ഉമര്‍ ഖാലിദിനെ ഒക്ടോബര്‍ 22വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു; രക്ഷിതാക്കളെ കാണാന്‍ അനുമതി
10 ദിവസത്തെ പോലിസ് കസ്റ്റഡി അവസാനിച്ചതിനെനെത്തുടര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ഖാലിദിനെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്തിന്റെ മുമ്പാകെ ഹാജരാക്കിയത്.
ന്യൂഡല്‍ഹി: ഈ വര്‍ഷം ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ അരങ്ങേറിയ മുസ്‌ലിം വിരുദ്ധ വംശീയ ആക്രമണവുമായി ബന്ധപ്പെട്ട് യുഎപി.എ നിയമപ്രകാരം അറസ്റ്റിലായ ജെഎന്‍യു മുന്‍ വിദ്യാര്‍ഥി ഉമര്‍ ഖാലിദിനെ ഒക്ടോബര്‍ 22വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 10 ദിവസത്തെ പോലിസ് കസ്റ്റഡി അവസാനിച്ചതിനെനെത്തുടര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ഖാലിദിനെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്തിന്റെ മുമ്പാകെ ഹാജരാക്കിയത്.
ആക്രമണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഖാലിദിന് ജയിലിനുള്ളില്‍ സുരക്ഷ ഏര്‍പ്പെടുത്താന്‍ ഉത്തരവിടണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ത്രിദീപ് പെയ്‌സ് കോടതിയോട് ആവശ്യപ്പെട്ടു.കണ്ണടകള്‍ ജയിലിനുള്ളില്‍ കൊണ്ടുപോകാന്‍ ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും പെയ്‌സ് കോടതിയോട് ആവശ്യപ്പെട്ടു.
അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുമായി ഉമര്‍ ഖാലിദ് നേരിട്ട് സംസാരിച്ചു. തന്റെ 10 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ താന്‍ ഒരു പേപ്പറിലും ഒപ്പിട്ടിട്ടില്ലെന്നും താന്‍ വായിച്ച് കൊണ്ടിരുന്ന പുസ്തകം ജയില്‍ കൊണ്ടുപോവാനും തന്റെ മാതാപിതാക്കളുമായി കൂടിക്കാഴ്ച നടത്താനും അനുവദിക്കണമെന്ന് ഉമര്‍ ഖാലിദ് ആവശ്യപ്പെട്ടു. തുടര്‍ന്ന് മാതാപിതാക്കളെ കാണാന്‍ കോടതി അനുമതി നല്‍കി.
സെപ്റ്റംബര്‍ 24 വരെ 10 ദിവസത്തേക്കായിരുന്നു ഉമര്‍ ഖാലിദിനെ പോലിസ് കസ്റ്റഡിയില്‍ വിട്ടത്. ഫെബ്രുവരിയില്‍ വടക്കന്‍ ഡല്‍ഹിയില്‍ നടന്ന വര്‍ഗീയ കലാപത്തിലെ ഗൂഢാലോചന ആരോപിച്ചുള്ള കേസിലാണ് യുവാവിനെ ഈ മാസം 14നാണ് അറസ്റ്റുചെയ്തത്. നേരത്തേ പോലിസ് കസ്റ്റഡിവേളയില്‍ കുടുംബത്തെ കാണാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉമര്‍ ഖാലിദ് സമര്‍പ്പിച്ച ഹരജി ഡല്‍ഹി കോടതി തള്ളിയിരുന്നു.
കലാപമുണ്ടാക്കാന്‍ ഗൂഡാലോചന നടത്തി എന്നാണ് ഉമര്‍ ഖാലിദിനുമേല്‍ ചുമത്തിയ കുറ്റം. ഡല്‍ഹി കലാപത്തിന്റെ പ്രതിപ്പട്ടികയില്‍ തന്നെ വലിച്ചിഴക്കാന്‍ പോലിസ് കള്ള സാക്ഷിമൊഴി നല്‍കാന്‍ പലരെയും നിര്‍ബന്ധിക്കുന്നതായി ആരോപിച്ച് നേരത്തെ ഉമര്‍ ഖാലിദ് ഡല്‍ഹി പോലിസ് കമീഷണര്‍ എസ് എന്‍ ശ്രീനിവാസ്തവക്ക് കത്തെഴുതിയിരുന്നു.