ഡല്‍ഹിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ പുറത്താക്കി; കൂടുതല്‍ നടപടികളുണ്ടാവുമെന്ന് കെജ് രിവാളിന്റെ മുന്നറിയിപ്പ്

Update: 2023-05-11 14:18 GMT

ന്യൂഡല്‍ഹി: ഉദ്യോഗസ്ഥരുടെ നിയന്ത്രണവും നിയമനവും സംബന്ധിച്ച് സുപ്രിം കോടതിയുടെ അനുകൂല വിധിയുണ്ടായതിനു പിന്നാലെ കടുത്ത നടപടികളുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹി സര്‍ക്കാരിന്റെ സേവന വകുപ്പ് സെക്രട്ടറി ആശിഷ് മോറെ ഇന്ന് വൈകീട്ടോടെ പുറത്താക്കി. ഭരണപരമായ രംഗത്ത് കൂടുതല്‍ നടപടികളുണ്ടാവുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. പൊതുപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് വിധിക്ക് തൊട്ടുപിന്നാലെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ കെജ്‌രിവാള്‍ സൂചിപ്പിച്ചിരുന്നു. വിജിലന്‍സ് ഇനി ഞങ്ങളോടൊപ്പമുണ്ടാകും. ശരിയായി പ്രവര്‍ത്തിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരേ അച്ചടക്കനടപടികള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. 'തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള അധികാരം ഉണ്ടായിരിക്കും. ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിലൂടെ മാത്രമേ പ്രവര്‍ത്തിക്കൂ എന്നായിരുന്നു ആം ആദ്മി പാര്‍ട്ടി ട്വീറ്റ് ചെയ്തത്. ഒരു പ്യൂണിനെപ്പോലും നിയമിക്കാനോ ഒരു ഉദ്യോഗസ്ഥനെ സ്ഥലം മാറ്റാനോ തനിക്ക് കഴിയുന്നില്ലെന്ന് കെജ്‌രിവാള്‍ വര്‍ഷങ്ങളായി പരാതിപ്പെട്ടിരുന്നു. ബ്യൂറോക്രാറ്റുകള്‍ തന്റെ സര്‍ക്കാരിന്റെ ഉത്തരവുകള്‍ അനുസരിച്ചില്ല. കാരണം അവരുടെ നിയന്ത്രണ അധികാരം ആഭ്യന്തര മന്ത്രാലയമാണെന്നും അദ്ദേഹം പറഞ്ഞു. സേവനങ്ങളുടെ നടത്തിപ്പില്‍ ഡല്‍ഹി സര്‍ക്കാരിന് നിയമനിര്‍മ്മാണ, എക്‌സിക്യൂട്ടീവ് അധികാരങ്ങളുണ്ടെന്നും 'പൊതു ക്രമം, പോലിസ്, ഭൂമി' എന്നിവ മാത്രമേ അതിന്റെ അധികാരപരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളൂവെന്നുമാണ് സുപ്രിം കോടതി ഇന്ന് വ്യക്തമാക്കിയത്. ജനാധിപത്യ ഭരണത്തില്‍, ഭരണത്തിന്റെ അധികാരം തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കായിരിക്കുമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞിരുന്നു. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്ന് ഒരു വര്‍ഷത്തിനുശേഷം, 2015ല്‍ കേന്ദ്ര ഉത്തരവിലൂടെ ഡല്‍ഹിയിലെ കേന്ദ്രത്തിന്റെ പ്രതിനിധിയായ ലഫ്റ്റനന്റ് ഗവര്‍ണറുടെ നിയന്ത്രണത്തിലാണ് സര്‍വീസസ് വകുപ്പ്. സുപ്രിംകോടതി ഉത്തരവിനെ ജനാധിപത്യത്തിന്റെ വിജയമെന്നാണ് കെജ് രിവാള്‍ വിശേഷിപ്പിച്ചത്.

Tags:    

Similar News