സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ഡിഎന്‍എ ദിനപത്രം അച്ചടിനിര്‍ത്തുന്നു
ഡിഎന്‍എ പത്രത്തിന്റെ അവസാന പതിപ്പ് വ്യാഴാഴ്ച മുംബൈയില്‍ നിന്നും അഹമ്മദാബാദില്‍ നിന്നും പുറത്തിറങ്ങുമെന്നാണ് സീ ഗ്രൂപ്പിന്റെ കുറിപ്പിലുള്ളത്.
ന്യൂഡല്‍ഹി: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി കാരണം 'സീ' ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഡിഎന്‍എ പത്രം അച്ചടി നിര്‍ത്തുന്നു. ഒക്ടോബര്‍ 10നു അച്ചടി നിര്‍ത്തുമെന്നാണ് മാനേജ്‌മെന്റ് അറിയിച്ചത്. ഡിഎന്‍എ പത്രത്തിന്റെ അവസാന പതിപ്പ് വ്യാഴാഴ്ച മുംബൈയില്‍ നിന്നും അഹമ്മദാബാദില്‍ നിന്നും പുറത്തിറങ്ങുമെന്നാണ് സീ ഗ്രൂപ്പിന്റെ കുറിപ്പിലുള്ളത്. ഡല്‍ഹിയില്‍ നിന്നും മറ്റു ചില കേന്ദ്രങ്ങളില്‍ നിന്നുമുള്ള അച്ചടി നേരത്തേ നിര്‍ത്തലാക്കിയിരുന്നു. സീ ഗ്രൂപ്പിനെ നയിക്കുന്ന ചന്ദ്ര കുടുംബം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുകയാണെന്നും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന മാധ്യമവിപണിയില്‍, പ്രിന്റിനും ഡിജിറ്റലിനുമിടയിലെ രേഖ നേര്‍ത്തതാണെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. ഞങ്ങളുടെ വായനക്കാര്‍, പ്രത്യേകിച്ച് പുതുതലമുറ, പത്രത്തിനു പകരം അവരുടെ മൊബൈല്‍ ഫോണുകളെയാണ് വാര്‍ത്തകള്‍ വായിക്കാന്‍ കൂടുതല്‍ ആശ്രയിക്കുന്നത്. അതിനാല്‍ ഞങ്ങളല്ല, മാധ്യമം മാത്രമാണ് മാറുന്നതെന്നും എഡിറ്ററുടെ പേരിലുള്ള കുറിപ്പില്‍ വ്യക്തമാക്കുന്നു. പുതിയതും വെല്ലുവിളി നിറഞ്ഞതുമായ ഘട്ടത്തില്‍ ഡിഎന്‍എ ഡിജിറ്റല്‍ മേഖലയിലേക്ക് തിരിയുകയാണെന്നും വായനക്കാരുടെ പിന്തുണ അഭ്യര്‍ഥിക്കുന്നുവെന്നും കുറിപ്പിലുണ്ട്.
ഡിഎന്‍എ ഇനി ഒരു വെബ് പോര്‍ട്ടലായി തുടരും. വീഡിയോ അടിസ്ഥാനമാക്കിയുള്ള കൂടുതല്‍ വാര്‍ത്തകള്‍ വായനക്കാരിലേക്ക് എത്തിക്കാന്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. മൊബൈല്‍ ആപ്ലിക്കേഷന്‍ ഉടന്‍ ആരംഭിക്കും. പത്രത്തിന്റെ ദീര്‍ഘകാല വരിക്കാര്‍ക്ക് പണം തിരികെ ലഭിക്കുമെന്നും അറിയിപ്പില്‍ വ്യക്തമാക്കി. ഈവര്‍ഷം മാത്രം അച്ചടി നിര്‍ത്തുന്ന മൂന്നാമത്തെ പത്രമാണ് ഡിഎന്‍എ. ഡെക്കാന്‍ ക്രോണിക്കിള്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഫിനാന്‍ഷ്യല്‍ ക്രോണിക്കിള്‍ ഈ വര്‍ഷം ആദ്യം നിര്‍ത്തിയിരുന്നു. ന്യൂസ് വീക്ക് തുടങ്ങിയ ആഗോളതലത്തില്‍ അറിയപ്പെടുന്ന മാഗസിനുകളും അച്ചടി നിര്‍ത്തി ഡിജിറ്റല്‍ രൂപത്തിലേക്ക് മാറുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു.