എഡിജിപി തൃശൂരില്‍ ആര്‍എസ്എസ് നേതാവിനെ കണ്ടതില്‍ സംശയം പ്രകടിപ്പിച്ച് ഡിജിപി

അടച്ചിട്ട മുറിയില്‍ ഇരുവരും സംസാരിച്ചത് എന്താണെന്ന കാര്യത്തില്‍ വ്യക്തതയില്ല.

Update: 2024-10-15 08:25 GMT

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ ഡിജിപി നടത്തിയ അന്വേഷണത്തിന്റെ റിപോര്‍ട്ട് പുറത്ത്. ആര്‍എസ്എസ് നേതാവുമായി എഡിജിപി കൂടിക്കാഴ്ച്ച നടത്തിയത് എന്തിനാണെന്ന് വ്യക്തമല്ലെന്ന് റിപോര്‍ട്ട് പറയുന്നു. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളയെ തൃശൂരില്‍ വെച്ച് കണ്ടതില്‍ ചില സംശയങ്ങളുണ്ട്. സന്ദര്‍ശനം വ്യക്തിപരമാണെങ്കിലും അടച്ചിട്ട മുറിയില്‍ ഇരുവരും സംസാരിച്ചത് എന്താണെന്ന കാര്യത്തില്‍ വ്യക്തതയില്ല.

ദത്താത്രേയ ഹൊസബാളയെ കണ്ടതുമായി ബന്ധപ്പെട്ട് അജിത് കുമാറിന്റെ വിശദീകരണം റിപ്പോര്‍ട്ടിലുണ്ട്. 2023 ഏപ്രിലില്‍ തൃശൂരില്‍ വെച്ച് ആര്‍എസ്എസ് നേതാവ് ജയകുമാറാണ് ഈ സന്ദര്‍ശനത്തിന് വഴിയൊരുക്കിയത്. താന്‍ അങ്ങോട്ട് കാണാന്‍ താല്‍പര്യപ്പെടുകയായിരുന്നെന്നും വേറെയും രാഷ്ട്രീയ, സാമൂഹിക നേതാക്കളെ താന്‍ സന്ദര്‍ശിക്കാറുണ്ടെന്നും ഇത് തന്റെ ജോലിക്ക് സഹായകരമാണെന്നും മൊഴിയില്‍ പറയുന്നു.

ഡിജിപിയാകാനോ പ്രസിഡന്റിന്റെ പോലീസ് മെഡല്‍ ലഭിക്കാനോ ആണ് അജിത് കുമാര്‍ ആര്‍എസ്എസ് നേതാവിനെ കണ്ടെന്ന ആരോപണമുണ്ടെങ്കിലും റിപോര്‍ട്ടില്‍ ഡിജിപി ഇത് ശരിവെക്കുകയോ തള്ളുകയോ ചെയ്യുന്നില്ല. എന്നാല്‍, ഈ ആരോപണം ശരിയാണെങ്കില്‍ അത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് റിപോര്‍ട്ട് പറയുന്നു.

എഡിജിപിക്ക് എതിരെ നടന്ന രണ്ട് അന്വേഷണങ്ങളുടെ റിപോര്‍ടുകളാണ് മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ വച്ചത്. ആര്‍എസ്എസ് നേതാവിനെ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട് ഡിജിപി നടത്തിയ അന്വേഷണത്തിന്റെയും പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിന്റെയും റിപോര്‍ട്ടുകളാണ് ഇവ.

ആര്‍എസ്എസ് നേതാക്കളെ അജിത് കുമാര്‍ രണ്ട് തവണ കണ്ടതിനെ കുറിച്ച് റിപോര്‍ട്ടില്‍ പറയുന്നുണ്ട്. രാം മാധവിനെ തിരുവനന്തപുരത്ത് വെച്ച് കണ്ടതില്‍ അസ്വഭാവികതയില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നുണ്ട്. ഒരു വേദിയില്‍ ഒന്നിച്ച് എത്തിയപ്പോഴാണ് ഇവര്‍ കണ്ടതെന്നും ഇതില്‍ ദുരുദ്ദേശമില്ലെന്നും റിപോര്‍ട്ട് വ്യക്തമാക്കി.

Tags:    

Similar News