ജാര്‍ഖണ്ഡില്‍ ജഡ്ജി കൊല്ലപ്പെട്ട സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു
ധന്‍ബാദ്: ജാര്‍ഖണ്ഡില്‍ ജഡ്ജി കൊല്ലപ്പെട്ട സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു. ജസ്റ്റിസ് ഉത്തം ആനന്ദിന്റെ മരണം തലയ്‌ക്കേറ്റ പരിക്ക് മൂലമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. 'ഉരച്ചിലിന്റെ രൂപത്തില്‍ മൂന്ന് മുറിവുകളും ഏഴ് ആന്തരിക പരിക്കുകളുമാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. മൂര്‍ച്ചയേറിയ വസ്തുവില്‍ തട്ടിയുള്ളതാണ് മുറിവുകളെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ധന്‍ബാദ് ജില്ലയിലെ അഡിഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോര്‍ട്ടില്‍ ജഡ്ജിയായിരുന്ന ഉത്തം ആനന്ദിനെ ഓട്ടോറിക്ഷ ഇടിച്ചാണ് കൊലപ്പെടുത്തിയത്. ജൂലൈ 28ന് പതിവ് പ്രഭാത സവാരിക്കിറങ്ങിയ ജസ്റ്റിസ് ആനന്ദിനെ ഒരു ഓട്ടോ പിന്നില്‍ നിന്ന് വന്നിടിച്ചിടുകയായിരുന്നു. ജഡ്ജിയെ ബോധപൂര്‍വ്വം ഇടിച്ചതാണെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പിന്നാലെ പുറത്ത് വന്നു.
കൊലപാതകത്തില്‍ ഉള്‍പ്പെട്ട രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. ലഖന്‍കുമാര്‍ വര്‍മ, രാഹുല്‍ വര്‍മ എന്നിവരാണ് അറസ്റ്റിലായത്. കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനം പിടിച്ചെടുത്തിരുന്നു.
ജഡ്ജി കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം സിബിഐക്ക് കൈമാറിയിട്ടുണ്ട്. സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ജാര്‍ഖണ്ഡ് ഹൈക്കോടതി അംഗീകരിച്ചു. അന്വേഷണം ഏറ്റെടുക്കാന്‍ സിബിഐക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
തലക്ക് പരിക്കേറ്റ് റോഡരുകില്‍ കിടന്ന ജഡ്ജിയെ വഴിപോക്കര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് മണിക്കുറിന് ശേഷം മരിച്ചു. ഹൈക്കോടതിയും പിന്നാലെ സുപ്രീംകോടതിയും സംഭവത്തില്‍ സ്വമേധയാ കേസെടുത്തു. ഇതിന് പിന്നാലെ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ എസ്‌ഐടി അന്വേഷണം പ്രഖ്യാപിക്കുകയും ഓട്ടോ ഡ്രൈവറടക്കം പലരെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
രാജ്യത്ത് ഏറ്റവും അധികം കല്‍ക്കരി ഖനികള്‍ ഉള്ള പ്രദേശമാണ് ജാര്‍ഖണ്ഡിലെ ധന്‍ബാദ്. കല്‍ക്കരി മാഫിയ ഗുണ്ടാസംഘങ്ങള്‍ക്കെതിരെ അടുത്തകാലത്ത് ഒരു കേസില്‍ ജഡ്ജി ഇറക്കിയ ഉത്തരവുമായി സംഭവത്തിന് ബന്ധമുണ്ടോയെന്ന് സംശയിക്കുന്നുണ്ട്.