കോഴിക്കോട്: വ്യത്യസ്ത ഇടവേളകളിലായി കൂട്ട കൊലപാതകം നടന്ന കൂടത്തായി പൊന്നാമറ്റം വീട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇന്ന് സന്ദര്‍ശിക്കും. വടകര റൂറല്‍ എസ്പി ഓഫിസിലെത്തി വിവരങ്ങള്‍ ശേഖരിക്കുകയും അന്വേഷണപുരോഗതി വിലയിരുത്തുകയും ചെയ്ത ശേഷമായിരിക്കും വീട് സന്ദര്‍ശിക്കുക. വെള്ളിയാഴ്ച പ്രതി ജോളിയെ കൊണ്ടുവന്ന് നടത്തിയ തളിവെടുപ്പില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ന് പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുമെന്നാണു സൂചന. ഡിജിപിയുടെ സാനിധ്യത്തിലായിരിക്കും ചോദ്യം ചെയ്യലെന്നാണു വിവരം. മുഖ്യപ്രതി ജോളിയെ ഇന്നലെ കൂടത്തായിലും കോടഞ്ചേരിയിലും എന്‍ഐടി പരിസരത്തുമെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. അന്നമ്മയും ടോം തോമസും റോയി തോമസും മരണപ്പെട്ട കൂടത്തായിലെ പൊന്നാമറ്റം വീട്ടിലാണ് ആദ്യം എത്തിച്ചത്.
പിന്നീട് മരിച്ച മാത്യുവിന്റെ വീട്ടിലും ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെയും വീടുകളിലെത്തിച്ചു. ഇതിനുശേഷമാണ് എന്‍ഐടി കാന്റീനിലും പരിസരത്തെ പള്ളിയിലും തെളിവെടുപ്പിനു കൊണ്ടുവന്നത്.