സുഹൃത്തിന്റെ മകളെ ബലാല്‍സംഗം ചെയ്തു; ഡല്‍ഹിയില്‍ ഉന്നത ഉദ്യോഗസ്ഥനും ഭാര്യയും അറസ്റ്റില്‍
ന്യൂഡല്‍ഹി: സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാവാത്ത മകളെ നിരന്തരം പീഡിപ്പിക്കുകയും ഗര്‍ഭച്ഛിദ്രം നടത്തുകയും ചെയ്ത സംഭവത്തില്‍ ഡല്‍ഹിയിലെ ഉന്നത ഉദ്യോഗസ്ഥനും ഭാര്യയും അറസ്റ്റില്‍. വനിതാ ശിശു വികസന വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടറായ പ്രേമോദയ് ഖാഖ(51)യും ഗര്‍ഭഛിദ്രത്തിന് കൂട്ടുനിന്നതിന് ഭാര്യ സീമാറാണി(50)യുമാണ് അറസ്റ്റിലായത്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഉത്തരവ് പ്രകാരം ഡല്‍ഹി സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റ്. ഡല്‍ഹിയിലെ 12ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഢനത്തിനിരയായത്. 2020 ഒക്ടോബര്‍ ഒന്നിന് പിതാവിന്റെ മരണശേഷം പെണ്‍കുട്ടി പ്രതി പ്രേമദയ് ഖാഖയ്ക്കും കുടുംബത്തിനുമൊപ്പമാണ് താമസിച്ചിരുന്ന്.
പെണ്‍കുട്ടിക്ക് 14 വയസ്സുള്ളപ്പോള്‍ 2020 നവംബറിനും 2021 ജനുവരിക്കും ഇടയില്‍ പ്രതി പലതവണ ബലാല്‍സംഗം ചെയ്‌തെന്നാണ് പരാതി. തുടര്‍ച്ചയായ പീഢനം കാരണം പരിഭ്രാന്തയായ പെണ്‍കുട്ടിയെ വിശദമായ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് ഡോക്ടര്‍മാരോട് തുറന്ന് പറഞ്ഞത്. തുടര്‍ന്ന് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളില്‍ നിന്നുള്ള സംരക്ഷണ നിയമം (പോക്‌സോ) പ്രകാരം ബലാല്‍സംഗ കുറ്റം ചുമത്തി പ്രതിക്കും ഭാര്യയ്ക്കുമെതിരെ ഡല്‍ഹി പോലിസ് കേസെടുത്തു. ബലാല്‍സംഗത്തെ തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായപ്പോള്‍ ഗര്‍ഭഛിദ്രം നടത്താന്‍ മരുന്ന് നല്‍കിയെന്ന കുറ്റമാണ് ഭാര്യയ്‌ക്കെതിരേ ചുമത്തിയിരിക്കുന്നത്. പ്രതിയും ഭാര്യയും ചേര്‍ന്ന് ഗര്‍ഭം അലസിപ്പിച്ചതിനു പിന്നാലെ മാനസിക പിരിമുറുക്കം ഉണ്ടായതായി പെണ്‍കുട്ടി പറഞ്ഞു. സംഭവത്തില്‍ വൈദ്യപരിശോധന ഉള്‍പ്പെടെ നടത്തുന്നുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡിസിപി സിങ് പറഞ്ഞു.