ഒടിഞ്ഞത് ഇടതുകാല്‍; വലതുകാലില്‍ ശസ്ത്രക്രിയ നടത്തി ഡോക്ടര്‍
യുപിയിലെ സുല്‍ത്താന്‍പൂരിലാണ് സംഭവം
സുല്‍ത്താന്‍പൂര്‍(യുപി): ഇടതുകാല്‍ ഒടിഞ്ഞ വയോധികയുടെ വലതുകാലില്‍ ശസ്ത്രക്രിയ നടത്തി ഡോക്ടര്‍. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരിലെ ആശുപത്രിയിലാണ് സംഭവം. കന്‍ഹാലി പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ഭുയ്‌ല ദേവിക്കാണ് ദുരവസ്ഥയുണ്ടായതെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. വീണ് കാല്‍ ഒടിഞ്ഞെന്ന സംശയത്തെ തുടര്‍ന്നാണ് ഇവരെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചത്. എക്‌സ് റേ എടുത്തപ്പോള്‍ ഇടതുകാല്‍ ഒടിഞ്ഞെന്നു സ്ഥിരീകരിച്ചു.
തുടര്‍ന്ന് ശസ്ത്രക്രിയയാണ് ഏക പരിഹാര മാര്‍ഗമെന്ന് ഡോക്ടര്‍ പി കെ പാണ്ഡെ അറിയിച്ചു. വീട്ടുകാര്‍ കൂടിയാലോചിച്ച് ഡോക്ടറുടെ ഉപദേശം പിന്തുടരാന്‍ തീരുമാനിച്ചു. അങ്ങനെ ഓപ്പറേഷന്‍ തീയ്യറ്ററിലേക്ക് കൊണ്ടുപോയ ഭുയ്‌ല ദേവിയെ നടപടികള്‍ പൂര്‍ത്തിയാക്കി വാര്‍ഡിലേക്ക് കൊണ്ടുവന്നു. ശസ്ത്രക്രിയ വിജയമായിരുന്നുവെന്ന് ഡോക്ടര്‍ കുടുംബത്തെ അറിയിച്ചു. എന്നാല്‍, വലതുകാലില്‍ ബാന്‍ഡേജ് കണ്ടപ്പോഴാണ് വീട്ടുകാര്‍ ഞെട്ടിയത്. ഭുയ്‌ല ദേവിക്ക് ബോധം വന്നപ്പോള്‍ ശസ്ത്രക്രിയ തെറ്റിയ കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.
ഇതോടെ കുടുംബക്കാര്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് ഭുയ്‌ല ദേവിയെ വീണ്ടും ഓപ്പറേഷന്‍ തീയ്യറ്ററില്‍ കൊണ്ടുപോയി ഇടതുകാലില്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. സംഭവം പുറം ലോകം അറിഞ്ഞതോടെ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഡോ. പി കെ പാണ്ഡെ ഇതിനകം സ്ഥലം വിട്ടിരുന്നു. സംഭവത്തില്‍ ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.