'താനെന്തൊരു വൃത്തികെട്ടവന്‍ ആണെടോ വിഷ പ്പേ'; പാലാ ബിഷപ്പിനെതിരേ രൂക്ഷ വിമര്‍ശനവുമായി ജിയോ ബേബി
കോഴിക്കോട്: കേരളത്തില്‍ നാര്‍ക്കോട്ടിക് ജിഹാദ് നടക്കുന്നുണ്ടെന്ന പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങോട്ടിന്റെ ആരോപണത്തെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ ജിയോ ബേബി. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ജിയോബേബി ബിഷപ്പിനെതിരേ പ്രതികരിച്ചത്. 'വായില്‍ തോന്നുന്നത് അങ്ങ് വിളിച്ചു പറയുവാണ്. താനെന്തൊരു വൃത്തികെട്ടവന്‍ ആണെടോ വിഷ പ്പേ' എന്നാണ് ജിയോ ബേബി ഫേസ്ബുക്കില്‍ എഴുതിയത്.
കേരളത്തില്‍ ലവ് ജിഹാദിനൊപ്പം നര്‍ക്കോട്ടിക് ജിഹാദുമുണ്ടെന്ന ആരോപണമാണ് പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉന്നയിച്ചത്. നര്‍കോട്ടിക്, ലവ് ജിഹാദുകള്‍ക്ക് കത്തോലിക്ക പെണ്‍കുട്ടികളെ ഇരയാക്കുന്നുവെന്നും ഇതിനെതിരെ കത്തോലിക്ക കുടുംബങ്ങള്‍ കരുതിയിരിക്കണമെന്നും ബിഷപ്പ് വചന സന്ദേശത്തില്‍ പറഞ്ഞിരുന്നു.
കുറവിലങ്ങാട് പള്ളിയുടെ യുട്യൂബ് ചാനലിലൂടെയാണ് ബിഷപ്പിന്റെ പ്രസംഗം പുറത്തുവന്നത്. ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണ്. ഇത്തരക്കാര്‍ക്ക് നിക്ഷിപ്ത താല്‍പര്യം ഉണ്ട്. ഇതര മതസ്ഥരായ യുവതികള്‍ ഐ.എസ് ക്യാംപില്‍ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ മനസിലാകും.
വര്‍ഗീയതയും വിദ്വേഷവും വെറുപ്പും മതസ്പര്‍ധയും അസഹിഷ്ണുതയും വളര്‍ത്താന്‍ ശ്രമിക്കുന്ന ജിഹാദി തീവ്രവാദികള്‍ ലോകമെമ്പാടും ഉണ്ട്. ഇതിനെതിരെ കത്തോലിക്ക കുടുംബങ്ങള്‍ കരുതിയിരിക്കണമെന്നും ബിഷപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ജിഹാദിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളില്‍ ഇത്തരം മാര്‍ഗങ്ങളാണ് ഉപയോഗിക്കുന്നത് എന്നിങ്ങനെയാണ് ബിഷപ്പ് ആരോപിച്ചത്. ബിഷപ്പിന്റെ വര്‍ഗീയ പ്രസംഗത്തിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വര്‍ഗീയ ധ്രൂവീകരണത്തിന് ശ്രമിച്ച ബിഷപ്പിനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ മുസ് ലിം സംഘടനകള്‍ രംഗത്തെത്തി. ബിഷപ്പിനെതിരേ കെസുടക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകളും വ്യക്തികളും പരാതി നല്‍കിയിട്ടുണ്ട്.