കാംപസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറിയുടെ അറസ്റ്റ്; വീട്ടില്‍ നിന്ന് ഒന്നും കണ്ടെത്താനായില്ലെന്ന് ഇഡി എഴുതി നല്‍കി
റഊഫ് ഷെരീഫിനെ എറണാകുളം ഇഡി ഓഫിസിലേക്കാണ് കൊണ്ട് പോയിരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു.
തിരുവനന്തപുരം: എന്‍ഫോര്‍സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി)തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത കാംപസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി റഊഫ് ഷെരീഫിന്റെ വീട്ടില്‍ നിന്നും ഒന്നും കണ്ടെത്താനായില്ലെന്ന് ഇഡി എഴുതി നല്‍കി. ജോലിയുടെ ഭാഗമായി മസ്‌കറ്റിലേക്ക് പോവുകയായിരുന്ന റഊഫ് ഷെരീഫിനെ രാവിലെ ഏഴോടെയാണ് എമിഗ്രേഷന്‍ വിഭാഗത്തില്‍ തടഞ്ഞുവച്ചത്. തുടര്‍ന്ന ഇഡി എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഉച്ചയോടെ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നും റഊഫിന്റെ കൊല്ലം അഞ്ചലിലുള്ള വീട്ടിലേക്ക് കൊണ്ട് വന്നു. തുടര്‍ന്ന് ഇഡി ഉദ്യോഗസ്ഥര്‍ വീട്ടില്‍ പരിശോധന നടത്തുകയായിരുന്നു. ഏറെ നേരം വീട്ടില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇത് എഴുതി നല്‍കിയാണ് ഇഡി മടങ്ങിയത്.
റഊഫ് ഷെരീഫിനെ എറണാകുളം ഇഡി ഓഫിസിലേക്കാണ് കൊണ്ട് പോയിരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു. ഇഡി പരിശോധന നടക്കുന്നതിനിടെ റഊഫിന്റെ വീടിന് മുന്നില്‍ കാംപസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം അരങ്ങേറി. ഇഡി ആര്‍എസ്എസ്സിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.
കൊല്ലം അഞ്ചലിലുള്ള റഊഫിന്റെ വീടിന് മുന്നിലും കരുനാഗപ്പിള്ളിയിലും പ്രവര്‍ത്തകര്‍ സംഘടിച്ചു. ഇഡിയുടെ നടപടിക്കെതിരേ രാജ്യവ്യാപകമായ പ്രക്ഷോഭത്തിന് കാംപസ് ഫ്രണ്ട് ആഹ്വാനം ചെയ്തു. അറസ്റ്റ് വിവരം പുറത്ത് വന്ന ഉടനെ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.
ഇഡി നടപടി അതിരു കടന്നതാണെന്ന് കാംപസ് ഫ്രണ്ട് ദേശീയ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ഇഡി സംഘപരിവാറിന്റെ ചട്ടുകമായി മാറിയെന്നാണ് വ്യക്തമാവുന്നത്.
ഇ ഡി യെ മുന്‍നിര്‍ത്തി ആര്‍എസ്എസ് നടത്തുന്ന പ്രതികാര നടപടികള്‍ അതിര് കടന്നിരിക്കുന്നു. സര്‍ക്കാര്‍ ഏജന്‍സികള്‍ സംഘപരിവാറിന്റെ കൂലിക്കാരായി വേഷം കെട്ടി ഇറങ്ങുന്നത് തടയാന്‍ രാജ്യസ്‌നേഹികള്‍ക്ക് ബാധ്യതയുണ്ട്. സിഎഎ എന്‍ആര്‍സി വിരുദ്ധ പ്രക്ഷോഭത്തില്‍ മുന്‍ നിരയിലുണ്ടായിരുന്ന വിദ്യാര്‍ത്ഥി നേതാവാണിദ്ദേഹം. പൗരത്വ നിയമം വീണ്ടും കെട്ടി എഴുന്നള്ളിക്കാനുള്ള നീക്കങ്ങളെ എന്ത് വില കൊടുത്തും തടയണമെന്നും ദേശീയ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.