പാര്‍ട്ടി കോണ്‍ഗ്രസില്‍ നിങ്ങളാരെങ്കിലും നരേന്ദ്ര മോദിയെന്നോ അമിത് ഷായെന്നോ ബിജെപിയെന്നോ കേട്ടോ?: മഞ്ഞളാംകുഴി അലി

‌കമ്മ്യൂണിസ്റ്റുകള്‍ ഇങ്ങനെ കലുഷിതമാവരുതായിരുന്നു. അന്തര്‍ധാര സജീവമാണെങ്കിലും മാര്‍ക്സിസ്റ്റുകള്‍ റാഡിക്കലായി ഇങ്ങനെ മാറരുതായിരുന്നു.

Update: 2022-04-11 09:52 GMT

കോഴിക്കോട്: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസുകളുടെ ലക്ഷ്യം കോണ്‍ഗ്രസ് പാര്‍ട്ടിയെന്ന് മഞ്ഞളാംകുഴി അലി എംഎല്‍എ. കോണ്‍ഗ്രസിനെ എങ്ങനെ ഇല്ലാതാക്കാമെന്നാണ് ഓരോ മൂന്നുവര്‍ഷത്തിലും കൂടുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കണ്ണൂരില്‍ നടന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ നിങ്ങളാരെങ്കിലും നരേന്ദ്ര മോദിയെന്നോ അമിത് ഷായെന്നോ ബിജെപിയെന്നോ കേട്ടോ എന്ന് മഞ്ഞളാംകുഴി അലി ചോദിച്ചു.

‌'കമ്മ്യൂണിസ്റ്റുകള്‍ ഇങ്ങനെ കലുഷിതമാവരുതായിരുന്നു. അന്തര്‍ധാര സജീവമാണെങ്കിലും മാര്‍ക്സിസ്റ്റുകള്‍ റാഡിക്കലായി ഇങ്ങനെ മാറരുതായിരുന്നു. കോണ്‍ഗ്രസിനെ തുടച്ചുനീക്കാനുള്ള തീരുമാനത്തിന്റെ ആവര്‍ത്തനത്തിന് 'ലാല്‍സലാം..' ഹല്ലാതെന്തു പറയാന്‍!' അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

എല്ലാ പാര്‍ട്ടി കോണ്‍ഗ്രസുകളുടെയും ലക്ഷ്യം കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. ആ പാര്‍ട്ടിയെ എങ്ങനെ ഇല്ലാതാക്കാമെന്നതാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്തും ഇപ്പോള്‍ പ്രതിപക്ഷത്തിരിക്കുമ്പോഴും ശത്രു കോണ്‍ഗ്രസ്. അതു ചര്‍ച്ച ചെയ്യാനായി ഓരോ മൂന്നുവര്‍ഷത്തിലും പാര്‍ട്ടി കോണ്‍ഗ്രസ്.

സത്യത്തില്‍ സിപിഎം നിലപാടിന്റെ ലോജിക്ക് എന്താണ്? കോണ്‍ഗ്രസിനെ കൂട്ടേണ്ടതില്ല. എന്നാല്‍ കോണ്‍ഗ്രസിനോളം വലുപ്പമുണ്ടോ? പോട്ടെ, പകുതി? അതുമില്ല. ക്ഷയിച്ചെങ്കിലും ഏതുനാട്ടിലും നാലാളുള്ള പാര്‍ട്ടി തന്നെയാണ് കോണ്‍ഗ്രസ്. സിപിഎമ്മിന്റെ കേരളത്തിലെ ജനപ്രതിനിധികളൊഴികെ ബാക്കി സംസ്ഥാനങ്ങളിലെയും ജനപ്രതിനിധികള്‍ കോണ്‍ഗ്രസിന്റെ വോട്ടുകൂടി വാങ്ങി ജയിച്ചവരാണ്. എന്നാലും കോണ്‍​ഗ്രസിനെ കൂടെ കൂട്ടരുത്!

കോണ്‍ഗ്രസ് വിരോധത്തിന്റെ ഉള്ളറിയാത്തവരാണോ സഖാക്കള്‍? കേരളത്തില്‍ തുടര്‍ഭരണത്തിന് ഒരു താങ്ങുവേണം. ഒരു സഹായം. അത് ബിജെപി നല്‍കും. വേറെ എവിടെയെങ്കിലും ഭറണത്തിലെത്താന്‍ ഒരു സാധ്യതയുമില്ലാത്ത സ്ഥിതിക്ക് കേരളത്തില്‍ ഇതാണ് നയം. പകരമായി ബിജെപിക്ക് എന്തുംനല്‍കും. കോണ്‍ഗ്രസിനെ തുടച്ചുനീക്കാന്‍ പണിയെടുക്കും. കോണ്‍ഗ്രസിനോടുള്ള ശത്രുത ആവര്‍ത്തിക്കും. ഡല്‍ഹിയില്‍നിന്ന് പറയുന്നതൊക്കെ കേരളത്തിലെത്തിയാല്‍ യെച്ചൂരി മറക്കും. ഇല്ലെങ്കില്‍ പണിപോവും. ബിജെപിയുടെ ലക്ഷ്യം കേരളത്തിലെങ്കിലും വേഗത്തില്‍ സാധ്യമാക്കിക്കൊടുക്കാനുള്ള തീവ്രശ്രമത്തിലാണ് ബുദ്ധിജീവികള്‍. കോണ്‍ഗ്രസ് തിരിച്ചുവന്നാല്‍ കേരളത്തിലും പൊടിപോലുമുണ്ടാവില്ലല്ലോ. 1996 ലെ ചരിത്രപരമായ ആ വിഢ്ഢിത്ത തീരുമാനം നേതൃത്വത്തിന്റെ മാത്രമായിരുന്നുവെങ്കില്‍ പിന്നീടിങ്ങോട്ടുള്ള കാലത്തെ കോണ്‍ഗ്രസ് വിരോധമെന്ന പമ്പര വിഢ്ഢിത്തം കേരള ഘടകത്തിന്റെതായിരുന്നു. അതിനെ വിഢ്ഢിത്തമെന്നല്ല പറയേണ്ടത്. അതൊരു സൂത്രവാക്യമാണ്. ബിജെപിയെ സഹായിച്ച് കേരളത്തില്‍ കസേര ഉറപ്പിക്കാനുള്ള ഒന്നാന്തരം സമവാക്യം. കണ്ണൂരില്‍ നിന്ന് നിങ്ങളാരെങ്കിലും നരേന്ദ്ര മോദി എന്നൊരു വാക്കു കേട്ടോ? അമിത് ഷാ എന്ന് കേട്ടോ? പോട്ടെ, ബി ജെ പി ? ഒന്നുമില്ല. കമ്മ്യൂണിസ്റ്റുകള്‍ ഇങ്ങനെ കലുഷിതമാവരുതായിരുന്നു. അന്തര്‍ധാര സജീവമാണെങ്കിലും മാര്‍ക്സിസ്റ്റുകള്‍ റാഡിക്കലായി ഇങ്ങനെ മാറരുതായിരുന്നു. കോണ്‍ഗ്രസിനെ തുടച്ചുനീക്കാനുള്ള തീരുമാനത്തിന്റെ ആവര്‍ത്തനത്തിന് 'ലാല്‍സലാം..'

ഹല്ലാതെന്തു പറയാന്‍!

Similar News