ഗാര്‍ഹിക പീഡനക്കേസുകളില്‍ കൂടുതല്‍ പേരെ പ്രതിയാക്കുന്നതില്‍ ജാഗ്രത വേണം: സുപ്രിംകോടതി
നിരവധി പേരെ പ്രതികളാക്കുന്നത് വലിയ സാമൂഹിക പ്രത്യാഘാതം ഉണ്ടാക്കുമെന്നും ജസ്റ്റിസുമാരായ സി ടി രവികുമാര്‍, സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
ന്യൂഡല്‍ഹി: ഗാര്‍ഹിക പീഡനക്കേസുകളില്‍ കൂടുതല്‍ പേരെ പ്രതികളാക്കുന്ന പ്രവണതയെ കുറിച്ച് ജാഗ്രത വേണമെന്ന് സുപ്രിംകോടതി. പീഡനപരാതികള്‍ വലിച്ചുനീട്ടി നിരവധി പേരെ പ്രതികളാക്കുന്നത് വലിയ സാമൂഹിക പ്രത്യാഘാതം ഉണ്ടാക്കുമെന്നും ജസ്റ്റിസുമാരായ സി ടി രവികുമാര്‍, സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
സ്ത്രീധനം ചോദിച്ചതിനെ തുടര്‍ന്ന് യുവതി മരിച്ചുവെന്ന കേസില്‍ ഭര്‍ത്താവിന്റെ ബന്ധുക്കളെ മുഴുവന്‍ പ്രതിചേര്‍ത്ത ഒരു കേസ് പരിഗണിക്കുമ്പോഴാണ് കോടതി ഈ നിര്‍ദേശം നല്‍കിയത്. ഈ കേസില്‍ ഭര്‍ത്താവിന്റെ മൂത്ത സഹോദരനെ കീഴ്‌ക്കോടതി ശിക്ഷിച്ചിരുന്നു. ഇയാളെ വെറുതെവിട്ടുകൊണ്ടുള്ള വിധിയിലാണ് ഈ നിരീക്ഷണം. സ്ത്രീധനം ചോദിച്ചുവെന്നു പറയുന്ന കാലത്ത് പ്രതി നാട്ടില്‍ പോലുമുണ്ടായിരുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്ഥലത്തില്ലാത്ത ആള്‍, വീട്ടിലേക്ക് വിളിക്കാത്ത ആള്‍ എങ്ങനെയാണ് അനിയന്റെ ഭാര്യയെ സ്ത്രീധനം ചോദിച്ച് പീഡിപ്പിക്കുകയെന്നും കോടതി ചോദിച്ചു.