദ്മി ആണെങ്കിലും കഴിഞ്ഞ 15 വര്‍ഷമായി കോര്‍പറേഷന്‍ ഭരിക്കുന്നത് ബിജെപിയാണ്. ഇത്തവണ ആം ആദ്മി പാര്‍ട്ടി ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ പിടിച്ചെടുക്കുമെന്നായിരുന്നു എക്‌സിറ്റ് പോളുകളുടെ പ്രവചനം.

250 സീറ്റുകളില്‍ 149 മുതല്‍ 171 സീറ്റുകള്‍ വരെ എഎപി നേടുമെന്നാണ് പ്രവചനം. ബിജെപി 61 മുതല്‍ 91 സീറ്റുകള്‍ വരെ നേടും. കോണ്‍ഗ്രസ് 3 മുതല്‍ 7 സീറ്റുകളില്‍ ഒതുങ്ങുമെന്നുമാണ് പ്രവചനം. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റില്ലെന്നും എഎപി വലിയ വിജയം നേടുമെന്നും നേതാക്കള്‍ പറഞ്ഞു. മൂന്ന് കോര്‍പ്പറേഷനുകളും സംയോജിപ്പിച്ച് ഒന്നാക്കിയ ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിന് തൊട്ടു മുമ്പാണ് മൂന്ന് കോര്‍പറേഷനുകളും കേന്ദ്രസര്‍ക്കാര്‍ ഒറ്റ മുനിസിപ്പല്‍ കോര്‍പറേഷനാക്കി മാറ്റിയത്. അതോടെ മാറിമറഞ്ഞ സാധ്യതകള്‍ ആര്‍ക്ക് അനുകൂലമാവുമെന്ന ആകാംക്ഷയിലാണ് പാര്‍ട്ടികള്‍. രാവിലെ എട്ട് മണിക്കാണ് വോട്ടെണല്‍ ആരംഭിച്ചത്. നഗരത്തിലെ 42 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുക.

Tags:    

Similar News