പാലാരിവട്ടം അഴിമതിക്കേസ്: ചോദ്യംചെയ്യലിന് ഹാജരാവാന്‍ ഇബ്രാഹിംകുഞ്ഞിന് വിജിലന്‍സിന്റെ നോട്ടീസ്

ശനിയാഴ്ച രാവിലെ 11 ന് ചോദ്യംചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ടാണ് അദ്ദേഹത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. പൂജപ്പുരയിലുള്ള വിജിലന്‍സ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ഒന്നിന്റെ ഓഫിസില്‍ ഹാജരാവാനാണ് നിര്‍ദേശം.

Update: 2020-02-12 15:03 GMT

തിരുവനന്തപുരം: പാലാരിവട്ടം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ ചോദ്യംചെയ്യുന്നതിന് വിജിലന്‍സ് നോട്ടീസ് നല്‍കി. ശനിയാഴ്ച രാവിലെ 11 ന് ചോദ്യംചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ടാണ് അദ്ദേഹത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. പൂജപ്പുരയിലുള്ള വിജിലന്‍സ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ഒന്നിന്റെ ഓഫിസില്‍ ഹാജരാവാനാണ് നിര്‍ദേശം. ഇബ്രാഹിംകുഞ്ഞിനെ ചോദ്യംചെയ്യാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞയാഴ്ച അനുമതി നല്‍കിയിരുന്നു. കേസിലെ വിവിധ രേഖകളുടെ പരിശോധന ഇതിനകം വിജിലന്‍സ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഗവര്‍ണര്‍ അനുമതി നല്‍കിയ ശേഷമുള്ള ചോദ്യംചെയ്യലിന് വേണ്ടിയാണ് ഇബ്രാഹിംകുഞ്ഞിനോട് ഹാജരാവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇബ്രാഹിം കുഞ്ഞിനെ ചോദ്യംചെയ്യാന്‍ അനുമതി തേടി നാലുമാസം മുമ്പാണ് ഗവര്‍ണര്‍ക്ക് വിജിലന്‍സ് അപേക്ഷ സമര്‍പ്പിച്ചത്. വിജിലന്‍സ് ഡിവൈഎസ്പി ശ്യാംകുമാറാണ് കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.

അറസ്റ്റുണ്ടാവുമോ എന്നകാര്യത്തില്‍ ചോദ്യംചെയ്യലിന്റെ അടിസ്ഥാനത്തിലാവും വിജിലന്‍സ് തീരുമാനമെടുക്കുക. പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തില്‍ കരാറിന് വിരുദ്ധമായി 8.25 കോടി രൂപ കരാര്‍ കമ്പനിയായ ആര്‍ഡിഎസ് പ്രോജക്ടിന് അനുവദിച്ചതിലും അതിന് പലിശ ഇളവ് അനുവദിക്കാന്‍ നിര്‍ദേശിച്ചതിലും ഇബ്രാഹിംകുഞ്ഞിന് വ്യക്തമായ പങ്കുണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. കേസില്‍ അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ്, കരാര്‍ കമ്പനി ഉടമ സുമിത് ഗോയല്‍ അടക്കമുള്ളവരുടെ മൊഴികളും, പൊതുമരാമത്ത് മന്ത്രി ആയിരിക്കെ ഇബ്രാഹിംകുഞ്ഞ് ഒപ്പിട്ടയച്ച ഫയലുകളുമാണ് തെളിവായി വിജിലന്‍സ് ശേഖരിച്ചിട്ടുള്ളത്. നിലവിലെ തെളിവുകള്‍ അനുസരിച്ച് മന്ത്രിയെ അഴിമതിക്കേസില്‍ പ്രതി ചേര്‍ക്കാമെന്നാണ് വിജിലന്‍സ് പറയുന്നത്. 

Tags:    

Similar News