ന്യൂഡല്‍ഹി: ത്രികോണമല്‍സരം നടന്ന ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ കുത്തക തകര്‍ന്നു. ആം ആദ്മി പാര്‍ട്ടി കേവലഭൂരിപക്ഷം കടന്നു. 70 ഇടത്ത് ജയിച്ച പാര്‍ട്ടി 65 ഇടത്ത് ലീഡ് നിലനിര്‍ത്തുന്നുണ്ട്. 250 വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 126 ആണ് കേവലഭൂരിപക്ഷത്തിനു വേണ്ട സീറ്റുകളുടെ എണ്ണം. ആം ആദ്മി പാര്‍ട്ടി ജയിച്ചതും ലീഡുള്ളതുമായ ആകെ സീറ്റുകള്‍ 134 ആയി. 52 സീറ്റില്‍ ജയിച്ച ബിജെപിക്ക് 48 ഇടത്ത് ലീഡുണ്ട്. 4 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് വിജയിച്ചത്. അഞ്ചിടത്ത് ലീഡ് ചെയ്യുന്നുണ്ട്.
ആദ്യമണിക്കൂറുകളിലെ ഫലം പുറത്തുവന്നപ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ബിജെപിയും ആം ആദ്മിയും തമ്മില്‍ നടന്നത്. പിന്നീട് എഎപി കേവലഭൂരിപക്ഷത്തിലേക്ക് ലീഡ് നില ഉയര്‍ത്തിയപ്പോള്‍ ബിജെപി തൊട്ടുപിന്നിലായി. എന്നാല്‍, വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതല്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുന്ന കാഴ്ചയാണ് കണ്ടത്. കഴിഞ്ഞ 15 വര്‍ഷമായി കോര്‍പറേഷന്‍ ഭരിക്കുന്നത് ബിജെപിയാണ്. ഇത്തവണ ബിജെപിയെ ബഹുദൂരം പിന്നിലാക്കി ആം ആദ്മി ഭരണം പിടിച്ചെടുക്കുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ഡല്‍ഹിയിലെ മൂന്ന് കോര്‍പറേഷനുകളും ലയിപ്പിച്ച് ഒറ്റ കോര്‍പറേഷനാക്കിയതിനുശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പിലാണ് എഎപിയുടെ ചരിത്രവിജയം. വോട്ടെണ്ണല്‍ തുടരുകയാണ്.