ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാക്കളുടെ തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള പരാമര്‍ശങ്ങളും ചില വാക്കുകളും നീക്കി. ദൂരദര്‍ശനിലും ഓള്‍ ഇന്ത്യ റേഡിയോയിലും നടത്തിയ പ്രസംഗത്തിലാണ് നടപടി. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജി.ദേവരാജന്‍ തുടങ്ങിയവരുടെ പ്രസംഗങ്ങളിലാണു നടപടി സ്വീകരിച്ചത്.
'വര്‍ഗീയ സര്‍ക്കാര്‍', 'കാടന്‍ നിയമങ്ങള്‍', 'മുസ്‌ലിം' തുടങ്ങിയ പരാമര്‍ശങ്ങളാണ് ഒഴിവാക്കിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരമാണ് നടപടിയെന്നാണ് വിശദീകരണം. നേതാക്കളുടെ പ്രസംഗം റിക്കോര്‍ഡ് ചെയ്യുന്നതിന് മുന്‍പാണ് വാക്കുകള്‍ ഒഴിവാക്കണമെന്നു ദൂരദര്‍ശന്‍ ആവശ്യപ്പെട്ടത്. 'വര്‍ഗീയ സ്വേച്ഛാധിപത്യ ഭരണം' എന്ന വാക്കും യെച്ചൂരിയോട് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടു.
''വിചിത്രമെന്നു പറയട്ടെ, എന്റെ പ്രസംഗത്തിന്റെ ഹിന്ദി പതിപ്പില്‍ അവര്‍ ഒരു തെറ്റും കണ്ടെത്തിയില്ല. അത് യഥാര്‍ഥ ഇംഗ്ലിഷിന്റെ വിവര്‍ത്തനം മാത്രമായിരുന്നു. എന്നാല്‍ അവരുടെ നിര്‍ദേശപ്രകാരം ഇംഗ്ലിഷ് പതിപ്പ് പരിഷ്‌കരിച്ചു'' സീതാറാം യെച്ചൂരി പറഞ്ഞു. വിവാദമായ പൗരത്വ ഭേദഗതി നിയമത്തിലെ (സിഎഎ) വിവേചനപരമായ വകുപ്പുകളെ പരാമര്‍ശിക്കുന്ന ഒരു വരി തന്റെ പ്രസംഗത്തില്‍ ഉണ്ടായിരുന്നുവെന്ന് ജി.ജേവരാജന്‍ പറഞ്ഞു.
''മുസ്‌ലിം എന്ന വാക്ക് നീക്കം ചെയ്യണമെന്ന് അവര്‍ എന്നോട് പറഞ്ഞു. പൗരത്വത്തിന് അര്‍ഹതയുള്ള മറ്റെല്ലാ ന്യൂനപക്ഷ സമുദായങ്ങളെയും നിയമത്തില്‍ പരാമര്‍ശിക്കുന്നതിനാല്‍ മുസ്ലിംകളോടുള്ള വിവേചനം തുറന്നുകാട്ടാന്‍ ഈ വാക്ക് ഉപയോഗിക്കണമെന്ന് ഞാന്‍ പറഞ്ഞു. പക്ഷേ എന്നെ അനുവദിച്ചില്ല '' ദേവരാജന്‍ വ്യക്തമാക്കി.