ജമ്മുവില്‍ മുസ്‌ലിം സ്ഥാപനങ്ങളും വീടുകളും തിരഞ്ഞുപിടിച്ച് പൊളിക്കാന്‍ ശ്രമമെന്ന് പരാതി; സംഘര്‍ഷം

'നമ്മുടെ പൂര്‍വ്വികര്‍ ഇവിടെ ജീവിക്കുകയും മരിക്കുകയും ചെയ്തിട്ടുണ്ട്. ഞങ്ങളുടെ കുട്ടികള്‍ ഇവിടെ സ്‌കൂളുകളില്‍ പോകുന്നു. പതിറ്റാണ്ടുകളായി ഞങ്ങള്‍ ഇവിടെ താമസിക്കുന്നു. ഞങ്ങള്‍ക്കെതിരായ വര്‍ഗീയ നീക്കങ്ങള്‍ എന്ത് വിലകൊടുത്തും തടയും'. പ്രദേശവാസി പറഞ്ഞു.

Update: 2021-01-23 16:27 GMT

ശ്രീനഗര്‍: കയ്യേറ്റം ഒഴിപ്പിക്കാനെന്ന പേരില്‍ ജമ്മുവില്‍ മുസ് ലിം ഭൂരിപക്ഷ മേഖലയില്‍ സ്ഥാപനങ്ങളും വീടുകളും പൊളിച്ചുനീക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചു. അധികൃതരും പ്രദേശവാസികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.

വെള്ളിയാഴ്ച രാവിലെ സുഞ്‌വാന്‍ ഗ്രാമത്തിലെ ബതിണ്ടിയില്‍ ആണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. സംഭവത്തില്‍ കണ്ടാല്‍ അറിയുന്ന നിരവധി പേര്‍ക്കെതിരേ കേസെടുത്തതായി പോലിസ് പറഞ്ഞു.

കയ്യേറ്റം ഒഴിപ്പിക്കാന്‍ ജമ്മു മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (ജെഎംസി) എന്‍ഫോഴ്‌സ്‌മെന്റ് സംഘവും പോലിസും എത്തിയതോടെ പ്രദേശവാസികള്‍ സംഘടിക്കുകയായിരുന്നു. പ്രദേശത്ത് നിരവധി സ്ഥാപനങ്ങള്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും എന്നാല്‍, മുസ് ലിം സ്ഥാപനങ്ങളും വീടുകളും തിരഞ്ഞുപിടിച്ച് പൊളിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. പോലിസ് സഹായത്തോടെ ബലം പ്രയോഗിച്ച് പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചതോടെ നാട്ടുകാര്‍ തടയുകയായിരുന്നു. ഇതോടെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. പോലിസ് നടപടിയെ നാട്ടുകാര്‍ ചെറുത്തതോടെ സംഘര്‍ഷമുണ്ടാവുകയും കല്ലേറില്‍ കലാശിക്കുകയുമായിരുന്നു.

ഏറ്റുമുട്ടലില്‍ ജെഎംസിയുടെ രണ്ട് ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഘര്‍ഷം ശക്തമായതോടെ ഒഴിപ്പിക്കല്‍ നടപടി താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി അധികൃതര്‍ അറിയിച്ചു.

അനധികൃതമായി വീടുകളും സ്ഥാപനങ്ങളും നിര്‍മിച്ച 14 പേര്‍ക്ക് കഴിഞ്ഞ ആഴ്ച്ച നോട്ടിസ് നല്‍കിയിരുന്നതായി ജെഎംസി കമ്മീഷണര്‍ അവ്‌നി ലവാസ പറഞ്ഞു.

ഏറ്റുമുട്ടലില്‍ ഒരു ഡ്രൈവര്‍ക്ക് തലയ്ക്കും മറ്റൊരാള്‍ക്ക് നെഞ്ചിലും പരിക്കേറ്റതായി ലാവാസ പറഞ്ഞു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇരുവരെയും പിന്നീട് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.

ഫറൂഖ് അബ്ദുല്ല സര്‍ക്കാരിന്റെ കാലത്തെ റോഷ്‌നി നിയമത്തിന് കീഴില്‍ നടത്തിയ ഭൂമിയുടെ ക്രയവിക്രയങ്ങള്‍ ജമ്മു കശ്മീര്‍ ഭരണകൂടം അസാധുവാക്കിയതോടെയാണ് പൊളിക്കല്‍ നടപടികള്‍ തുടങ്ങിയത്. റോഷ്‌നി നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ജമ്മു കശ്മീര്‍ ഹൈക്കോടതി അടുത്തിടെ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് നിയമം അസാധുവാക്കിയത്. കൈവശക്കാരന് ഭൂമിയുടെ ഉടമസ്ഥാവകാശം നല്‍കുന്ന നിയമമാണ് റോഷ്‌നി.

നിയമം അസാധുവാക്കിയ സാഹചര്യത്തില്‍ ഇതിന് കീഴില്‍ നല്‍കിയ ഉടമസ്ഥാവകാശം റദ്ദാക്കി ഭൂമി തിരിച്ചു പിടിക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം. ഇക്കാര്യം വ്യക്തമാക്കി

ജമ്മു കശ്മീര്‍ ലഫ്, മനോജ് സിന്‍ഹ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ജമ്മു കശ്മീര്‍ കണ്‍ട്രോള്‍ ഓഫ് ബില്‍ഡിംഗ് ഓപ്പറേഷന്‍സ് ആക്റ്റ് ലംഘിച്ചതായി ആരോപിച്ചാണ് നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കാന്‍ ശ്രമിച്ചത്. വ്യാഴാഴ്ച്ച രാത്രിയോടെ പോലിസ് സുരക്ഷയില്‍ അധികൃതര്‍ ബതിണ്ടിയിലെത്തി. യന്ത്ര സാമഗ്രികളുടെ അകമ്പടിയോടെയാണ് അധികൃതര്‍ എത്തിയത്. ജമ്മുവിലെ ഹിന്ദു ഭൂരിപക്ഷ മേഖലയിലെ മുസ് സിം സ്ഥാപനങ്ങളും വീടുകളും മാത്രം ലക്ഷ്യമിട്ടാണ് അധികൃതരുടെ നീക്കമെന്ന് പ്രദേശവാസികളില്‍ ഒരാള്‍ പറഞ്ഞതായി 'ദി വയര്‍' റിപ്പോര്‍ട്ട് ചെയ്തു. 'അവര്‍ ഞങ്ങളുടെ വീടുകള്‍ നശിപ്പിക്കുമെന്ന് ഭയപ്പെട്ടു'. ഒരു പ്രദേശവാസി പറഞ്ഞു. ഇതോടെ സ്ത്രീകളും വയോധികരുമടക്കം നൂറുകണക്കിന് പേര്‍ തെരുവിലിറങ്ങി പ്രതിരോധിച്ചു. രാത്രിയിലാണ് അധികൃതര്‍ പൊളിക്കാനെത്തിയത്. അവര്‍ക്ക് പകല്‍ വരാമായിരുന്നു. ഞങ്ങള്‍ ഭീതിയിലാണ് ഇവിടെ കഴിയുന്നത്. ബതിണ്ടി നിവാസിയായ അബ്ദുള്‍ റാഷിദ് ഫോണിലൂടെ പറഞ്ഞു.

ജമ്മു കശ്മീരിലെ ഹിന്ദു ഭൂരിപക്ഷ പ്രദേശമാണെങ്കിലും ബത്തിണ്ടിയില്‍ അടുത്ത കാലത്തായി അതിവേഗ നഗരവത്കരണമാണ് നടക്കുന്നത്. കശ്മീര്‍ താഴ്‌വര, ചെനാബ്, പിര്‍ പഞ്ജല്‍ മേഖലകളില്‍ നിന്നുള്ള നിരവധി മുസ്‌ലിം കുടുംബങ്ങള്‍ ബതിണ്ടിയില്‍ വീടുകള്‍ വാങ്ങിയിട്ടുണ്ട്.

കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ജമ്മു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സഞ്ജ്‌വാനിലെയും മറ്റ് മുസ്‌ലിം പ്രദേശങ്ങളിലെയും മുസ് ലിം സ്വത്തുക്കള്‍ തിരഞ്ഞുപിടിച്ച് പൊളിച്ചുനീക്കുന്നതെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. റോഷ്‌നി നിയമം റദ്ദാക്കിയതിന് ശേഷം ജമ്മുവിലെ ഹിന്ദു ഭൂരിപക്ഷ മേഖലയില്‍ ബിജെപിയുടെ നേതൃത്വത്തില്‍ വര്‍ഗീയ ധ്രുവീകരണ ശ്രമം ആരംഭിച്ചിരുന്നു. ജമ്മുവില്‍ മുസ് ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ ബിജെപി യുവജന വിഭാഗം അടുത്തിടെ നിരവധി പ്രകടനങ്ങള്‍ നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് പൊളിക്കല്‍ നീക്കമെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.

ജമ്മുവില്‍ എല്ലായിടത്തും നിയമവിരുദ്ധമായ കയ്യേറ്റങ്ങളുണ്ട്. എന്തുകൊണ്ടാണ് ഞങ്ങളെ ഭരണകൂടം ഒറ്റപ്പെടുത്തുന്നത്? തങ്ങളുടെ മത വിശ്വാസം നോക്കിയാണോ സര്‍ക്കാര്‍ നടപടി? ' പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ബതിണ്ടിയിലെ മറ്റൊരു പ്രദേശവാസി പറഞ്ഞു.

'നമ്മുടെ പൂര്‍വ്വികര്‍ ഇവിടെ ജീവിക്കുകയും മരിക്കുകയും ചെയ്തിട്ടുണ്ട്. ഞങ്ങളുടെ കുട്ടികള്‍ ഇവിടെ സ്‌കൂളുകളില്‍ പോകുന്നു. പതിറ്റാണ്ടുകളായി ഞങ്ങള്‍ ഇവിടെ താമസിക്കുന്നു. ഞങ്ങള്‍ക്കെതിരായ വര്‍ഗീയ നീക്കങ്ങള്‍ എന്ത് വിലകൊടുത്തും തടയും'. പ്രദേശവാസി പറഞ്ഞു.

Tags:    

Similar News