മതം മാറാന്‍ നിര്‍ബന്ധിച്ച് സഹോദരി ഭര്‍ത്താവിന് മര്‍ദ്ദനം; പ്രതി ഡോ. ഡാനിഷ് പിടിയില്‍
ഊട്ടിയിലെ ഒരു റിസോര്‍ട്ടില്‍ നിന്നാണ് ഡാനിഷ് പിടിയിലായത്. പ്രതിയെ ഇന്നോ നാളെയോ തിരുവനന്തപുരത്ത് എത്തിച്ചേക്കും.
തിരുവനന്തപുരം: ചിറയിന്‍കീഴില്‍ മതം മാറാന്‍ ആവശ്യപ്പെട്ട് സഹോദരി ഭര്‍ത്താവിനെ മര്‍ദ്ദിച്ചെന്ന കേസില്‍ പ്രതി ഡോ.ഡാനിഷ് പിടിയിലായി. സഹോദരിഭര്‍ത്താവ് മിഥുനെ മര്‍ദിച്ചതിനു പിന്നാലെ ഡാനിഷ് ഒളിവില്‍ പോയിരുന്നു.കേസിലെ ഏക പ്രതിയാണ് ഡാനിഷ്. ഊട്ടിയിലെ ഒരു റിസോര്‍ട്ടില്‍ നിന്നാണ് ഡാനിഷ് പിടിയിലായത്. പ്രതിയെ ഇന്നോ നാളെയോ തിരുവനന്തപുരത്ത് എത്തിച്ചേക്കും.
മതംമാറാന്‍ കൂട്ടാക്കത്തതിനാണ് ദീപ്തിയുടെ മുന്നില്‍ വച്ച് ഭര്‍ത്താവ് മിഥുനെ ഡാനിഷ് ക്രൂമായി മര്‍ദ്ദിച്ചത്. മിഥുന്‍ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്.
കഴിഞ്ഞ ആഴ്ചയാണ് ലാറ്റിന്‍കത്തോലിക്ക വിഭാഗത്തില്‍പ്പെട്ട ദീപ്തിയും ഹിന്ദു തണ്ടാര്‍ വിഭാഗത്തില്‍പ്പെട്ട മിഥുനും വിവാഹിതരായത്. ഒക്ടോബര്‍ 29ന് ബോണക്കാട് വെച്ചായിരുന്നു വിവാഹം. എന്നാല്‍ ദീപ്തിയുടെ വീട്ടുകാര്‍ വിവാഹത്തെ എതിര്‍ത്തു. പള്ളിയില്‍ നിന്ന് വിവാഹം കഴിക്കുന്നത് സംബന്ധിച്ച് സംസാരിക്കാനായി വരണമെന്ന് പറഞ്ഞാണ് ഡാനിഷ് സഹോദരിയെയും ഭര്‍ത്താവിനെയും വിളിച്ചു വരുത്തിയത്. മതം മാറണമെന്നുമായിരുന്നു ആവശ്യം ഇത് എതിര്‍ത്തതോടെ വീട്ടിലെത്തി അമ്മയെ കണ്ട് പോകാന്‍ ഡാനിഷ് ഇരുവരോടും ആവശ്യപ്പെട്ടു. പിന്നീടായിരുന്നു മര്‍ദ്ദനം.
ഒക്ടോബര്‍ 31ന് തന്നെ ദീപ്തി ചിറയിന്‍കീഴ് പോലിസില്‍ പരാതി നല്‍കിയെങ്കിലും കേസ് എടുക്കുകയോ പ്രതിയെ പിടിക്കുകയോ ചെയ്തില്ല. മര്‍ദ്ദനത്തില്‍ പുറമേയ്ക്ക് കാണാവുന്ന മുറിവുകള്‍ മിഥുനുണ്ടായിരുന്നില്ല. ഇത് കൊണ്ട് കാര്യമായ പരിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ അനുമാനിക്കുകയും ചെയ്തു. വടി കൊണ്ട് തലയ്‌ക്കേറ്റ അടിയില്‍ മിഥുന്റെ പരിക്ക് ഗുരുതരമാണ്.
മിഥുനെ ആശുപത്രിയിലാക്കി പിറ്റേ ദിവസമാണ് ദീപ്തിയും കുടുംബവും ഡാനിഷിനെതിരേ പരാതി രേഖാമൂലം പോലിസിന് നല്‍കുന്നത്. അന്നു ഡാനിഷ് തിരുവനന്തപുരത്ത് ഉണ്ടായിരുന്നെങ്കിലും കേസെടുത്ത പോലിസ് മൊഴി എടുക്കാനോ ഇയാളെ കസ്റ്റഡിയിലെടുക്കാനോ തയ്യാറായിരുന്നില്ല.