ഇരട്ടക്കൊല: പാലക്കാട്ട് സര്‍വ്വകക്ഷി യോഗം നാളെ; ബിജെപി പങ്കെടുക്കും
പോപുലര്‍ ഫ്രണ്ട് സര്‍വ്വകക്ഷി യോഗത്തതില്‍ പങ്കെടുക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാല്‍, ബിജെപി തീരുമാനമെടുത്തിരുന്നില്ല.
പാലക്കാട്: പാലക്കാട് ഇരട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ ബിജെപി പങ്കെടുക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍, ജില്ലാ അധ്യക്ഷന്‍ കെ എം ഹരിദാസ് എന്നിവരായിരിക്കും യോഗത്തില്‍ പങ്കെടുക്കുക.പോപുലര്‍ ഫ്രണ്ട് സര്‍വ്വകക്ഷി യോഗത്തതില്‍ പങ്കെടുക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാല്‍, ബിജെപി തീരുമാനമെടുത്തിരുന്നില്ല. നാളെ വൈകീട്ട് മൂന്നിന് മന്ത്രി കെ കൃഷ്ണന്‍ കുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം. വേണ്ടിവന്നാല്‍ അക്രമികളെ അടിച്ചമര്‍ത്താന്‍ പോലിസിന് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.
ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ രണ്ട് രാഷ്ട്രീയകൊലപാതകങ്ങളാണ് പാലക്കാട് നടന്നത്. നിരോധനാജ്ഞ പ്രഖ്യാപിച്ചും കൂടുതല്‍ പോലിസ് വിന്യാസം നടത്തിയും ക്രമസമാധാന നില പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് സര്‍വ്വകക്ഷി യോഗം വിളിച്ച് സംഘര്‍ഷത്തിന് അയവ് വരുത്താനുള്ള സര്‍ക്കാര്‍ നീക്കം. നാളെ ജില്ലാ കളക്ടറേറ്റിലാണ് യോഗം.
അതേസമയം, പാര്‍ട്ടികള്‍ ഹാജരാക്കുന്നവരെയോ ഭാരവാഹികളെയോ പ്രതികളാക്കി കേസ് അവസാനിപ്പിക്കില്ലെന്നാണ് എഡിജിപി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതത പോലിസ് ഉദ്യോഗസ്ഥരുടെ യോഗ തീരുമാനം.
കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളികളായവരയും ഗൂഡാലോചന നടത്തിയവരെക്കുറിച്ചും സൂചനയുണ്ട്. എന്നാല്‍, കസ്റ്റഡിയിലുള്ളവര്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കാളിത്തമുണ്ടോ എന്ന് ഇതുവരെ ഉറപ്പാക്കാന്‍ ആയിട്ടില്ല. എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈര്‍ വധ കേസില്‍ നാലു പേരാണ് കസ്റ്റഡിയിലുള്ളത്. കൊലപാതകം നടക്കുമ്പോള്‍ ഇവര്‍ പരിസരത്ത് ഉണ്ടായിരുന്നു എന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ കാറുകളിലെത്തി കൊലപാതകം നടത്തിയവര്‍ ഇവരാണോ എന്ന് ഉറപ്പിച്ചാല്‍ മാത്രമാകും അറസ്റ്റ്. ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതക കേസിലും ചിലര്‍ കസ്റ്റഡിയിലുണ്ട്.
രണ്ട് കൊലപാതക കേസുകളും രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്.