പാലാരിവട്ടം പാലം നിര്‍മാണം ഡിഎംആര്‍സി ഏറ്റെടുക്കും: മന്ത്രി ജി സുധാകരന്‍

Update: 2020-09-24 16:26 GMT
തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലത്തിന്റെ പുനര്‍നിര്‍മാണം ഡിഎംആര്‍സി ഏറ്റെടുക്കുമെന്നും ഇക്കാര്യത്തില്‍ സമ്മതം അറിയിച്ചുകൊണ്ട് മെട്രോമാന്‍ ഇ ശ്രീധരന്റെ കത്ത് ലഭിച്ചതായും മന്ത്രി ജി സുധാകരന്‍. മുഖ്യമന്ത്രിയും ഞാനും ഫോണ്‍ മുഖാന്തിരം അദ്ദേഹവുമായി ആശയ വിനിമയം നടത്തിയപ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും വിശ്രമ ജീവിതം ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും അതിനാല്‍ പാലം നിര്‍മ്മാണം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ആലോചിച്ച് മറുപടി പറയാമെന്നും ഇ ശ്രീധരന്‍ അറിയിച്ചിരുന്നു. പിന്നീട് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അഭ്യര്‍ഥന മാനിച്ച് പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം ഫോണ്‍ മുഖാന്തിരം അറിയിക്കുകയായിരുന്നു. ഇന്ന് പാലം നിര്‍മാണം ഏറ്റെടുക്കുന്നതിന് സമ്മതം അറിയിച്ചുകൊണ്ടുള്ള ഔദ്യോഗികമായ കത്ത് ലഭിച്ചു. പാലം പുനര്‍നിര്‍മാണത്തിനായി വിവിധ പ്രവൃത്തികള്‍ നടപ്പാക്കുാനായി സര്‍ക്കാര്‍ ഡിപ്പോസിറ്റ് ചെയ്ത തുകയുടെ ബാക്കി നില്‍പ്പായ തുക ചെലവഴിച്ച് ഡിഎംആര്‍സി തന്നെ നിര്‍മാണ പ്രവര്‍ത്തനം ഏറ്റെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി മേല്‍പ്പാല നിര്‍മാണം ഉടന്‍ ആരംഭിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് ആര്‍ബിഡിസികെയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

    ഇ ശ്രീധരന്റെയും ഡിഎംആര്‍സിയുടെയും സമര്‍ത്ഥ നേതൃത്വത്തില്‍ കേരളത്തിലെ ഏറ്റവും ഗതാഗത സാന്ദ്രതയുള്ള സ്ഥലത്ത് ഉയരുന്ന പുനര്‍നിര്‍മിക്കപ്പെടുന്ന പാലാരിവട്ടം പാലം എട്ട്, ഒമ്പത് മാസങ്ങള്‍ കൊണ്ട് പൂര്‍ത്തിയാവുമെന്നും യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാവുമെന്നും വിശ്വസിക്കപ്പെടുന്നു. സംസ്ഥാന സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യതയില്ലാതെയാണ് ഡിഎംആര്‍സി നിര്‍മാണം ഏറ്റെടുത്ത് നടത്തുന്നത്. ആധുനിക കേരളത്തിലെ ഏറ്റവും വലിയ എന്‍ജിനീയറിങ് ദുരന്തം എന്‍ജിനീയറിങ് വിസ്മയമാവാന്‍ അധിക നാളുകളില്ലെന്നും മന്ത്രി ജി സുധാകരന്‍ വ്യക്തമാക്കി.

DMRC to take over construction of Palarivattom bridge: Minister G Sudhakaran



Tags:    

Similar News