കെഎസ്ഇബിയിലെ തര്‍ക്കം; പ്രശ്‌നപരിഹാരത്തിന് സമര സമിതിയുമായി ഇന്ന് ചര്‍ച്ച
എകെജി സെന്ററില്‍ കഴിഞ്ഞ ദിവസം നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് ശേഷം കെഎസ്ഇബിയിലെ തര്‍ക്കം തീര്‍ക്കാന്‍ ഫോര്‍മുലയായെന്നാണ് വൈദ്യുതി മന്ത്രി കൃഷ്ണന്‍ കുട്ടി പറഞ്ഞത്.
തിരുവനന്തപുരം: കെഎസ്ഇബി തര്‍ക്കത്തില്‍ സമര സമിതിയുമായി ഇന്ന് വൈദ്യുതി മന്ത്രി ചര്‍ച്ച നടത്തും. വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി ഉച്ചയ്ക്ക് 12.30നാണ് സമരസമിതി പ്രതിനിധികളുമായി ചര്‍ച്ച നടത്തുക. ട്രേഡ് യൂണിയനുകള്‍ക്ക് കൂടി സ്വീകാര്യമായ ഒരു ധാരണയിലേക്കെത്താന്‍ മുന്നണി തല യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
എകെജി സെന്ററില്‍ കഴിഞ്ഞ ദിവസം നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് ശേഷം കെഎസ്ഇബിയിലെ തര്‍ക്കം തീര്‍ക്കാന്‍ ഫോര്‍മുലയായെന്നാണ് വൈദ്യുതി മന്ത്രി കൃഷ്ണന്‍ കുട്ടി പറഞ്ഞത്. എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, വൈദ്യുതി മന്ത്രി കൃഷ്ണന്‍ കുട്ടി, മുന്‍ വൈദ്യുതി മന്ത്രി എം എം മണി എന്നിവരാണ് എകെജി സെന്ററില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചകളില്‍ പങ്കെടുത്തത്.
ഇടത് യൂണിയനുകള്‍ സമരമവസാനിപ്പിക്കാന്‍ തയ്യാറാവും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ടെന്നും വൈദ്യുതി മന്ത്രി വ്യക്തമാക്കി. നീതിയുടെ കൂടെ നില്‍ക്കുന്നവര്‍ക്കൊപ്പമാണ് താന്‍ എന്നും ചെയര്‍മാന്‍ തെറ്റായി എന്തെങ്കിലും ചെയ്തതായി അറിയില്ലെന്നും വൈദ്യുതി മന്ത്രി പറഞ്ഞു. എല്ലാ പ്രശ്‌നങ്ങള്‍ക്കും ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്തുമെന്നും ജീവനക്കാര്‍ക്ക് ചില ആശങ്കയുണ്ടെന്നും അതൊക്കെ വൈകാതെ പരിഹരിക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന്‍ പ്രതികരിച്ചു.
അതേസമയം കരാറുകള്‍ റദ്ദാക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശത്തെ പരിഹസിച്ച് മുന്‍ മന്ത്രി എം എം മണി രംഗത്ത് എത്തി. ഹൈഡല്‍ ടൂറിസത്തിന് ഭൂമി നല്‍കിയത് നിയമാനുസൃതമായിട്ടാണെന്നും രാജക്കാട് സൊസൈറ്റിക്ക് നല്‍കിയതും നിയമപ്രകാരമാണെന്നും മണി പറഞ്ഞു. കെഎസ്ഇബി ചെയര്‍മാന്‍ തുടരണമോയെന്ന് വൈദ്യുതമന്ത്രിയോട് ചോദിക്കൂവെന്നും അശോക് സെക്രട്ടറിയായിരുന്നപ്പോഴാണ് പാട്ടക്കരാറില്‍ ഭൂമി നല്‍കിയതെന്നും എം എം മണി പറഞ്ഞു.
അതേസമയം, കെഎസ്ഇബി അഴിമതി ആരോപണത്തില്‍ മുന്‍ വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണിക്കെതിരെ വീണ്ടും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തെത്തി. കെ എസ് ഇ ബി ഭൂമി കൈമാറ്റത്തിലൂടെ മുന്‍ വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണിയുടെ ബന്ധുക്കള്‍ക്കും ഭൂമി ലഭിച്ചിട്ടുണ്ടെന്നും അത് തെളിയിക്കുന്ന രേഖകളുണ്ടെന്നും സതീശന്‍ ആരോപിച്ചു.